ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പയുമായുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെ പുതിയ സ്‌ട്രൈക്കറെ ക്ലബ്ബിലെത്തിച്ച് പി.എസ്.ജി. ബെന്‍ഫിക്കയുടെ പോര്‍ച്ചുഗല്‍ താരം ഗോണ്‍സാലോ റാമോസിനെയാണ് പി.എസ്.ജി സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണില്‍ ബെന്‍ഫിക്കക്ക് വേണ്ടി 30 പന്തില്‍ നിന്ന് 19 ഗോളുകളാണ് 22കാരനായ താരത്തിന്റെ സമ്പാദ്യം. 2022 ലോകകപ്പില്‍ പോര്‍ച്ചുഗലിനായി ഹാട്രിക് നേടിയ റാമോസിനെ 726 കോടി രൂപ മുടക്കിയാണ് പി.എസ്.ജി സ്വന്തമാക്കിയത്. പുതിയ സീസണിന് മുന്നോടിയായി പി.എസ്.ജി സ്വന്തമാക്കുന്ന എട്ടാമത്തെ താരമാണ് റാമോസ്.
പി.എസ്.ജിയില്‍ എംബാപ്പെയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് എംബാപ്പെ അടുത്ത സീസണോടെ ക്ലബ്ബ് വിടുമെന്ന കാര്യം പി.എസ്.ജിയെ അറിയിച്ചത്. 2024 വരെയാണ് താരത്തിന് പാരീസിയന്‍ ക്ലബ്ബുമായി കരാര്‍ ഉണ്ടായിരുന്നതെങ്കിലും കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരണമെന്ന് പി.എസ്.ജി എംബാപ്പെയോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.
എന്നാല്‍ താരം തന്റെ തീരുമാനം അറിയിച്ചതോടെ ഈ സീസണില്‍ തന്നെ ക്ലബ്ബ് വിടണമെന്ന് പി.എസ്.ജി എംബാപ്പെയോട് ആവശ്യപ്പെടുകയായിരുന്നു. ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള താരം ഫ്രീ ഏജന്റായി ക്ലബ്ബ് വിടുമ്പോഴുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടി പി.എസ്.ജി താരത്തെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഈ സീസണില്‍ എംബാപ്പെ ക്ലബ്ബ് വിടുകയാണെങ്കില്‍ താരത്തിന്റെ ആഗ്രഹ പ്രകാരം സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡുമായി സൈന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 14 തവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് 150 മുതല്‍ 180 മില്യണ്‍ യൂറോയാണ് എംബാപ്പെക്കിട്ടിരിക്കുന്ന മൂല്യം.
Content Highlights: PSG signed with Goncalo Ramos