| Tuesday, 7th February 2023, 3:20 pm

പി.എസ്.ജി മെസിയെ ടീമിൽ തുടരാൻ അനുവദിക്കരുത്. നിർദേശിച്ച് ക്ലബ്ബിന്റെ മുൻ സൂപ്പർ താരം

സ്പോര്‍ട്സ് ഡെസ്‌ക്

2023 ജൂൺ മാസത്തിലാണ് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയിൽ മെസിയുടെ കരാർ അവസാനിക്കുന്നത്. കരാർ അവസാനിച്ചു കഴിഞ്ഞാൽ താരം ഫ്രീ ഏജന്റായി മാറുകയും ഇഷ്ടമുള്ള ക്ലബ്ബിലേക്ക് മെസിക്ക് ചേക്കേറാൻ സാധിക്കുകയും ചെയ്യും.

ഇപ്പോൾ തന്നെ ഇന്റർ മിയാമി, ബാഴ്സലോണ, അൽ ഹിലാൽ മുതലായ ക്ലബ്ബുകൾ മെസിയെ സൈൻ ചെയ്യാനായി ശ്രമം നടത്തുന്നുണ്ട്. കൂടാതെ മാഞ്ചസ്റ്റർ സിറ്റി മുതലായ ക്ലബ്ബുകളും മെസിക്ക് പിന്നാലെയുണ്ട് എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.

എന്നാലിപ്പോൾ മെസിയുമായുള്ള കരാർ അവസാനിച്ച ശേഷം പി.എസ്.ജി അത് പുതുക്കരുത് എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ പി.എസ്.ജി ഫോർവേർഡായ ജെറോം റോത്തെൻ.

മെസിയുടെ പ്രതിഫലക്കൂടുതലാണ് താരത്തെ ഒഴിവാക്കാനായി റോത്തെൻ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണം.
ആർ.എം.സി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് മെസിയുടെ കരാറിനെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ ജെറോം റോത്തെൻ തുറന്ന് പറഞ്ഞത്.

“പി.എസ്.ജിക്ക് മെസി, നെയ്മർ, എംബാപ്പെ എന്നീ മൂന്ന് താരങ്ങളെ ഒരുമിച്ച് മാനേജ് ചെയ്യുന്നത് വളരെ പ്രയാസകരമായ കാര്യമാണ്. മെസിയുമായുള്ള കരാർ പുതുക്കിയില്ലെങ്കിൽ താരങ്ങളെ മാനേജ് ചെയ്യൽ പി.എസ്.ജി മാനേജ്മെന്റിന് കൂടുതൽ എളുപ്പമാവും.

മെസിയുടെ പ്രതിഫലം മറ്റൊരു പ്രധാന കാര്യമാണ്. നിരവധി സൂപ്പർ താരങ്ങൾ ക്ലബ്ബിലുള്ളതിനാൽ പി.എസ്.ജിക്ക് സാമ്പത്തികമായ നിയമങ്ങൾ പാലിക്കാൻ കഴിയുന്നില്ല. മെസി ക്ലബ്ബിൽ നിന്നും വിട്ട് പോയാൽ ആ തുകയ്ക്ക് മികച്ച സ്‌ക്വാഡിനെ സെറ്റ് ചെയ്യാൻ പി.എസ്.ജിക്ക് സാധിക്കും.

അതിനാൽ തന്നെ മെസിയുമായി ക്ലബ്ബ് കരാർ പുതുക്കുമെങ്കിൽ അതൊരു മോശം തീരുമാനം ആയിരിക്കും,’ ജെറോം റോത്തെൻ പറഞ്ഞു.

എന്നാൽ ഇതിന് മുമ്പും മെസിക്കും അർജന്റീനക്കുമെതിരെ പരാമർഷങ്ങളുമായി റോത്തെൻ രംഗത്ത് വന്നിട്ടുണ്ട്.

2022ൽ അർഹതപ്പെടാത്തവരാണ് ലോകകപ്പ് നേടിയത് എന്ന് അഭിപ്രായപ്പെട്ട് മുമ്പ് അദ്ദേഹം വിവാദത്തിൽ ഇടം പിടിച്ചിരുന്നു.
അതേസമയം പി.എസ്.ജി മെസിയുമായി ഇതിനോടകം തന്നെ കരാർ ഒപ്പ് വെച്ചിട്ടുണ്ട് എന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. ഇ.എസ്.പി.എനാണ് വാർത്ത പുറത്ത് വിട്ടത്.

2024വരെ മെസിയെ പി.എസ്.ജിയിൽ പിടിച്ചു നിർത്തണമെന്ന് ക്ലബ്ബിന് താല്പര്യമുണ്ടെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. മെസി ക്ലബ്ബിൽ ഉണ്ടെങ്കിൽ മാത്രമേ പി.എസ്.ജിക്ക് ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ സാധിക്കൂ എന്നാണ് ക്ലബ്ബ് മാനേജ്മെന്റിന്റെ അഭിപ്രായം.

Content Highlights: PSG should not let Messi stay in the team. said Jerome Rothen

We use cookies to give you the best possible experience. Learn more