| Wednesday, 26th October 2022, 9:01 pm

അവരെ പോലെ അവര്‍ മാത്രം, അവര്‍ക്കൊപ്പം കളിക്കുന്നത് തന്നെ ഒരു ഭാഗ്യമാണ്; പി.എസ്.ജി യുടെ സൂപ്പര്‍ ത്രയത്തെ പുകഴ്ത്തി പോര്‍ച്ചുഗല്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ലീഗില്‍ പാരീസ് സെന്റ് ഷെര്‍മാങ് തങ്ങളുടെ കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രണ്ടിനെതിരെ ഏഴ് ഗോളിനാണ് പി.എസ്.ജി മക്കാബി ഹൈഫയെ പരാജയപ്പെടുത്തിയത്. മെസിയും എംബാപ്പെയും ഇരട്ട ഗോള്‍ നേടിയപ്പോള്‍ നെയ്മര്‍ ഓരു ഗോളും നേടി മികച്ചുനിന്നു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന് പിന്നാലെ പി.എസ്.ജിയുടെ ഈ മുന്നേറ്റ നിരയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് പി.എസ്.ജി താരവും പോര്‍ച്ചുഗല്‍ ഇന്റര്‍നാഷണലുമായ വിറ്റിന്‍ഹ. ഇവര്‍ക്കൊപ്പം കളിക്കുന്നത് ഒരു പ്രിവിലേജാണെന്നായിരുന്നു താരത്തിന്റെ അഭിപ്രായം.

കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ നോക്ക് ഔട്ട് ഘട്ടത്തിലേക്ക് പ്രവേശിക്കാനും പി.എസ്.ജിക്കായി.

എല്‍ എക്വിപ്പെക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

‘ഏറ്റവും പ്രധാനപ്പെട്ട കാര്യം യോഗ്യത നേടുക എന്നത് തന്നെയാണ്. കഴിഞ്ഞ മത്സത്തിലൂടെ ഞങ്ങളത് നേടിയെടുത്തു. അതായിരുന്നു അപ്പോള്‍ ഏറ്റവും പ്രധാനമായ കാര്യം.

എന്നാലിപ്പോള്‍ ഗ്രൂപ്പില്‍ ഒന്നാമതായി ഫിനിഷ് ചെയ്യുക എന്നതാണ് ലക്ഷ്യം. ഇതാണ് ഞങ്ങള്‍ ചെയ്യാന്‍ പോകുന്നതും,’ വിറ്റിന്‍ഹ പറയുന്നു.

‘പി.എസ്.ജിയില്‍ മെസി, നെയ്മര്‍, എംബാപ്പെ എന്നിവര്‍ക്കൊപ്പം കളിക്കാന്‍ സാധിക്കുന്നത് തന്നെ ഒരു പ്രിവിലേജാണ്. അവരെ കാണാന്‍ എനിക്ക് ഫ്രണ്ട് റോ സീറ്റ് തന്നെയുണ്ട്. മറ്റാര്‍ക്കും ചെയ്യാത്തതാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഇത് വലിയൊരു പദവി തന്നെയാണ്. തീര്‍ച്ചയായും ഞങ്ങള്‍ക്ക് ചാമ്പ്യന്‍സ് ലീഗ് വിജയിക്കണം. എന്നാല്‍ അടുത്ത പടിയെന്തോ അതാണ് ഇപ്പോള്‍ ചിന്തിക്കേണ്ടത്.

യുവന്റസിനെതിരെയുള്ള മത്സരത്തെ കുറിച്ച് വേണം ഇപ്പോള്‍ ചിന്തിക്കാന്‍. അങ്ങനെയെങ്കില്‍ ആരാണ് ഞങ്ങളുടെ അടുത്ത എതിരാളിയെന്ന് മനസിലാക്കാന്‍ സാധിക്കും. ഓരോ കളിയായി വേണം മുന്നോട്ട് പോകാന്‍,’ വിറ്റിന്‍ഹ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മത്സരത്തില്‍ മെസി രണ്ട് ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയപ്പോള്‍ എംബാപ്പെ രണ്ട് ഗോള്‍ നേടി. നെയ്മറും കാര്‍ലോസ് സോളറും ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ സീന്‍ ഗോള്‍ഡ്‌ബെര്‍ഗിന്റെ സെല്‍ഫ് ഗോളും പി.എസ്.ജിയുടെ അക്കൗണ്ടിലെത്തി. അബ്ദൗലായേ സെക്കാണ് മക്കാബിയുടെ രണ്ട് ഗോളും നേടിയത്.

ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ സീരി എ ജയന്റ്‌സായ യുവന്റസിനെയാണ് പി.എസ്.ജിക്ക് നേരിടാനുള്ളത്.

Content Highlight: PSG star Vitinha about Messi, Neymar and Mbappe

We use cookies to give you the best possible experience. Learn more