ഈ സീസണോടെ ക്ലബ്ബ് വിടാനൊരുങ്ങുന്ന കിലയന്‍ എംബാപ്പെയുടെ ചിത്രം തങ്ങളുടെ വെബ്‌സൈറ്റ് കവറില്‍ നിന്നും നീക്കി പാരീസ് സെന്റ് ഷെര്‍മാങ്. ഈ സമ്മറില്‍ താരം പാരീസ് വിട്ട് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡുമായി കൈകോര്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാകുന്നതിനിടെയാണ് പി.എസ്.ജി താരത്തിന്റെ ചിത്രം ഒഴിവാക്കിയിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.
നെയ്മര്‍ ജൂനിയര്‍, മാര്‍ക്വിന്യോസ്, മാര്‍കോ വെറാട്ടി, ലൂക്കാസ് ഹെര്‍ണാണ്ടസ്, ലീ കാങ്-ഇന്‍ എന്നിവരാണ് നിലവില്‍ പി.എസ്.ജിയുടെ വെബ്‌സൈറ്റിന്റെ കവര്‍ ചിത്രത്തിലുള്ളത്.
പുതിയ സീസണ് മുന്നോടിയായുള്ള പ്രീ സീസണ്‍ ടൂറിലാണ് പാരീസ് വമ്പന്‍മാര്‍. ജപ്പാനിലും സൗത്ത് കൊറിയയിലുമാണ് ടീം പര്യടനം നടത്തുന്നത്. എന്നാല്‍ എംബാപ്പെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല.
ടീമില്‍ തുടരാന്‍ താത്പര്യമില്ല എന്ന് എംബാപ്പെ അറിയിച്ചതോടെ താരത്തെ വില്‍ക്കാനാണ് പാരീസ് സെന്റ് ഷെര്‍മാങ് നിര്‍ബന്ധിതരായിരിക്കുന്നത്. കരാര്‍ അവസാനിച്ച് ഫ്രീ ഏജന്റാവുന്നതിനേക്കാള്‍ എംബാപ്പെയെ വില്‍ക്കുന്നതാണ് ടീമിന് ലാഭകരമെന്നതിനാലാണ് പി.എസ്.ജി ഇത്തരമൊരു നീക്കത്തിന് മുതിരുന്നത്.
2024ല്‍ പാരീസിയന്‍ ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കുന്ന എംബാപ്പെയെ ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ നിലനിര്‍ത്താനായിരുന്നു പി.എസ്.ജിയുടെ പദ്ധതി. വമ്പന്‍ ഓഫറുകള്‍ നല്‍കി നിലനിര്‍ത്തിയ എംബാപ്പെ ടീമിനൊപ്പമുണ്ടാകുമെന്ന് തന്നെയാണ് അവര്‍ കരുതിയിരുന്നത്.
എന്നാല്‍ 2025 വരെ ടീമില്‍ തുടരാന്‍ സാധിക്കില്ലെന്നും അടുത്ത സീസണോടെ താന്‍ ടീം വിടുമെന്നും പി.എസ്.ജിയെ അറിയിച്ചോടെയാണ് എംബാപ്പെയെ വില്‍ക്കാനുള്ള പദ്ധതിയുമായി ടീം മുമ്പോട്ട് പോകുന്നത്.
എംബാപ്പെയെ ടീമിലെത്തിച്ച് തങ്ങളുടെ സ്വപ്ന സൈനിങ് പൂര്‍ത്തിയാക്കാനാണ് റയല്‍ മാഡ്രിഡ് ഒരുങ്ങുന്നത്. കഴിഞ്ഞ സീസണില്‍
എംബാപ്പെയെ ടീമിലെത്തിക്കാന്‍ റയല്‍ മാഡ്രിഡ് ശ്രമം നടത്തിയിരുന്നെങ്കിലും ട്രാന്‍സ്ഫര്‍ പ്രക്രിയകളുടെ അവസാന നിമിഷം വമ്പന്‍ ഓഫര്‍ നല്‍കി പി.എസ്.ജി താരത്തെ നിലനിര്‍ത്തുകയായിരുന്നു.
ഇക്കാര്യത്തില്‍ റയല്‍ പരിശീലകന്‍ ആന്‍സലോട്ടിക്ക് താരത്തിനോട് ദേഷ്യമുണ്ടെന്ന് നേരത്തെ സ്പോര്‍ട്സ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ കണ്ണുതള്ളുന്ന ഓഫറുമായാണ് ഇപ്പോള്‍ റയല്‍ എംബാപ്പെക്ക് പിന്നാലെ കൂടിയിരിക്കുന്നത്. 200 മില്യണ്‍ യൂറോയുടെ ഓഫറാണ് റയല്‍ എംബാപ്പെക്ക് മുമ്പില്‍ വെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഡേന എസ്.ഇ.ആറിന്റെ റിപ്പോര്‍ട്ട് പ്രകാരം റയല്‍ ഇതിനോടകം തന്നെ എംബാപ്പെക്കായി നീക്കം തുടങ്ങിയിട്ടുണ്ട്. ടീം വിട്ട കരീം ബെന്‍സെമക്ക് പകരക്കാരനാകാനുള്ള പെര്‍ഫെക്ട് ഓപ്ഷനായാണ് ലോസ് ബ്ലാങ്കോസ് തങ്ങളുടെ ഡ്രീം സൈനിങ്ങിനെ കാണുന്നത്.
Content Highlight: PSG removed Kylian Mbappe from website cover picture