| Sunday, 9th July 2023, 8:48 am

'ഇത് നമുക്ക് അപമാനമാണ്'; എംബാപ്പെ ഉടന്‍ ക്ലബ്ബ് വിടണം; പി.എസ്.ജി ഡ്രസിങ് റൂമില്‍ താരത്തിന് വിമര്‍ശനം

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിയുന്നത് സംബന്ധിച്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ നല്‍കിയ അഭിമുഖത്തില്‍ അതൃപ്തി അറിയിച്ച് സഹതാരങ്ങള്‍. ക്ലബ്ബ് വിടുകയാണെന്ന താരത്തിന്റെ തീരുമാനത്തില്‍ പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫിയും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത പി.എസ്.ജിയിലെ ചില താരങ്ങളും അസ്വസ്ഥരാണെന്നും ഫ്രഞ്ച് ഔട്ട്ലെറ്റായ എല്‍ എക്വിപ് റിപ്പോര്‍ട്ട് ചെയ്തു.

പി.എസ്.ജിയില്‍ താരങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നും ക്ലബ്ബില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ടെന്നും എംബാപ്പെ അഭിമുഖത്തില്‍ പരാമര്‍ശിച്ചിരുന്നു.

വലിയ ചര്‍ച്ചക്ക് വിധേയമാക്കപ്പെട്ട അഭിമുഖത്തിന് പിന്നാലെ എംബാപ്പെ ചെയ്തത് ക്ലബ്ബിന് അപമാനമാണെന്ന് സഹതാരങ്ങളില്‍ ഒരാള്‍ ഖലൈഫിക്ക് സന്ദേശം അയച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എംബാപ്പെ അങ്ങനെ ചിന്തിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ ക്ലബ്ബ് വിടട്ടെ എന്നാണ് ഖലൈഫിയുടെ ഭാഷ്യമെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, എംബാപ്പെ പി.എസ്.ജിയില്‍ നിന്ന് 2024ഓടെ പടിയിറങ്ങുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കരാര്‍ അവസാനിച്ച ശേഷവും അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി എംബാപ്പെയെ ക്ലബ്ബില്‍ നിലനിര്‍ത്താനാണ് പി.എസ്.ജി പദ്ധതിയിട്ടിരുന്നതെങ്കിലും താരം തന്റെ തീരുമാനം മാനേജ്‌മെന്റിന് കത്തെഴുതി അറിയിച്ചു.

നേരത്തെ സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാന്‍ എംബാപ്പെ ശ്രമം നടത്തിയിരുന്നെങ്കിലും ഉയര്‍ന്ന വേതനം നല്‍കി പി.എസ്.ജി താരത്തെ ക്ലബ്ബില്‍ നിലനിര്‍ത്തുകയായിരുന്നു. 2024ല്‍ പാരീസിയന്‍ ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ എംബാപ്പെ തന്റെ സ്വപ്ന ക്ലബ്ബായ റയലിലുമായി സൈനിങ് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlights: PSG stars and president criticizes Kylian Mbappe

We use cookies to give you the best possible experience. Learn more