2022 ഫിഫ ലോകകപ്പ് വിജയത്തിന് ശേഷം പി.എസ്.ജിയിലെത്തിയപ്പോള്‍ ക്ലബ്ബ് വേണ്ടവിധത്തില്‍ അത് ആഘോഷിച്ചില്ലെന്ന ലയണല്‍ മെസിയുടെ പരാമര്‍ശത്തിനെതിരെ ക്ലബ്ബ് പ്രസിഡന്റായ നാസര്‍ അല്‍- ഖലീഫി.
മെസ്സിക്ക് തങ്ങള്‍ അഭിനന്ദനം അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍, ഫൈനലില്‍ അര്‍ജന്റീന തോല്‍പിച്ച ഫ്രാന്‍സിലെ ഒരു ക്ലബ്ബാണ് പി.എസ്.ജിയെന്നും അതിനാല്‍ വമ്പന്‍ ആഘോഷങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും ഖലീഫി പറഞ്ഞു.
‘ പുറത്ത് ഇതിനെ കുറിച്ച് ഒരുപാട് സംസാരം കേട്ടു. മെസി എന്താണ് പറഞ്ഞതെന്നോ എന്താണ് പറയാതിരുന്നതെന്നോ എനിക്കറിയില്ല. ഞങ്ങള്‍ മെസിയുടെ ലോകപ്പ് വിജയത്തെ കുറിച്ച് ഒരു വീഡിയോ വരെ ചെയ്തതാണ്. അത് എല്ലാവരും കാണുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ ഞങ്ങള്‍ പരിശീലത്തിനടയിലും അഭിനന്ദിച്ചിട്ടുണ്ട് സ്വകാര്യമായ അഭിനന്ദന ചടങ്ങാണ് സംഘടിപ്പിച്ചത്. എല്ലാ ബഹുമാനവും മെസിയോടുള്ളപ്പോഴും ഞങ്ങളുടെയൊരു ഫ്രഞ്ച് ക്ലബ്ബാണെന്നും ഓര്‍ക്കണം,’ ഖലീഫി പറഞ്ഞു.
ഇക്കാരണം കൊണ്ട് വലിയ പാര്‍ട്ടി നടത്താന്‍ തങ്ങള്‍ക്ക് കഴിയില്ലായിരുന്നുവെന്നും ഖലീഫി കൂട്ടിച്ചേര്‍ത്തു.
‘മെസിയും അര്‍ജന്റൈന്‍ പടയും പരാജയപ്പെടുത്തിയ രാജ്യത്തെയും ക്ലബ്ബിലെ ഫ്രഞ്ച് താരങ്ങളെയും ഞങ്ങളുടെ ആരാധകരെയും കണക്കിലെടുക്കേണ്ടതുണ്ടായിരുന്നു. സ്റ്റേഡിയത്തില്‍ ഒരു പാര്‍ട്ടി സംഘടിപ്പിക്കുകയെന്നത് വളരെ ആലോചിച്ച് ചെയ്യേണ്ട കാര്യവുമായിരുന്നു,’ ഖലീഫ് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയായിരുന്നു ലോകകപ്പ് നേടിയിട്ടും തന്റെ ക്ലബ്ബായ പി.എസ്.ജിയില്‍ നിന്നും അര്‍ഹിക്കുന്ന ആദരവ് ലഭിച്ചില്ലെന്ന് മെസി പറഞ്ഞത്.
ലോകകപ്പ് നേടിയ തന്റെ ടീമിലെ 25 താരങ്ങളില്‍ സ്വന്തം ക്ലബ്ബില്‍ നിന്ന് യാതൊരു അംഗീകാരവും ലഭിക്കാത്ത ഏക കളിക്കാരന്‍ താനാണെന്നാണ് മെസി പറഞ്ഞത്. ഓള്‍ഗ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം പങ്കുവെച്ചത്.
‘പി.എസ്.ജിയുടെ അവസ്ഥ മനസിലാക്കാവുന്നതാണ്. 2018ല്‍ ഫ്രാന്‍സ് വിജയിച്ചപ്പോള്‍ ഞങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. ഇത്തവണ ഫ്രാന്‍സിന് കിരീടം നേടാനായില്ല. അര്‍ജന്റീന ടീമിലെ 25 താരങ്ങളില്‍ ലോകകപ്പ് നേടിയതിന് ക്ലബ്ബില്‍ നിന്ന് അംഗീകാരം ലഭിക്കാതിരുന്ന ഏക കളിക്കാരന്‍ ഞാന്‍ മാത്രമാണ്,’ മെസി പറഞ്ഞു.
Content Highlight: PSG President Nasser Al khaleefi’s reply to Lionel Messi’s Statement