ഫിഫ ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ തകര്‍ത്താണ് അര്‍ജന്റീന വിശ്വകിരീടമുയര്‍ത്തിയത്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകിരീടമുയര്‍ത്താനായതിന്റെ ആഘോഷം വലിയ രീതിയിലാണ് അര്‍ജന്റീന കൊണ്ടാടിയത്.
വിരമിക്കുന്നതിന് മുമ്പ് രാജ്യത്തിനായി ലോകകപ്പ് നേടുകയെന്ന അര്‍ജന്റൈന്‍ ഇതിഹാസ താരം ലയണല്‍ മെസിയുടെ സ്വപ്‌ന സാക്ഷാത്കാരം കൂടിയാണ് ഇവിടെ നിറവേറിയത്.
നിലവിലെ തന്റെ ക്ലബ്ബായ പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടില്‍ (പാര്‍ക്ക് ഡെസ് പ്രിന്‍സസ്) ലോകകപ്പ് ഫുട്‌ബോള്‍ കിരീടം പ്രദര്‍ശിപ്പിക്കണമെന്ന ആഗ്രഹം മെസി പ്രകടിപ്പിച്ചിരുന്നു.
പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ ആരാധകര്‍ക്ക് മുന്നില്‍ തന്റെ സ്വപ്‌ന നേട്ടമായ ഫിഫ ലോകകപ്പ് ട്രോഫി പ്രദര്‍ശിപ്പിക്കണമെന്ന് മെസിക്ക് അതിയായ ആഗ്രഹമുണ്ടെന്നും അതിനായി ക്ലബ്ബ് അധികൃതരോട് അനുവാദം ചോദിച്ചെന്നും സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ ഗോള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ പി.എസ്.ജി ഇതിന് അനുമതി നല്‍കിയിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ലോകകപ്പ് ഫൈനലില്‍ തങ്ങളുടെ രാജ്യത്തെ പരാജയപ്പെടുത്തി മറ്റൊരു രാജ്യം നേടിയ ലോകകപ്പ് പ്രദര്‍ശിപ്പിക്കുന്നത് ആരാധകര്‍ക്ക് അത്രക്കിഷ്ടപ്പെട്ടേക്കില്ലെന്നും അത് ക്ലബ്ബിന് മോശം ഇമ്പാക്ട് ഉണ്ടാക്കുമെന്ന് പി.എസ്.ജി ഭയക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാത്രമല്ല, ലോകകപ്പിലെ തോല്‍വിയില്‍ ഫ്രഞ്ച് താരങ്ങള്‍ നിരാശരാണെന്നും വിശ്വകിരീടം പ്രദര്‍ശിപ്പിക്കുന്നത് അവരെ കൂടുതല്‍ അസ്വസ്ഥരാക്കുമെന്നത് തങ്ങളുടെ പരിഗണയിലുണ്ടെന്നും പി.എസ്.ജി സൂചിപ്പിച്ചതായ് റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടത്തിന് പിന്നാലെ താരങ്ങള്‍ അത് ആഘോഷിച്ച രീതിയിലും ഫ്രാന്‍സ് ആരാധകര്‍ അസ്വസ്ഥരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രത്യേകിച്ച് കിലിയന്‍ എംബാപ്പെയെ അപകീര്‍ത്തിച്ച് കൊണ്ട് അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് നടത്തിയ ആഘോഷങ്ങള്‍ ഫ്രഞ്ച് ആരാധകരെ കട്ടക്കലിപ്പിലാക്കിക്കഴിഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തില്‍ മെസിക്ക് ലോകകപ്പ് പ്രദര്‍ശിപ്പിക്കാനുള്ള അനുമതി പി.എസ്.ജി നല്‍കാത്തതില്‍ അത്ഭുതമില്ലെന്നാണ് പൊതുവെയുള്ള പരാമര്‍ശം.