യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നടന്ന ആദ്യ മത്സരത്തില്‍ പി.എസ്.ജിക്ക് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിന് ബയേണ്‍ മ്യൂണിക്ക് പി.എസ്.ജിയെ കീഴ്പ്പെടുത്തുകയായിരുന്നു. ആദ്യ പാദത്തില്‍ മെസിയും നെയ്മറും ഉണ്ടായിട്ടും പി.എസ്.ജിക്ക് ജയം നേടാനായില്ല. കോമന്‍ ആണ് ബയേണിനായി ഗോള്‍ നേടിയത്.
മത്സരത്തിന്റെ 53ാം മിനിട്ടിലാണ് കോമന്റെ ഗോള്‍ പിറന്നത്. അല്‍ഫോണ്‍സോ ഡേവിസിന്റെ ക്രോസ് കോമന്‍ ഫസ്റ്റ് ടൈം ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഈ ഗോളിന് മറുപടി നല്‍കാന്‍ പി.എസ്.ജിക്ക് കഴിഞ്ഞില്ല. 82ാം മിനിട്ടില്‍ എംബാപ്പേ ഒരു ഗോള്‍ നേടിയെങ്കിലും ഓഫ് സൈഡ് ആവുകയായിരുന്നു.
തങ്ങള്‍ രണ്ടാം പാദത്തില്‍ മികച്ച് മുന്നേറിയിരുന്നെന്നും എന്നാല്‍ ജയിക്കാനാവാതെ പോവുകയായിരുന്നെന്നും എംബാപ്പെ പറഞ്ഞു.
ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും തങ്ങളുടെ കഴിവെന്തെന്ന് കാണിച്ചുകൊടുക്കാന്‍ ബയേണിന്റെ മൈതാനത്ത് പോയി കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിന് ശേഷം വാര്‍ത്താ മാധ്യമമായ കനാലിനോട് സംസാരിക്കുകയായിരുന്നു എംബാപ്പെ.
‘രണ്ടാം പാദത്തില്‍ അവരെ ദുര്‍ബലപ്പെടുത്താന്‍ ഞങ്ങള്‍ക്കാവുമെന്ന് ബയേണിന് ഞങ്ങള്‍ കാണിച്ചുകൊടുത്തിരുന്നു. ഞങ്ങളെല്ലാവരും സെക്കന്റ് ഹാഫില്‍ ഫിറ്റ് ആയിരുന്നെന്നാണ് വിശ്വാസം. കളി ജയിക്കാനായില്ല. പക്ഷേ ബയേണിന്റെ മൈതാനത്ത് പോകുമ്പോള്‍ ഞങ്ങളെന്താണെന്ന് ജയിച്ച് കാണിച്ച് കൊടുക്കും,’ എംബാപ്പെ പറഞ്ഞു.
ഫ്രഞ്ച് കപ്പില്‍ തോല്‍വിയെ തുടര്‍ന്ന് പി.എസ്.ജിക്ക് ടൂര്‍ണമെന്റ് നഷ്ടമായിരുന്നു. കഴിഞ്ഞ തവണ ലീഗ് വണ്ണില്‍ നടന്ന മത്സരത്തിലും മൊണാക്കോക്കെതിരെ പി.എസ്.ജി തോല്‍വി വഴങ്ങിയിരുന്നു. തൊട്ടുപിന്നാലെയാണ് ചാമ്പ്യന്‍സ് ലീഗിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ പ്രഹരമേല്‍ക്കുന്നത്.
അതേസമയം ചാമ്പ്യന്‍ ലീഗിലെ രണ്ടാം പാദ മത്സരം ബയേണിന്റെ മൈതാനത്ത് വെച്ചാണ് നടക്കുക. പി.എസ്.ജിക്ക് മുന്നോട്ട് പോകണമെങ്കില്‍ യു.സി.എല്ലില്‍ വലിയ വിജയം അനിവാര്യമാണ്.