| Monday, 22nd May 2023, 6:06 pm

കപ്പിനും ചുണ്ടിനും ഇടയില്‍ ഒരു പോയിന്റ് അകലം; ചരിത്രത്തിലേക്ക് ഒരുപടി കൂടിയടുത്ത് മെസ്സിപ്പട

സ്പോര്‍ട്സ് ഡെസ്‌ക്

പാരീസ്: ഫ്രഞ്ച് ലീഗിലെ കിരീട കുതിപ്പ് തുടരുകയാണ് പി.എസ്.ജി. താരനിബിഡമായ ക്ലബ്ബ് തങ്ങളുടെ പതിനൊന്നാം ഫ്രഞ്ച് ലീഗ് കിരീടത്തിനരികെയാണ് ഇപ്പോഴുള്ളത്. സീസണില്‍ രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കെ, വെറും ഒരു പോയിന്റ് കൂടി മാത്രം മതി നിലവില്‍ അവര്‍ക്ക് ലീഗ് കിരീടത്തില്‍ മുത്തമിടാന്‍.

ഇതോടൊപ്പം മറ്റൊരു ചരിത്രനേട്ടം കൂടി അവരെ കാത്തിരിപ്പുണ്ട്. ഫ്രഞ്ച് ലീഗിന്റെ ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന കിരീടനേട്ടം സ്വന്തമാക്കിയ ക്ലബ്ബായി മാറാനുള്ള അവസരമാണ് മെസ്സിപ്പടയെ കാത്തിരിക്കുന്നത്. നിലവില്‍ 10 ഫ്രഞ്ച് ലീഗ് കിരീടങ്ങള്‍ എന്ന സുവര്‍ണ നേട്ടം മറ്റൊരു ഫ്രഞ്ച് ക്ലബ്ബായ എ.എസ് സെന്റ് എറ്റിയനുമായി പങ്കുവെക്കുകയാണ് അവര്‍.

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ ലെന്‍സിനേക്കാള്‍ ആറ് പോയിന്റിന് മുന്നിലാണ് പി.എസ്.ജി എന്നതിനാല്‍ തന്നെ അവര്‍ക്ക് കാര്യമായ വെല്ലുവിളികളില്ലെന്നതാണ് സത്യം. ഈ വാരാന്ത്യത്തില്‍ സ്ട്രാസ്‌ബോര്‍ഗുമായാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. ഈ മത്സരത്തില്‍ ഒരു പോയിന്റ് കൂടി നേടുകയാണ് ടീമിന്റെ ലക്ഷ്യം.

36 മത്സരങ്ങളില്‍ നിന്ന് 27 ജയവും മൂന്ന് സമനിലയും ആറ് തോല്‍വിയും സഹിതം 84 പോയിന്റാണ് പി.എസ്.ജിയുടെ സമ്പാദ്യം. ഇത്രയും മത്സരങ്ങളില്‍ നിന്ന് 78 പോയിന്റ് നേടി രണ്ടാം സ്ഥാനത്തുള്ള ലെന്‍സിന് കൈയെത്തി പിടിക്കാവുന്ന ദൂരത്തിലല്ല പി.എസ്.ജി. ആദ്യ രണ്ട് സ്ഥാനക്കാരും സ്വാഭാവികമായും യുവേഫ ചാമ്പ്യന്‍സ് ലീഗിനും യോഗ്യത നേടും.

ഇന്നലെ ലീഗ് വണ്ണില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളുടെ മികവില്‍ പി.എസ്.ജി ജയിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അവര്‍ ഓക്‌സെറെയെ വീഴ്ത്തിയത്.

ഫാബിയാന്‍ റൂയിസിന്റെ അസിസ്റ്റില്‍ നിന്ന് കളിയുടെ ആറാം മിനിറ്റില്‍ തന്നെ വലകുലുക്കി എംബാപ്പെ തന്റെ ഉദ്ദേശം വ്യക്തമാക്കി. ആദ്യ ഗോളിന്റെ ഞെട്ടലില്‍ നിന്ന് ഓക്‌സെറെ മോചിതരാകും മുമ്പേ രണ്ട് മിനിറ്റിനകം തന്നെ വീണ്ടും എംബാപ്പെ വലകുലുക്കി. സീസണില്‍ 28 ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ മുന്നിലോടുകയാണ് എംബാപ്പെ. ഇന്നലെ മൂന്നാമതൊരു ഗോള്‍ കൂടി വലയിലെത്തിച്ച് ഹാട്രിക്ക് നേടിയെന്ന് തോന്നിപ്പിച്ചെങ്കിലും, ഒടുവില്‍ എംബാപ്പെയുടെ ശ്രമം ഓഫ് സൈഡാണെന്ന് റഫറി വിധിയെഴുതി.

അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ അസിസ്റ്റില്‍ നിന്നാണ് രണ്ടാമത്തെ ഗോള്‍ പിറന്നത്. ഇന്നലെ പിറന്ന രണ്ട് ഗോളുകളിലും മെസ്സിയുടെ പങ്കാളിത്തം ഉണ്ടായിരുന്നു. ഫ്രഞ്ച് ലീഗിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ലിയോണിന്റെ സ്‌ട്രൈക്കര്‍ അലക്‌സാേ്രണ്ട ലക്കാസെറ്റേക്ക് 26 ഗോളുകളാണ് സമ്പാദ്യം.

content highlights: psg on the verge of league title winning, new history awaits the messi team

We use cookies to give you the best possible experience. Learn more