പി.എസ്.ജിയുടെ ആക്രമണ നിരയെ മുന്നില്‍ നിന്നും നയിക്കുന്നവരില്‍ പ്രധാനിയാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. നെയ്മര്‍ – മെസി – എംബാപെ ത്രയം ആക്രമിച്ചുകളിക്കുമ്പോള്‍ പാരീസ് വമ്പന്‍മാര്‍ക്ക് മുന്നേറ്റ നിരയില്‍ ആശങ്കകളില്ല.
അതേസമയം, സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ നെയ്മര്‍ ടീം വിടാന്‍ പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ താന്‍ ടീം വിടാനുള്ള സാധ്യതകളെ പൂര്‍ണമായും തള്ളിക്കളഞ്ഞ് നെയ്മര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
മറ്റുള്ളവര്‍ക്ക് മുന്നില്‍ തനിക്ക് യാതൊന്നും തന്നെ തെളിയിക്കാനില്ലെന്നായിരുന്നു തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് താരം മറുപടി നല്‍കിയത്. പി.എസ്.ജി മാനേജ്‌മെന്റ് ക്ലബ്ബ് വിടണമെന്നതിനെ സംബന്ധിച്ച് തന്നോട് ഒരു കാര്യവും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ തുടക്കം മുതല്‍ തന്നെ പി.എസ്.ജി നെയ്മറിനെ ടീമില്‍ നിന്നും ഒഴിവാക്കാന്‍ പോകുന്ന എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ടാണ് താരം രംഗത്തെത്തിയത്.
തനിക്ക് ടീം വിടാന്‍ ഒരു താത്പര്യമില്ലെന്നും പി.എസ്.ജിയില്‍ തന്നെ തുടരുമെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് ഇവിടെ തന്നെ തുടരണം. ഇനിയും വര്‍ഷങ്ങളുടെ കരാര്‍ പി.എസ്.ജിയില്‍ ബാക്കിയുണ്ട്. ഇതുവരെയും ക്ലബ്ബ് വിടുന്നതിനെ കുറിച്ച് പി.എസ്.ജി മാനേജ്‌മെന്റ് ഒന്നും തന്നെ സംസാരിക്കുകയോ അറിയിക്കുകയോ ചെയ്തിട്ടില്ല.’ മാധ്യമപ്രവര്‍ത്തകരോട് നെയ്മര്‍ പറഞ്ഞു.
‘എനിക്കൊന്നും തന്നെ തെളിയിക്കാനില്ല. ഞാന്‍ എന്താണെന്നും എന്റെ ഗ്രൗണ്ടിലെ പെരുമാറ്റവും കളിയും എങ്ങനെയാണെന്നും എല്ലാവര്‍ക്കുമറിയാം. എനിക്കെന്നോടും ഒന്നും തെളിയിക്കാനില്ല.
ഞാനെപ്പോഴും സന്തോഷവാനായിരിക്കാനാണ് ഫുട്‌ബോള്‍ കളിക്കുന്നത്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തുകൊണ്ട് ആളുകള്‍ ഇങ്ങനെ പലതും സംസാരിച്ചുകൊണ്ടേയിരിക്കും,’ നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.
പോച്ചെറ്റിനോയ്ക്ക് പകരം പാരീസ് വമ്പന്‍മാരുടെ പരിശീലകസ്ഥാനമേറ്റെടുത്ത ക്രിസ്റ്റഫെ ഗാള്‍ട്ടിയറും നെയ്മര്‍ ടീമിനൊപ്പം വേണമെന്ന് പറഞ്ഞിരുന്നു. പി.എസ്.ജിയുടെ മുന്നേറ്റനിരയ്ക്ക് അനുസൃതമായ തന്ത്രങ്ങള്‍ മെനയാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഗാള്‍ട്ടിയര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Content Highlight: PSG star Neymar says he will not leave the team