പി.എസ്.ജിയുടെ മുന്നേറ്റ നിര താരങ്ങളിൽ ഒഴിവാക്കാനാകാത്ത സാന്നിധ്യമാണ് ബ്രസീലിയൻ സ്ട്രൈക്കർ നെയ്മർ.
മെസിക്കും എംബാപ്പെക്കുമൊപ്പം പി.എസ്. ജിയുടെ മുന്നേറ്റങ്ങളുടെ കുന്തമുനയാണ് താരം. 2017ൽ 220 മില്യൺ യൂറോയുടെ വമ്പൻ ഓഫർ നൽകിയാണ് താരത്തെ ബാഴ്സലോണയിൽ നിന്നും പി.എസ്.ജിയിലെത്തിച്ചത്. എന്നാലിപ്പോൾ താരത്തെ ടീമിലേക്കെത്തിക്കാൻ മൊത്തം 500 മില്യൺ യൂറോയിലേറേ ക്ലബ്ബിന് ചിലവായി എന്ന വാർത്ത പുറത്ത് വിട്ടിരിക്കുകയാണ് മെക്സിക്കൻ മാധ്യമമായ എൽ റിഫോമ.
സൈനിങ് തുകയ്ക്ക് പിന്നാലെ ശമ്പളം, ടാക്സ്, ബ്രാൻഡ് അവകാശം, മറ്റ് ചിലവുകൾ എന്നിവ ചേർത്താണ് 500 മില്യൺ യൂറോ നെയ്മറെ സ്വന്തമാക്കാൻ പി. എസ്.ജിക്ക് ചിലവായത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പക്ഷെ ഇത്രയും ഉയർന്ന തുകയ്ക്ക് ടീമിലെത്തിച്ചെങ്കിലും താരത്തിന്റെ പ്രകടനത്തിൽ നിരാശരാണ് ആരാധകരും ക്ലബ്ബ് അധികൃതരും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. താരത്തിന്റെ തുടർച്ചയായ പരിക്കും, പെരുമാറ്റവും, ക്ലബ്ബിനുള്ളിലെ ജീവിത രീതിയുമൊക്കെ ക്ലബ്ബ് അധികൃതർക്ക് വലിയ തലവേദന സൃഷ്ടിക്കുകയെന്നാണ് എൽ റിഫോമയുടെ റിപ്പോർട്ടിൽ പറയുന്നത്.
കൂടാതെ ലോകകപ്പിന് ശേഷം ക്ലബ്ബിലേക്ക് തിരികെയെത്തിയ താരത്തിന് ഇതുവരെ മെച്ചപ്പെട്ട ഒരു പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിട്ടില്ല. ഇതോടെ പി.എസ്.ജിയുടെ എക്കാലത്തെയും ചിലവേറിയ സൈനിങായ നെയ്മറെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്ലോപ്പെന്ന് മാധ്യമ പ്രവർത്തകനായ ഡാനിയേൽ റയാലോ വിശേഷിപ്പിച്ചിരുന്നു.
കൂടാതെ പി.എസ്.ജി മാനേജ്മെന്റിന്റെ ഏറ്റവും പ്രിയപ്പെട്ട താരമായ എംബാപ്പെക്കും നെയ്മറുടെ ടീമിലെ സാന്നിധ്യം പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന് മാർക്ക മുമ്പേ റിപ്പോർട്ട് ചെയ്തിരുന്നു.
ഇക്കാരണങ്ങൾ കൊണ്ട് തന്നെ നെയ്മർ ജനുവരി ട്രാൻസ്ഫർ ജാലകത്തിലൂടെ ക്ലബ്ബ് വിടുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും വിഷയത്തെ സംബന്ധിച്ച സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ടുകൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.