കഴിഞ്ഞ സീസണിലായിരുന്നു അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസി സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയില്‍ നിന്നും ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിലേക്ക് എത്തിയത്. എന്നാല്‍ താരം ഭാവിയില്‍ ബാഴ്‌സയില്‍ തന്നെ തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നു.
ബാഴ്‌സയില്‍ തന്നെ റിട്ടയര്‍ ചെയ്യാനാണ് തനിക്ക് ഇഷ്ടം എന്നാണ് മെസി പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ പി.എസ്.ജി മെസിയുമായുള്ള കരാര്‍ നീട്ടാനുള്ള പുറപ്പാടിലാണ്.
ലയണല്‍ മെസിക്ക് കരാര്‍ നീട്ടാനുള്ള ഓഫര്‍ പി.എസ്.ജി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷം മാത്രം കരാര്‍ ബാക്കിയുള്ള താരത്തിന്റെ കരാര്‍ മറ്റൊരു വര്‍ഷത്തേക്കു കൂടി നീട്ടാനുള്ള ഓഫറാണ് പി.എസ്ജി നല്‍കാന്‍ തയ്യാറെടുക്കുന്നത്. താരത്തിന് മുന്നില്‍ ഓഫര്‍ ഔദ്യോഗികമായി സമര്‍പ്പിച്ചിട്ടില്ലെങ്കിലും അതിനുള്ള തയ്യാറെടുപ്പിലാണ് പി.എസ്.ജിയെന്ന് സ്പാനിഷ് മാധ്യമം മാര്‍ക്ക വെളിപ്പെടുത്തുന്നു.
മെസിയുടെ പി.എസ്.ജി കരാര്‍ പ്രകാരം ക്ലബ്ബിനും താരത്തിനും കോണ്ട്രാക്റ്റ് നീട്ടാനുള്ള അവകാശമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് സത്യമല്ലെന്ന് മാര്‍ക്കയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കരാര്‍ നീട്ടുന്ന കാര്യത്തില്‍ അവസാന തീരുമാനം എടുക്കാനുള്ള അവകാശം ലയണല്‍ മെസിക്കു മാത്രമായിരിക്കും.
എന്നാല്‍ താരം ഇപ്പോള്‍ കരാര്‍ നീട്ടുമോ എന്ന് ഉറപ്പില്ലാത്ത കാര്യമാണ്. ഈ വര്‍ഷം നടക്കുന്ന ഖത്തര്‍ ലോകകപ്പ് കഴിഞ്ഞായരിക്കും അദ്ദേഹം ഭാവിയെ കുറച്ചാലോചിക്കുക.
പി.എസ്.ജിയില്‍ കഴിഞ്ഞ സമ്മറില്‍ എത്തിയ മെസി കരിയറിലെ തന്നെ മോശം സീസണാണ് പൂര്‍ത്തിയാക്കിയത്. ടീമിനോട് ഇണങ്ങിച്ചേരാനുള്ള ബുദ്ധിമുട്ടും പരിക്കുകളും കാരണം നിരവധി മത്സരങ്ങള്‍ നഷ്ടമായ താരത്തിന് തന്റെ മികച്ച ഫോം കണ്ടെത്താന്‍ കഴിഞ്ഞതുമില്ല. പിഎസ്ജിയില്‍ എത്തിയതിന് ശേഷം മെസിക്ക് തുടര്‍ച്ചയായി കളിക്കാന്‍ കഴിഞ്ഞിട്ടുള്ളത് പത്ത് മത്സരങ്ങളില്‍ മാത്രമാണ്.
അവധിദിവസങ്ങളില്‍ നിന്നും ഒരാഴ്ച വെട്ടിച്ചുരുക്കിയ ലയണല്‍ മെസി നിലവില്‍ പി.എസ്.ജി ടീമിനൊപ്പം പരിശീലനത്തിലാണ്. സീസണില്‍ പി.എസ്.ജിയുടെ ആദ്യത്തെ മത്സരം ജൂലൈ 31ന് നാന്റസിനെതിരെയാണ്. ഫ്രഞ്ച് സൂപ്പര്‍കപ്പ് കിരീടത്തിനു വേണ്ടി രണ്ടു ടീമുകളും ഏറ്റുമുട്ടി ഒരാഴ്ച്ചക്കു ശേഷം ലീഗ് വണ്ണും ആരംഭിക്കും.
Content Highlights: Psg to offer contract for Messi