| Thursday, 15th September 2022, 8:33 pm

പൈസ വേണേല്‍ അങ്ങോട്ട് തരാം, ഇവനെ ഒന്ന് കൊണ്ട് പോ; ഗോള്‍ കീപ്പറെ പുറത്താക്കനൊരുങ്ങി പി.എസ്.ജി

സ്പോര്‍ട്സ് ഡെസ്‌ക്

പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ സൂപ്പര്‍ താരം കെയ്‌ലര്‍ നവാസിനെ ടീം ഒഴിവാക്കൊനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഗ്രീക്ക് ക്ലബ്ബായ ഒളിമ്പിയക്കോസിലേക്ക് താരത്തെ ഓഫ് ലോഡ് ചെയ്യാനാണ് ടീം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മുന്‍ റയല്‍ മാഡ്രിഡ് ഗോള്‍കീപ്പറെ ടീമിലെത്തിക്കാന്‍ തങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് ഒളിമ്പിയക്കോസ് വ്യക്തമാക്കിയിരുന്നു.

ഗ്രീസിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഇപ്പോഴും ഓപ്പണാണ് എന്നത് ഈ റിപ്പോര്‍ട്ടുകളെ സ്ഥിരീകരിക്കുന്നുന്നു. എന്നാല്‍ അവര്‍ക്ക് താരത്തെ ടീമിലെത്തിക്കാന്‍ ഒരുപക്ഷേ സാധിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

കോസ്റ്റാറിക്കന്‍ ഇന്റര്‍നാഷണലിന്റെ സാലറിയാണ് ഗ്രീക്ക് ക്ലബ്ബിന് മുമ്പിലെ ഏറ്റവും വലിയ പ്രതിസന്ധി എന്നാണ് കരുതുന്നത്.

15 ദശലക്ഷം യൂറോയാണ് പി.എസ്.ജിയില്‍ താരത്തിന്റെ പ്രതിഫലം. എന്നാല്‍ താരം ടീം മാറുകയാണെങ്കില്‍ 2024 വരെ നവാസിന്റെ പ്രതിഫലത്തിന്റെ വലിയൊരു ഭാഗം തങ്ങള്‍ വഹിക്കാന്‍ തയ്യാറാണെന്ന് പി.എസ്.ജി പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

കള്‍ച്ചര്‍ പി.എസ്.ജിയിലെ ഒരു ആര്‍ട്ടിക്കിളാണ് താരത്തിന്റെ ടീം മാറ്റത്തെ കുറിച്ച് പ്രതിപാദിക്കുന്നത്.

പി.എസ്.ജിയുടെ സ്റ്റാര്‍ട്ടിങ് ലൈന്‍ അപ്പില്‍ കെയ്‌ലര്‍ നവാസിന് കാര്യമായ പങ്കൊന്നും തന്നെ വഹിക്കാനില്ല. പി.എസ്.ജിയുടെ സ്ഥിരം ഗോള്‍ കീപ്പറും ഇറ്റാലിയന്‍ ഇന്റര്‍നാഷണലുമായ ജിയാന്‍ലൂജി ഡൊണാറൂമ്മക്ക് പിന്നില്‍ സെക്കന്‍ഡ് ഫിഡിലായാണ് താരം കളിക്കുന്നത്.

എ. സി മിലാനില്‍ നിന്നും ഡൊണറൂമ്മയെത്തിയതോടെയാണ് പി.എസ്.ജിയില്‍ കെയ്‌ലര്‍ നവാസിന്റെ പ്രതാപം മങ്ങിയത്.

ഈ സമ്മറില്‍ താരം നാപ്പോളിയിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പി.എസ്.ജിയില്‍ തന്നെ തുടരുകയായിരുന്നു.

2019ല്‍ പി.എസ്.ജിയിലെത്തിയ കെയ്‌ലര്‍ നവാസ് ഫ്രഞ്ച് വമ്പന്‍മാര്‍ക്കായി 106 മത്സരത്തില്‍ ഗോള്‍വല കാത്തിട്ടുണ്ട്. 46 ക്ലീന്‍ ഷീറ്റുകളാണ് അദ്ദേഹത്തിനുള്ളത്.

ഇതിന് പുറമെ, റയല്‍ മാഡ്രിഡിന്റെ എക്കാലത്തേയും ഇതിഹാസതാരം മാഴ്‌സലോയെ ഒളിമ്പിയാക്കോസ് ടീമിലെത്തിച്ചിരുന്നു. ഗ്രീക്ക് ട്രാന്‍സ്ഫര്‍ വിന്‍ഡോ അടക്കുന്നതിന് മുമ്പ് സെഡ്രിക് ബകാംബു, ജെയിംസ് റോഡ്രിഗസ് എന്നിവരെയും ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ് ഒളിമ്പിയാക്കോസ്.

അതേസമയം, ചാമ്പ്യന്‍സ് ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ പി.എസ്.ജി വിജയിച്ചിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് പി.എസ്.ജി വിജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ 24 മിനിട്ടില്‍ എതിരാളികള്‍ മുന്നിലെത്തിയെങ്കിലും പി.എസ്.ജിയുടെ എം.എന്‍.എം ത്രയം ഓരോ ഗോള്‍ വീതം സ്വന്തമാക്കിയതോടെ പി.എസ്.ജി മത്സരം വിജയിക്കുകയായിരുന്നു.

Content Highlight: PSG offer experienced star Keylor Navas to Olympiakos ahead of Greek transfer deadline: Reports

We use cookies to give you the best possible experience. Learn more