നിലവില്‍ ഫുട്‌ബോളില്‍ ഏറ്റവും മികച്ച താരമാരാണെന്നതില്‍ ഒരുപാട് ചര്‍ച്ചകളും തര്‍ക്കങ്ങളും ഉണ്ടായേക്കാം. ഓരോ ലീഗിലും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന താരങ്ങള്‍ നിരവധിയാണ്. 2022 ലോകകപ്പും വരാനിരിക്കെ ഇവര്‍ തങ്ങളുടെ ദി ബെസ്റ്റ് തന്നെ ടീമിന് വേണ്ടി നല്‍കാറുണ്ട്.
മികച്ച താരങ്ങളുടെ കാര്യത്തില്‍ പല ഓപ്ഷന്‍സും ഉണ്ടായിരിക്കുമെങ്കിലും നിലവില്‍ ഫുട്‌ബോളിലെ ഏറ്റവും സെല്‍ഫിഷായ താരം പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകാന്‍ സാധ്യതയില്ല.
ടീം വിജയിക്കണമെന്നതിനേക്കാള്‍ തന്റെ പേരില്‍ ഗോളുകള്‍ നിറയണം എന്ന് കരുതുന്ന താരമാണ് എംബാപ്പെ. സൂപ്പര്‍ താരങ്ങളായ മെസിയും നെയ്മറും പി.എസ്.ജിയിലുണ്ടെന്നിരിക്കെ അവരേക്കാള്‍ മിന്നും താരമായിരിക്കണം താനെന്ന സ്വാര്‍ത്ഥതയുടെ പുറത്താണ് എംബാപ്പെ കളിക്കുന്നത്.
ഫുട്‌ബോള്‍ ഒരു ടീം ഗെയിം ആണെന്ന് മറക്കുന്ന താരങ്ങളില്‍ പ്രധാനിയാണ് കിലിയന്‍ എംബാപ്പെ.
എംബാപ്പെയുടെ സെല്‍ഫിഷ്‌നെസ് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്ന പ്രകടനമായിരുന്നു കഴിഞ്ഞ ദിവസം യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പി.എസ്.ജിയുടെ ആദ്യ മത്സരത്തില്‍ കണ്ടത്. യുവന്റസിനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു പി.എസ്.ജിയുടെ വിജയം.
എന്നാല്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് വിജയിക്കാനുള്ള ചാന്‍സ് പി.എസ്.ജിക്കുണ്ടായിരുന്നു. 51ാം മിനിറ്റില്‍ മെസിയുടെ ആക്രമണത്തില്‍ പിറന്ന നീക്കമായിരുന്നു എംബാപ്പെയുടെ സെല്‍ഫിഷ്‌നെസ് കാരണം നഷ്ടമായത്.
മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന നെയ്മറിന് പാസ് ചെയ്തിരുന്നുവെങ്കില്‍ ഉറപ്പായും അതൊരു ഗോളായി മാറുമായിരുന്നു. എന്നാല്‍ എംബാപ്പെ ഷൂട്ട് ചെയ്യുകയും ആ സുവര്‍ണാവസരം നഷ്ടപ്പെടുത്തുകയുമായിരുന്നു.
എന്നാല്‍ ആ അവസരം നഷ്ടപ്പെടുത്തിയതില്‍ നെയ്മറിന് തന്നോട് ദേഷ്യമുണ്ടായിരുന്നുവെന്നാണ് എംബാപ്പെ പറയുന്നത്.
‘നെയ്മറിനെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍, ഇത് ആറാം വര്‍ഷമാണ്. പരസ്പര ബഹുമാനത്തിലൂന്നിയുള്ള ഒരു ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍ ഉള്ളത്. എന്നാല്‍ ചില സമയങ്ങളില്‍ കുറച്ചു ചൂടേറിയ ബന്ധമായിരുന്നു ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. ചിലപ്പോള്‍ വളരെ നല്ലതായിരിക്കും ചിലപ്പോള്‍ അതല്‍പം മോശവുമായിരിക്കും.
എന്നിരുന്നാലും ഞങ്ങള്‍ക്കിടയില്‍ ബഹുമാനമുണ്ട്. ഒരു കളിക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിനോട് എനിക്കുള്ള ബഹുമാനം ഏറെ വലുതാണ്. അദ്ദേഹം ടീമിന്റെ അവിഭാജ്യ ഘടകമാണ്,’ എന്നായിരുന്നു മത്സരശേഷം എംബാപ്പെ പറഞ്ഞതായി സ്‌കൈ സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നെയ്മറുമായുള്ള ബന്ധം ഇത്രത്തോളം എംബാപ്പെ വര്‍ണിക്കണമെങ്കില്‍ ഇരുവരും തമ്മില്‍ കലിപ്പായിരിക്കണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മോണ്ട്‌പെല്ലറിനെതിരെ നടന്ന മത്സരത്തിലെ സംഭവവികാസങ്ങള്‍ക്ക് ശേഷം കളിക്കളത്തില്‍ തുടങ്ങിയ പ്രശ്‌നം ഇരുവരും ചേര്‍ന്ന് ഡ്രസ്സിങ് റൂമിലേക്കെത്തിച്ചിരുന്നതായും ഒടുവില്‍ റാമോസ് ഇടപെട്ട് പിടിച്ചുമാറ്റുകയുമാണെന്നായിരുന്നു മാര്‍ക്കയടക്കമുള്ള മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്.
എന്നിരുന്നാലും എംബാപ്പെയുടെ സെല്‍ഫിഷ്‌നെസ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നുണ്ട്.
എംബാപ്പെയും നെയ്മറും തമ്മിലുള്ള ബന്ധം അത്ര നല്ല രീതിയിലല്ലെന്നും ചില അസ്വാരസ്യങ്ങളുണ്ടെന്നും നിരവധി റിപ്പോര്‍ട്ടുകളും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. സമ്മര്‍ ട്രാന്‍സ്ഫര്‍ നടക്കുമ്പോള്‍ നെയ്മറെ ക്ലബില്‍ നിന്നും പുറത്താക്കാനുള്ള ശ്രമം എംബാപ്പെ നടത്തുന്നുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നേരത്തെ ലീഗ് വണ്ണില്‍ എം.എസ്. മൊണാക്കോയുമായി നടന്ന കളിയിലും എംബാപ്പക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ മത്സരത്തില്‍ എംബാപെ ബോക്‌സിന് വെളിയില്‍ നിന്നും കിക്കെടുത്തതാണ് മെസി ആരാധകരെ ചൊടിപ്പിച്ചത്. മെസി ബോക്‌സിനകത്ത് ഫ്രീയായിട്ട് നില്‍ക്കുമ്പോള്‍ അങ്ങനെ ചെയ്തത് മോശമായിപ്പോയെന്നായിരുന്നു ആരാധകര്‍ പറഞ്ഞിരുന്നത്. സമാനമായ വിമര്‍ശനമാണ് ഇപ്പോള്‍ നെയ്മറിന് പാസ് കൊടുക്കാത്തപ്പോഴും ഉയരുന്നത്.
Content Highlight: PSG star Neymar angry at Kylian Mbappe after the win against Juventus