| Saturday, 16th September 2023, 1:18 pm

മെസിക്കും നെയ്മറിനും ലഭിച്ചില്ല; സൂപ്പര്‍ താരത്തിന് ഗംഭീര വിടവാങ്ങലൊരുക്കി പി.എസ്.ജി

സ്പോര്‍ട്സ് ഡെസ്‌ക്

ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പി.എസ്.ജി തോല്‍വി വഴങ്ങിയിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നൈസ് ആണ് പി.എസ്.ജിയെ തോല്‍പ്പിച്ചത്. മത്സരത്തില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇരട്ട ഗോളുകള്‍ നേടിയിട്ടും പി.എസ്.ജിക്ക് വിജയിക്കാനായില്ല. ഇതുവരെ നടന്ന അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമാണ് പാരീസിയന്‍സിന് നേടാനായത്.

മത്സരത്തിന് മുമ്പ് സൂപ്പര്‍ താരം മാര്‍ക്കോ വെരാട്ടിക്ക് പി.എസ്.ജി ഗംഭീര യാത്രയയപ്പ് നല്‍കിയിരുന്നു. ഖത്തര്‍ ക്ലബ്ബായ അല്‍ അറബിയിലേക്കാണ് വെരാട്ടി പോകുന്നത്. 2012ല്‍ പി.എസ്.ജിയിലെത്തിയ വെരാട്ടി നീണ്ട 11 വര്‍ഷം പാര്‍ക്ക് ഡെസ് പ്രിന്‍സസില്‍ ചെലവഴിച്ചാണ് യാത്രയാകുന്നത്. യാത്രയയപ്പിന് പി.എസ്.ജി അള്‍ട്രാസും ഉണ്ടായിരുന്നു.

എന്നാല്‍ പി.എസ്.ജിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുകയാണിപ്പോള്‍. ക്ലബ്ബിനായി മികച്ച ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നടത്തിയിട്ടും സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിക്കും നെയ്മറിനും പി.എസ്.ജിയോ പി.എസ്.ജി അള്‍ട്രാസോ ഫെയര്‍ വെല്‍ നല്‍കാതിരുന്നതിനാലാണ് ആരാധകരുടെ പ്രതിഷേധം.

പി.എസ്.ജിയിലുണ്ടായിരുന്നപ്പോഴും ക്ലബ്ബ് വിട്ടതിന് ശേഷവും പി.എസ്.ജി അള്‍ട്രാസ് ഇരു താരങ്ങളെയും വേട്ടയാടിയതും പ്രതിഷേധത്തിനിടയാക്കി. എന്നിരുന്നാലും മെസിയെയും നെയ്മറെയും പി.എസ്.ജി അര്‍ഹിക്കുന്നില്ലെന്നും ഇരു താരങ്ങളും ക്ലബ്ബ് വിട്ടതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, പി.എസ്.ജിക്കായി 416 മത്സരങ്ങളില്‍ വെരാട്ടി ബൂട്ടുകെട്ടിയിട്ടുണ്ട്. ക്ലബ്ബിനായി ട്രോഫി ഉയര്‍ത്തിയ മത്സരങ്ങളില്‍ 11 ഗോളുകളും 61 അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം.

പി.എസ്.ജിക്കായി ഒമ്പത് ലീഗ് വണ്‍ ടൈറ്റിലുകള്‍, ആറ് കോപ്പ ഡി ഫ്രാന്‍സ്, ആറ് ഫ്രഞ്ച് ലീഗ് കപ്പുകള്‍, ഒമ്പത് ട്രോപീ ഡെസ് ചാമ്പ്യന്‍സ് എന്നിവ നേടുന്നതില്‍ വെരാട്ടി പങ്കുവഹിച്ചിട്ടുണ്ട്.

Content Highlights: PSG pays special tribute to Marco Veratti

We use cookies to give you the best possible experience. Learn more