ലീഗ് വണ്ണിൽ പാരീസ് സെന്റ് ജെർമന് സീസണിലെ ആദ്യത്തെ തോൽവി. സ്വന്തം മണ്ണിൽ ഒ.ജി.സി നൈസ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പി.എസ്.ജിയെ തോൽപ്പിച്ചത്.
പരിക്ക് മാറി ആദ്യ ഇലവനിൽ തിരിച്ചെത്തിയ സൂപ്പർ താരം കിലിയൻ എംബാപ്പെ ഇരട്ടഗോൾ നേടിയെങ്കിലും പാരീസിന് ജയം മാത്രം അകന്ന് നിന്നു.
മത്സരത്തിന്റെ 21ാം മിനുറ്റിൽ ടെറാം മൊഫിയിലൂടെ നൈസ് ആദ്യ ഗോൾ നേടിയത്. പാരീസ് ഗോൾ കീപ്പർ ഡൊണറൂമയെ കാഴ്ചക്കാരനക്കി കൊണ്ട് പെനാൽറ്റി ബോക്സിൽ നിന്നും താരം ഷോട്ട് പായിക്കുകയായിരുന്നു.
മത്സരത്തിന്റെ 29ാം മിനുറ്റിൽ സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഗോളിലൂടെ പി.എസ്.ജി മത്സരത്തിൽ ഒപ്പമെത്തി. അഷ്‌റഫ് ഹക്കീമിയിൽ നിന്നും പന്ത് സ്വീകരിച്ച എംബാപ്പെ പെനാൽറ്റി ബോക്സിന്റെ പുറത്തുനിന്നും പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു.
ആദ്യ പകുതിയിൽ ഒരുപിടി മികച്ച അവസരങ്ങൾ ഇരുടീമിനും ലഭിച്ചുവെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ 53ാം മിനുറ്റിൽ പി.എസ്.ജി യുടെ പ്രതിരോധത്തിൽ വിള്ളലേൽപ്പിച്ചുകൊണ്ട് ഗെയ്തൻ ലാബോർഡെ നൈസിന് വേണ്ടി രണ്ടാം ഗോൾ നേടി.
മത്സരത്തിന്റെ 68ാം മിനുറ്റിൽ പന്തുമായി ഒറ്റക്ക് എതിർ പോസ്റ്റിലേക്ക് നീങ്ങിയ ടെറാം മൊഫി പെനാൽറ്റി ബോക്സിന്റെ പുറത്തുനിന്നും തൊടുത്തുവിട്ട ഷോട്ട് പി.എസ്.ജി യുടെ പോസ്റ്റിലേക്ക് കയറുകയായിരുന്നു. മത്സരത്തിൽ നൈസിന് വേണ്ടി മോഫി നേടിയ രണ്ടാം ഗോൾ കൂടിയായിരുന്നു ഇത്.
ഗോൾ മടക്കാൻ ശ്രെമിച്ച പി എസ് ജി മത്സരത്തിന്റെ 87ാം മിനുറ്റിൽ സൂപ്പർതാരം കിലിയൻ എംബാപ്പെയിലൂടെ വീണ്ടും ഗോൾ നേടി. ഫൈനൽ വിസിൽ മുഴങ്ങും വരെ സമനില ഗോളിനായി മികച്ച ആക്രമണം നടത്തിയെങ്കിലും ഒന്നും ലക്ഷത്തിലെത്തിക്കാൻ സാധിക്കാത്തത് ടീമിന് തിരിച്ചടിയായി. ഒടുവിൽ മത്സരം അവസാനിക്കുമ്പോൾ 3-2 ന് നൈസ് വിജയിക്കുകയായിരുന്നു.
ലീഗ് വണ്ണിൽ നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്നും രണ്ട് വിജയവും ഒരു സമനിലയും ഉൾപ്പെടെ എട്ട് പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് പി.എസ്.ജി.
അതേസമയം ഈ വിജയത്തോടുകൂടി അഞ്ച് മത്സരങ്ങളിൽ നിന്നും രണ്ട് വിജയങ്ങളും മൂന്ന് സമനിലുകളും ഉൾപ്പെടെ ഒമ്പത് പോയിന്റുമായി പാരീസിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനും നൈസിന് സാധിച്ചു.
സെപ്റ്റംബർ 20 ന് ചാമ്പ്യൻസ് ലീഗിൽ സ്വന്തം തട്ടകത്തിൽ ജർമൻ വമ്പൻമാരായ ബോറൂസിയ ഡോർട്മുണ്ടിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.
Content Highlight: PSG’s first defeat in League One this season.