| Sunday, 5th February 2023, 9:16 pm

അക്കാര്യത്തില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്; പി.എസ്.ജിയില്‍ മെസിയുടെ കരാറിന്റെ അപ്‌ഡേറ്റുമായി സ്‌പോര്‍ടിങ് അഡ്വെെസര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കരാറിനെ കുറിച്ച് പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ സ്‌പോര്‍ട്ടിങ് അഡ്വെെസര്‍ ലൂയീസ് കാംപോസ്. ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജിയില്‍ മെസിയുടെ കരാര്‍ അവസാനിക്കാനിരിക്കെയാണ് കാംപോസ് താരത്തിന്റെ കരാറുമായുള്ള അപ്‌ഡേറ്റ് നല്‍കിയത്.

മെസിയെ പി.എസ്.ജിയില്‍ നിലനിര്‍ത്താന്‍ തന്നെയാണ് ലീഗ് വണ്‍ വമ്പന്‍മാര്‍ ശ്രമിക്കുന്നത്. ലോകത്തിലെ ഏറ്റവും മൂര്‍ച്ചയേറിയ ആക്രമണ നിരയാക്കി പി.എസ്.ജിയെ നിലനിര്‍ത്താനും ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയെടുക്കാനും താരം ടീമിനൊപ്പം വേണമെന്നാണ് ടീം കണക്കുകൂട്ടുന്നത്.

2021ല്‍ ബാഴ്‌സയില്‍ നിന്നും ഫ്രീ ഏജന്റായിട്ടാണ് പി.എസ്.ജിയിലെത്തിയത്. ടീമിലെത്തിയ ആദ്യ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മെസിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഈ സീസണില്‍ താരം മികച്ച രീതിയിലാണ് പാരീസ് വമ്പന്‍മാര്‍ക്കായി തുടരുന്നത്.

സീസണില്‍ ഗോളടിക്കുക മാത്രമല്ല, സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിച്ചുമാണ് തിളങ്ങുന്നത്. സീസണില്‍ പി.എസ്.ജിക്കായി 24 മത്സരത്തില്‍ നിന്നും 15 തവണ വലകുലുക്കിയ താരം 14 തവണ സഹതാരങ്ങള്‍ക്ക് ഗോളടിക്കാന്‍ അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് മെസിയുടെ കരാറിനെ കുറിച്ചുള്ള അപ്‌ഡേറ്റ് നല്‍കിയത്.

‘ഞങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ പ്രൊജക്ടില്‍ അദ്ദേഹം ടീമിനൊപ്പം വേണമെന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹം ടീമിനൊപ്പം തുടരുകയാണെങ്കില്‍ ഞാന്‍ ഏറെ സന്തുഷ്ടനായിരിക്കും,’ കാംപോസ് പറഞ്ഞു.

തന്റെ ബാഴ്‌സയിലേക്കുള്ള മടങ്ങിപ്പോക്കിനെ കുറിച്ച് കഴിഞ്ഞ ദിവസം മെസി പറഞ്ഞിരുന്നു. കരിയര്‍ അവസാനിപ്പിച്ച ശേഷം ബാഴ്‌സയിലേക്ക് മടങ്ങാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അത് തന്റെ വീടാണെന്നുമാണ് മെസി പറഞ്ഞത്.

‘എന്റെ കരിയര്‍ പൂര്‍ത്തിയാക്കുമ്പോള്‍ ബാഴ്സലോണയിലേക്ക് മടങ്ങും, കാരണം അത് എന്റെ വീട് തന്നെയാണ്,’ എന്നായിരുന്നു കറ്റാലന്‍മാരുടെ പാളയത്തിലേക്ക് മടങ്ങിയെത്തുന്നതിനെ കുറിച്ച് മെസി പറഞ്ഞത്.

2021ലായിരുന്നു മെസി താന്‍ കളയിടവ് പഠിച്ച ബാഴ്‌സയില്‍ നിന്നും പി.എസ്.ജിയിലെത്തിയത്. 2004 മുതല്‍ 2021 വരെയുള്ള 17 വര്‍ഷമായിരുന്നു മെസി കറ്റാലന്‍മാര്‍ക്കൊപ്പമുണ്ടായിരുന്നത്. ഇക്കാലയളവില്‍ താരം ബാഴ്‌സക്കൊപ്പം നിരവധി ലീഗ് ടൈറ്റിലുകളും ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും താരം സ്വന്തമാക്കിയിരുന്നു.

Content highlight: PSG’s sporting advisor about Messi’s contract with the team

We use cookies to give you the best possible experience. Learn more