| Sunday, 26th June 2022, 10:23 pm

ഇതിനോടകം തന്നെ പുരസ്‌കാരം നേടേണ്ടിയിരുന്നവന്‍, മെസിക്കും റൊണാള്‍ക്കുമല്ല, ഇനി ബാലണ്‍ ഡി ഓര്‍ ലഭിക്കാന്‍ പോവുന്നത് ഇവന്; വമ്പന്‍ പ്രഖ്യാപനവുമായി പി.എസ്.ജി സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

പി.എസ്.ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് ബാലണ്‍ ഡി ഓര്‍ ലഭിക്കണമെന്ന് പി.എസ്.ജിയിലെ അദ്ദേഹത്തിന്റെ സഹതാരം ആന്‍ഡര്‍ ഹെരേര. ഇതുവരെ അദ്ദേഹത്തിന് പുരസ്‌കാരം ലഭിക്കാത്തതില്‍ ആശ്ചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനോടകം തന്നെ നെയ്മറിന് ബാലണ്‍ ഡി ഓര്‍ നേടാന്‍ സാധിക്കുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും, എന്നാല്‍ ഇനിയും അദ്ദേഹത്തിന് ബാലണ്‍ ഡി ഓര്‍ അടക്കമുള്ള പുരസ്‌കാരങ്ങള്‍ നേടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്പാനിഷ് മാധ്യമമായ എ.എസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘എനിക്ക് നെയ്മറുമായി വളരെ അടുത്ത ബന്ധമാണുള്ളത്. തന്റെ സഹതാരങ്ങളില്‍ മികച്ചവനും ക്വാളിറ്റി ഫുട്‌ബോള്‍ കളിക്കുന്നവനുമാണ്. ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളില്‍ ഒരാള്‍കൂടിയാണ് നെയ്മര്‍.

അദ്ദേഹം ഇതിനോടകം തന്നെ ബാലണ്‍ ഡി ഓര്‍ നേടേണ്ടവനായിരുന്നു. എന്നാല്‍ അദ്ദേഹം ഇനി അത് നേടും, അതിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. നെയ്മറിനൊപ്പം കളിക്കാന്‍ സാധിക്കുന്നത് തന്നെ സന്തോഷമാണ്,’ ഹരേര പറയുന്നു.

മെസിക്കും റൊണാള്‍ഡോക്കുമൊപ്പം പുരസ്‌കാരത്തിനായുള്ള ഓട്ടത്തില്‍ പലതവണ ഒപ്പമോടിയെത്തിയെങ്കിലും ഒരിക്കല്‍ പോലും പുരസ്‌കാരം നേടാന്‍ നെയ്മറിനായിട്ടില്ല. ബ്രസീലിനും ക്ലബ്ബുകള്‍ക്കും വേണ്ടി ഗോളടിച്ചും അടിപ്പിച്ചും മുന്നേറിയപ്പോഴെല്ലാം തന്നെ ബാലണ്‍ ഡി ഓര്‍ താരത്തില്‍ നിന്നും അകന്നു നിന്നു.

എന്നാലിപ്പോള്‍ ബാലണ്‍ ഡി ഓറിനേക്കാള്‍ മൂല്യമുള്ള മറ്റൊരു പുരസ്‌കാരത്തിലേക്ക് തന്നെയാണ് നെയ്മര്‍ ലക്ഷ്യം വെക്കുന്നത്.

ഖത്തറില്‍ നിന്നും തിരികെ നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഉഗ്രപ്രതാപികളായ തന്റെ പൂര്‍വികന്‍മാരുടെ കയ്യൊപ്പ് പതിപ്പിച്ച ലോകകപ്പിനെയും റിയോയിലേക്ക് ഒപ്പം കൂട്ടാനാണ് താരം ഒരുങ്ങുന്നത്.

സെര്‍ബിയക്കും കാമറൂണിനും സ്വിറ്റ്‌സര്‍ലന്‍ഡിനുമൊപ്പം ഗ്രൂപ്പ് ജിയിലാണ് ബ്രസീല്‍. നവംബര്‍ 25നാണ് ലോകകപ്പില്‍ ബ്രസീലന്റെ ആദ്യ മത്സരം.

Content Highlight: PSG Star Ander Herrera says Neymer will win Ballon de Or

We use cookies to give you the best possible experience. Learn more