| Friday, 10th March 2023, 5:34 pm

ചാമ്പ്യന്‍സ് ലീഗില്‍ നാണംകെട്ട തോല്‍വി; സൂപ്പര്‍ ട്രയോയില്‍ രണ്ടുപേരെ ഉടന്‍ പുറത്താക്കുമെന്ന് പി.എസ്.ജി

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതോടെ ക്ലബ്ബില്‍ വന്‍ അഴിച്ചുപണി നടത്താനൊരുങ്ങി പി.എസ്.ജി. സൂപ്പര്‍താരങ്ങളായ ലയണല്‍ മെസി, നെയ്മര്‍, എംബാപ്പെ എന്നിവരില്‍ രണ്ട് പേരെ ഉടന്‍ പുറത്താക്കുമെന്നാണ് റിപ്പോര്‍ട്ട്. വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ സൂപ്പര്‍ ട്രയോയില്‍ രണ്ട് പേരെ മാത്രമെ പി.എസ്.ജി നില്‍നിര്‍ത്തൂ എന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പി.എസ്.ജിയുടെ നിലവിലെ സാഹചര്യത്തില്‍ മെസിയെയും നെയ്മറിനെയും എംബാപ്പെയെയും ഒരുമിച്ച് നിലനിര്‍ത്താന്‍ മാനേജ്മെന്റ് ഒരുക്കമല്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആക്രമണ നിരയില്‍ രണ്ട് സൂപ്പര്‍താരങ്ങള്‍ മതിയെന്നാണ് പി.എസ്.ജിയുടെ തീരുമാനം. എംബാപ്പെയെ നിലനിര്‍ത്തിക്കൊണ്ടുള്ള പദ്ധതികളാണ് പി.എസ്.ജി മെനയുന്നതെന്നും താരത്തിനൊപ്പം മെസിയെ പരിഗണിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എല്‍ നാഷണലിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം നെയ്മറെ റിലീസ് ചെയ്യാനാണ് പി.എസ്.ജി ഒരുങ്ങുന്നത്. എന്നാല്‍ നെയ്മര്‍ അതിന് ഒരുക്കമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. താരത്തിന് 2025 വരെ പി.എസ്.ജിയില്‍ കരാറുണ്ട്.

എന്നാല്‍ പി.എസ്.ജിയില്‍ താരങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങളും ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റ പ്രഹരവുമാണ് പി.എസ്.ജിയെ ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് സര്‍ജറിക്ക് വിധേയനായതിനാല്‍ ഈ സീസണില്‍ നെയ്മര്‍ കളിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അതേസമയം, മെസിയുടെ ക്ലബ്ബ് ഫുട്‌ബോളിലെ ഭാവി അനിശ്ചിതത്വത്തിലാണ്. 2021ലാണ് ബാഴ്‌സലോണയില്‍ നിന്നും ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിലേക്ക് മെസി കൂടുമാറ്റം നടത്തുന്നത്. വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കുക.

ലോകകപ്പിന് മുമ്പ് തന്നെ പി.എസ്.ജി മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വേള്‍ഡ് കപ്പിന് ശേഷം മതിയെന്നായിരുന്നു മെസിയുടെ നിലപാട്. ഇതിനിടെ മെസി മുന്‍ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകുമെന്നുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

എന്നാല്‍ ബാഴ്‌സ പ്രസിഡന്റ് ജോണ്‍ ലപോര്‍ട്ടയുമായി പിരിഞ്ഞാണ് മെസി ക്ലബ്ബ് വിട്ടതെന്നതിനാല്‍ ഇനിയൊരു തിരിച്ചുപോക്കുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: PSG sells two of Lionel Messi, Kylian Mbappe and Neymar on this summer, says report

We use cookies to give you the best possible experience. Learn more