| Thursday, 8th September 2022, 3:24 pm

മെസിയും റൊണാള്‍യും എന്റെ മനസിലെ വിഗ്രഹങ്ങള്‍, അവര്‍ ചെയ്യുന്നത് പോലെയൊക്കെ ചെയ്യാന്‍ ഏറെ ആഗ്രഹം: നെയ്മര്‍

സ്പോര്‍ട്സ് ഡെസ്‌ക്

തന്റെ ആരാധനാപാത്രങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. മെസിയും റൊണാള്‍ഡോയുമാണ് തന്റെ ‘ഐഡലു’കളെന്നും അവരുടെ ഫുട്‌ബോള്‍ വീഡിയോകള്‍ യൂട്യൂബില്‍ കാണാറുണ്ടെന്നും നെയ്മര്‍ പറഞ്ഞു.

മെസിക്കൊപ്പം ഏറെ നാള്‍ കളിച്ചതും ഒരിടവേളക്ക് ശേഷം ഇപ്പോഴും കളി തുടരുകയും ചെയ്യുന്ന താരമാണ് നെയ്മര്‍. 2013 മുതല്‍ 2017 വരെ ബാഴ്‌സയിലായിരുന്ന കാലത്തും ഇപ്പോള്‍ പി.എസ്.ജിയിലും താരം മെസിക്കൊപ്പം കളിച്ചിരുന്നു.

ആക്രമണനിരയില്‍ എക്കാലത്തേയും മികച്ച ട്രയോസ് മെസിയും നെയ്മറും ഉള്‍പ്പെട്ടതായിരുന്നു. ബാഴ്‌സയില്‍ സുവാരസിനൊപ്പവും ഇപ്പോള്‍ പി.എസ്.ജിയില്‍ എംബാപ്പെക്കൊപ്പവും ഇവര്‍ എതിരാളികളുടെ ഗോള്‍വല നിറക്കുന്നത് ശീലമാക്കിയവരാണ്.

എന്നാല്‍ സ്പാനിഷ് ലീഗില്‍ കളിക്കുമ്പോള്‍ റൊണാള്‍ഡോ നേര്‍ക്കുനേര്‍ മുട്ടിയതല്ലാതെ ഇരുവര്‍ക്കും ഒരു ടീമില്‍ ചേര്‍ന്ന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

ഡാസന്‍ സ്‌പോര്‍ടിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നെയ്മര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.

‘ഞാന്‍ യൂട്യൂബില്‍ മറ്റ് താരങ്ങളുടെയെല്ലാം കളികള്‍ കാണാറുണ്ട്. കൂടുതലും ബ്രസീലിയന്‍ താരങ്ങളുടേതും മെസി, ക്രിസ്റ്റ്യാനോ എന്നിവരുടേതുമാണ്. അത് കാരണം അവര്‍ എന്റെ ആരാധനാപാത്രങ്ങളാണ്.

അവര്‍ ചെയ്യുന്നത് പോലെ കാര്യങ്ങള്‍ ചെയ്യാന്‍ ഏറെ ആഗ്രഹിച്ചിട്ടുണ്ട്. എല്ലാത്തിലുമുപരി ഞാന്‍ അവര്‍ക്കൊപ്പം കളിച്ചിട്ടുമുണ്ട്,’ താരം പറയുന്നു.

അതേസമയം, മെസിക്കൊപ്പം മികച്ച പ്രകടനമാണ് താരം പി.എസ്.ജിയില്‍ നടത്തുന്നത്. ഗോളടിച്ചും അടിപ്പിച്ചും നെയ്മര്‍ പി.എസ്.ജിയില്‍ തകര്‍ത്തുകളിക്കുകയാണ്.

മെസിക്കൊപ്പം നല്ല രീതിയില്‍ കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യാന്‍ സാധിക്കുന്നെങ്കിലും മുന്നേറ്റ നിരയിലെ സൂപ്പര്‍ താരമായ എംബാപ്പെക്കൊപ്പം അത്ര മികച്ച ബന്ധമല്ല നെയ്മറിനുള്ളത്.

പി.എസ്.ജിയില്‍ മെസിയേക്കാളും നെയ്മറിനേക്കാളും മികച്ചവന്‍ താനാണെന്നുള്ള എംബാപ്പെയുടെ ഈഗോയാണ് ഇവര്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് കാരണം.

ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും എംബാപ്പെയുടെ ഈഗോയും സെല്‍ഫിഷ്‌നെസ്സും കാരണം പി.എസ്.ജിക്ക് ഒരു ഗോള്‍ നഷ്ടമായിരുന്നു.

എംബാപ്പെയുടെ ഈ സെല്‍ഫിഷ്നെസ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നുണ്ട്.

എംബാപ്പെയും നെയ്മറും തമ്മിലുള്ള ബന്ധം അത്ര നല്ല രീതിയിലല്ലെന്നും ചില അസ്വാരസ്യങ്ങളുണ്ടെന്നും നിരവധി റിപ്പോര്‍ട്ടുകളും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. സമ്മര്‍ ട്രാന്‍സ്ഫര്‍ നടക്കുമ്പോള്‍ നെയ്മറെ ക്ലബില്‍ നിന്നും പുറത്താക്കാനുള്ള ശ്രമം എംബാപ്പെ നടത്തുന്നുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വരും മത്സരങ്ങളില്‍ ഇതെല്ലാം മാറ്റിവെച്ച് പി.എസ്.ജി ഒരു ടീം എന്ന നിലയില്‍ കൂടുതല്‍ പൊരുത്തപ്പെട്ടുപോകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight:  PSG superstar Neymar says he loves watching YouTube videos of Lionel Messi and Cristiano Ronaldo

We use cookies to give you the best possible experience. Learn more