ഫ്രഞ്ച് ടോപ്പ് ടയര്‍ ലീഗായ ലീഗ് വണ്ണില്‍ പാരീസ് ക്ലബ്ബായ പി.എസ്.ജി.
മികച്ച വിജയം സ്വന്തമാക്കിയെങ്കിലും തങ്ങളുടെ സൂപ്പര്‍ താരം നെയ്മറിന് പരിക്കേറ്റത് ടീമിന് വിനയായിരിക്കുകയാണ്.
രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മറിന് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നത്. മത്സരത്തിന്റെ 51ാം മിനിറ്റില്‍ ലോസ്‌ക ലില്ലിയുടെ താരവുമായി കൂട്ടിയിടിച്ച് നെയ്മര്‍ മൈതാനത്ത് വീഴുകയായിരുന്നു. ഉടന്‍ താരം ഗ്രൗണ്ട് വിടുകയും ചെയ്തു.
നെയ്മറുടെ പരിക്കിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് പി.എസ്.ജി മാനേജര്‍ ക്രിസ്റ്റഫ് ഗാല്‍റ്റിയര്‍ മാധ്യമങ്ങളോട് പറയുന്നത്.
‘നെയ്മറിന്റെ കണങ്കാലിന് ഉളുക്ക് പറ്റിയതാണ്. അവന്‍ ഇപ്പോള്‍ ടെസ്റ്റുകള്‍ എടുക്കുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ പരിക്കിന് എത്രത്തോളം തീവ്രതയുണ്ടെന്ന് പറയാനാകില്ല,’ ക്രിസ്റ്റഫ് ഗാല്‍റ്റിയര്‍ പറഞ്ഞു.
അതേസമയം, പി.എസ്.ജി വിജയിച്ച മത്സരത്തില്‍ നെയ്മര്‍ ഗോള്‍ സ്‌കോര്‍ ചെയ്തിരുന്നു.
ഞായറാഴ്ച നടന്ന മത്സരത്തില്‍ ലോസ്‌കി ലില്ലിയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് പി.എസ്.ജി തകര്‍ത്തത്.
അടിമുടി ആവേശം നിറഞ്ഞ മത്സരത്തില്‍ ഒരുവേള 2-0 എന്ന നിലയില്‍ മുന്നിലായിരുന്ന പി.എസ്.ജി പിന്നീട് 2-3 എന്ന നിലയില്‍ മത്സരത്തില്‍ പിന്നിലായിരുന്നു. കളിയുടെ അവസാന നിമിഷത്തില്‍ എട്ട് മിനിറ്റിനിടയില്‍ എംബാപ്പെ, മെസി എന്നിവര്‍ സ്‌കോര്‍ ചെയ്ത ഗോളുകളിലാണ് മത്സരം പി.എസ്.ജി വിജയിച്ചത്.
ഇതോടെ 24 മത്സരങ്ങളില്‍ നിന്നും 18 വിജയങ്ങളുമായി 57 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി. ഫെബ്രുവരി 27ന് മാഴ്‌സലെക്കെതിരെയുള്ള ഡെര്‍ബി മത്സരമാണ് പി.എസ്.ജിക്ക് അടുത്തതായി കളിക്കാനുള്ളത്.
Content Highlight: PSG superstar neymar jr’s injury update