| Saturday, 27th August 2022, 3:53 pm

നെയ്മറിന്റെ രാത്രി സഞ്ചാരങ്ങള്‍ ഇതോടെ തീരണം, താരത്തിന് പിന്നാലെ ടീമിന്റെ കഴുകന്‍ കണ്ണുകള്‍; നടപടികള്‍ കടുപ്പിക്കാനൊരുങ്ങി പി.എസ്.ജി

സ്പോര്‍ട്സ് ഡെസ്‌ക്

പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ നിയമങ്ങള്‍ മാറ്റിയെഴുതാനൊരുങ്ങി ടീം മാനേജ്‌മെന്റ്. ഇത്രയും നാള്‍ ഉണ്ടായിരുന്ന എല്ലാ നിയമങ്ങളും പൊളിച്ചെഴുതാനും പുതിയ നിയമങ്ങള്‍ ആവിഷ്‌കരിക്കാനും ക്ലബ്ബ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പി.എസ്.ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനാവും പുതിയ നിയമങ്ങള്‍ കാരണം ഏറ്റവുമധികം പണി കിട്ടാന്‍ പോവുന്നത്. നെയ്മറിന്റെ രാത്രിയാത്രകള്‍ക്കും നിശാ ക്ലബ്ബിലെ പാര്‍ട്ടികള്‍ക്കും ഇതോടെ പിടിവീഴും.

സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ലൂയീസ് കാംപോസും പ്രധാന പരിശീലകന്‍ ക്രിസ്റ്റഫര്‍ ഗാള്‍ട്ടിയറും പുതിയ നിയമങ്ങളും നടപടികളും കര്‍ശനമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പി.എസ്.ജി താരങ്ങള്‍ സ്ഥിരമായി കറങ്ങാറുള്ള സ്ഥലങ്ങളെ കുറിച്ചും നിശാ ക്ലബ്ബുകളെ കുറിച്ചും മാനേജ്‌മെന്റ് ഇതിനോടകം തന്നെ അന്വേഷണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

കിസ്റ്റഫര്‍ ഗാള്‍ട്ടിയര്‍

പി.എസ്.ജിയില്‍ നടപ്പിലാക്കുന്ന നിയമങ്ങളില്‍ വീഴ്ച വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി നെയ്മറും കൂട്ടാളികളും ഇനി ക്ലബ്ബിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ടീമിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്താനായിട്ടാണ് പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതെന്നാണ് ക്ലബ്ബിന്റെ വിശദീകരണം.

ഇതുപ്രകാരം താരങ്ങള്‍ പ്രാക്ടീസിന് നേരത്തെ തന്നെ ഹാജകരാകണം, ഡൈനിങ് റൂമില്‍ സെല്‍ഫോണ്‍ ഉപയോഗിക്കരുത്, ലഞ്ചും ഡിന്നറും എല്ലാവരും ഒരുമിച്ചുതന്നെ കഴിക്കണം തുടങ്ങിയ നിയമങ്ങളും നടപ്പിലാക്കുന്നുണ്ട്.

ഈ നിയമങ്ങള്‍ ടീമില്‍ പൊട്ടിത്തെറിയുണ്ടാക്കുമോ എന്നതാണ് ഇനി നോക്കേണ്ടത്.

നേരത്തെ, താരങ്ങള്‍ തമ്മിലുള്ള ഈഗോ ക്ലാഷുകളായിരുന്നു പി.എസ്.ജി നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളി. താനാണ് ടീമിലെ ഏറ്റവും വലിയവനെന്നുള്ള എംബാപ്പെയുടെ ഭാവവും, താരത്തിന്റെ ചെയ്തികള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ സീനിയര്‍ താരങ്ങള്‍ തയ്യാറാവാതെ വന്നപ്പോള്‍ പി.എസ്.ജി പുകയുന്ന അഗ്നിപര്‍വതം പോലെയായിരുന്നു.

ലീഗ് വണ്ണിലെ രണ്ടാം മത്സരത്തില്‍ ഗ്രൗണ്ടില്‍ വെച്ച് ഒരിക്കല്‍ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. പെനാല്‍ട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് നെയ്മറും എംബാപ്പെയും തമ്മിലുണ്ടായ തര്‍ക്കം ഡ്രസ്സിങ് റൂമില്‍ വരയെത്തിയെന്നും അവസാനം റാംമോസ് ഇടപെട്ട് പിടിച്ചുമാറ്റുകയും ചെയ്തതാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ടീമിലെ ഈ അസ്വാരസ്യങ്ങള്‍ ഗാള്‍ട്ടിയറിന് സൃഷ്ടിച്ച തലവേദന ചില്ലറയല്ല.

എന്നാല്‍, കഴിഞ്ഞ മത്സരത്തില്‍ പി.എസ്.ജി എന്നത് താരങ്ങളുടെ വെറുമൊരു കൂട്ടമല്ല, മറിച്ച് ഒരു ടീം ആണെന്ന് വ്യക്തമാക്കുന്ന പ്രകടനമായിരുന്നു കണ്ടത്. ഗോളടിച്ചും അടിപ്പിച്ചും ടീമിന്റെ മുന്നേറ്റ നിര ഒറ്റക്കെട്ടായപ്പോള്‍ വിജയം പി.എസ്.ജിക്കൊപ്പം നിന്നു. വിജയത്തേക്കാളുപരി താരങ്ങള്‍ തമ്മിലുള്ള ഐക്യമായിരുന്നു ആരാധകര്‍ ആഘോഷമാക്കിയത്.

വരും ദിവസങ്ങളില്‍ ഇത് തുടരുമെന്നും, പി.എസ്.ജി കപ്പുയര്‍ത്തുമെന്നുതന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: PSG to impose new rules and regulation for players

We use cookies to give you the best possible experience. Learn more