പാരീസ് വമ്പന്‍മാരുമായുള്ള എംബാപ്പെയുടെ ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. ഡ്രസ്സിങ് റൂമില്‍ എംബാപ്പെക്കെതിരെ ഉടലെടുത്ത പ്രശ്‌നങ്ങളും നിലവില്‍ താരവും മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളും എബാപ്പെ ടീം വിടുന്നതിലാണ് എത്തിനില്‍ക്കുന്നത്.
താരം പി.എസ്.ജി വിടുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിക്കൊണ്ടിരിക്കെ എംബാപ്പെയുടെ ആറ്റിറ്റിയൂഡിനെതിരെ ക്ലബ്ബിലെ സാധാരണ സ്റ്റാഫുകള്‍ പോലും അതൃപ്തിയറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ സമ്മറില്‍ കരാര്‍ പുതുക്കുമ്പോള്‍ എംബാപ്പെക്ക് നല്‍കിയ പ്രത്യേക അധികാരത്തെയായിരുന്നു സ്റ്റാഫുകളും എതിര്‍ത്തത്.
എല്‍ എക്വിപ്പെയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ടീമിന്റെ നെടുംതൂണായ ലാറ്റിനമേരിക്കന്‍ ട്രയോക്ക് (മെസി, നെയ്മര്‍, മാര്‍ക്വിന്യോസ്) എംബാപ്പെയോട് എതിര്‍പ്പുണ്ടായിരുന്നു. ഇവര്‍ക്ക് പുറമെ ഹാക്കിമി, ഫ്രഞ്ച് താരങ്ങളായ കിംബാപ്പെ, നോര്‍ഡി മുകീലേ, എക്ടിക്കെ എന്നിവരും എംബാപ്പെയോട് എതിര്‍പ്പുള്ളവരാണ്.
ഇതിനേക്കാള്‍ പ്രധാനമായി കോച്ച് ക്രിസ്‌റ്റോഫെ ഗാള്‍ട്ടിയറും എംബാപ്പെക്കെതിരെയാണ് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എംബാപ്പെയെ കേന്ദ്രീകരിച്ചായിരുന്നു നേരത്തെ പി.എസ്.ജി ടീം സജ്ജീകരിച്ചത്. ലാറ്റിനമേരിക്കന്‍ ബ്ലോക്കിനെ ദുര്‍ബലപ്പെടുത്തുന്നതിനായി പല സൂപ്പര്‍ താരങ്ങളെ ലോണില്‍ മറ്റ് ടീമുകളിലേക്ക് കളിക്കാന്‍ വിട്ടതിനും പരേഡസും ഏയ്ഞ്ചല്‍ ഡി മരിയയും ക്ലബ്ബ് വിടാന്‍ കാരണമായതും എംബാപ്പെ തന്നെയായിരുന്നു.
എന്നാല്‍ എംബാപ്പെയുടെ ഈ ആറ്റിറ്റിയൂഡില്‍ സ്റ്റാഫുകളും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായി ഫ്രഞ്ച് ഔട്ട്‌ലെറ്റ് വ്യക്തമാക്കുന്നു.
‘ഒരു ദിവസം അവന്‍ ക്യാമ്പ് ഡെസ് ലോഗെസില്‍ എത്തി. എല്ലാവരും പരസ്പരം പുഞ്ചിരിക്കുകയും തമാശ പറയുകയും പരസ്പരം അഭിവാദ്യങ്ങളര്‍പ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പിറ്റേ ദിവസം അവനെത്തിയപ്പോള്‍ ആരെയും നോക്കുക പോലും ചെയ്തിരുന്നില്ല. ഈ സീസണിന്റെ തുടക്കം മുതല്‍ അവന്‍ ഇങ്ങനെ തന്നെ ആയിരുന്നു,’ ടീം സ്റ്റാഫുകളില്‍ ഒരാള്‍ പറഞ്ഞു.
ഇപ്പോള്‍, ടീമുമായുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടിയതിന് പിന്നാലെ താരം ക്ലബ്ബ് വിടാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ കരീം ബെന്‍സെമയടക്കമുള്ള പല സൂപ്പര്‍ താരങ്ങളെയും ടീമിലെത്തിച്ച് എംബാപ്പെയെ നിലനിര്‍ത്താന്‍ തന്നെയാണ് പി.എസ്.ജി ഒരുങ്ങുന്നത്.
Content Highlight: PSG staff and players are unhappy with Mbappe