| Saturday, 17th September 2022, 4:36 pm

അല്ലെങ്കിലേ ഞങ്ങളുടെ അറ്റാക്കിങ് തലതിരിഞ്ഞതാണ്, ഇനി അവനേം കൊണ്ടുവരണോ? ബാഴ്‌സ താരത്തെ സൈന്‍ ചെയ്യാത്തതില്‍ പി.എസ്.ജി

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്‌സലോണ സൂപ്പര്‍ താരം ഒസ്മാനെ ഡെംബാലയെ ടീമിലെത്തിക്കാത്തതിന്റെ കാരണം വിശദീകരിച്ച് പി.എസ്.ജി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ലൂയിസ് കാംപോസ്. ഡെംബാലെയെ ടീമിലെത്തിക്കാന്‍ പി.എസ്.ജിക്ക് താത്പര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പൊസിഷനില്‍ ടീമില്‍ കളിക്കാന്‍ ആളുണ്ടായിരുന്നു എന്നുമാണ് ടീമിന്റെ വിശദീകരണം.

2022ല്‍ ബാഴ്‌സയുമായുള്ള തന്റെ കരാര്‍ അവസാനിച്ച ശേഷം ഡെംബാലെ രണ്ട് വര്‍ഷത്തേക്ക് കറ്റാലന്‍മാര്‍ക്കൊപ്പം കളിക്കാന്‍ കരാര്‍ പുതുക്കിയിരുന്നു.

താരം ബാഴ്‌സയുമായി കോണ്‍ട്രാക്ട് പുതുക്കുന്നതിന് മുമ്പ് തന്നെ പി.എസ്.ജി അദ്ദേഹവുമായുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ അത് ഫലവത്തായില്ലെന്ന് പി.എസ്.ജി ടോക്‌സില്‍ വ്യക്തമാക്കുന്നു.

ഇപ്പോള്‍ തങ്ങളുടെ അറ്റാക്കിങ് ട്രയാങ്കിള്‍ അപ് സൈഡ് ഡൗണ്‍ ആണെന്നും തങ്ങള്‍ വിങ്ങറുമായി കളിക്കാറില്ലെന്നും കാംപോസ് പറയുന്നു.

‘എനിക്ക് ഡെംബാലെയെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട പൊസിഷന്‍ ലെഫ്റ്റിലാണ്, അത് ഞങ്ങളുടെ പസില്‍ തകര്‍ക്കുന്നതുമാണ്.

ഇപ്പോള്‍ ഞങ്ങളുടെ അറ്റാക്കിങ് ട്രയാങ്കില്‍ അപ് സൈഡ് ഡൗണ്‍ ആണ്. എംബാപ്പെ ഇപ്പോള്‍ ഹൈ പോയിന്റില്‍ കളിക്കുന്നു. മെസിയും നെയ്മറും എംബാപ്പെക്ക് സപ്പോര്‍ട്ടായാണ് കളിക്കുന്നത്.

ഞങ്ങള്‍ വിങ്ങര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്താറില്ല. അത് ഒരുപക്ഷേ, ഒരേ പൊസിഷനില്‍ കളിക്കുന്ന മികച്ച താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയത് മുന്‍ കാലങ്ങളില്‍ ഞങ്ങള്‍ ചെയ്ത തെറ്റായിരിക്കാം,’ കാംപോസ് പറയുന്നു.

അതേസമയം, മികച്ച ഒരു മുന്നേറ്റം നടത്താന്‍ പി.എസ്.ജി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ താരം ലയണല്‍ മെസിക്ക് പകരക്കാരനായി ടോട്ടന്‍ഹാം ഹോട്‌സ്പര്‍ നായകനും ഇംഗ്ലീഷ് സ്റ്റാര്‍ സ്‌ട്രൈക്കറുമായ ഹാരി കെയ്‌നിനെ ടീമിനെത്തിക്കാനാണ് പി.എസ്.ജി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പി.എസ്.ജിയില്‍ മെസിക്ക് ഇനിയും ഒമ്പത് മാസത്തെ കാലാവധി ബാക്കിയുണ്ട്. മെസിയുമായി കരാര്‍ പുതുക്കാന്‍ പി.എസ്.ജിക്ക് താത്പര്യമുണ്ട്. രണ്ട് വര്‍ഷത്തേക്കുകൂടി താരം പി.എസ്.ജിയില്‍ കളിക്കണമെന്നാണ് പി.എസ്.ജി ചീഫ് നാസര്‍ അല്‍ ഖെലൈഫി താത്പര്യപ്പെടുന്നത്.

എന്നാല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് ശേഷം മാത്രമായിരിക്കും താരം ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുക.

തന്റെ മുന്‍ ക്ലബ്ബായ ബാഴ്സലോണയിലേക്ക് തിരിച്ചുപോകാന്‍ മെസിക്ക് താത്പര്യമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബാഴ്സയിലേക്കല്ല, മറിച്ച് മിയാമിയിലേക്കാവും മെസിയെത്തുക എന്നും ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചകളുയരുന്നുണ്ട്.

ഒരുപക്ഷേ, മെസി ടീം വിടുകയാണെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഹാരി കെയ്നിനെ ടീമിലെത്തിക്കണമെന്നാണ് എംബാപ്പെ ആവശ്യപ്പെട്ടിരിക്കുന്നത്. കെയ്നിന് 2024 വരെ സ്പര്‍സുമായി കരാറുണ്ട്.

Content highlight: PSG Sporting Director explaisn why they didnt sign Barcelona star Ousmane Dembele

We use cookies to give you the best possible experience. Learn more