| Saturday, 16th July 2022, 3:07 pm

ലോകത്ത് എല്ലാവര്‍ക്കുമറിയാം അയാള്‍ എന്താണെന്ന്; മെസിയെ കുറിച്ച് പി.എസ്.ജി കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ആഴ്ചയായിരുന്നു പി.എസ്.ജി പുതിയ കോച്ചിനെ നിയമിച്ചത്. ക്രിസ്റ്റഫര്‍ ഗാല്‍ട്ടിയറാണ് പി.എസ്.ജിയുടെ പുതിയ കോച്ച്. അടുത്ത ഈ സീസണില്‍ മികച്ച പ്രകടനം നടത്താനുള്ള പുറപ്പാടിലാണ് പി.എസ്.ജിപ്പട കച്ചകെട്ടുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു സീസണിന് മുന്നേയുള്ള പി.എസ്.ജിയുടെ ആദ്യ സന്നാഹ മത്സരം. ആദ്യ പ്രീസീസണ്‍ മത്സരത്തില്‍ ക്യവില്ലെ റൂവെനെതിരെ രണ്ട് ഗോളിന് പി.എസ്.ജി വിജയിച്ചിരുന്നു. സെര്‍ജിയോ റാമോസും ദെയ്ദി ഗസാമയുമാണ് ഗോള്‍ നേടിയത്.

മത്സരശേഷം ലയണല്‍ മെസിയെ ആദ്യമായി പരിശീലിപ്പിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് പുതിയ കോച്ചായ ഗാള്‍ട്ടിയര്‍. മൈതാനത്ത് അര്‍ജന്റീനയന്‍ താരം ഉണ്ടാകുന്ന സ്വാധീനത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.

മത്സരഫലത്തെയും മുന്നോട്ടുപോക്കിനെയും വളരെയധികം സ്വാധീനിക്കാന്‍ കഴിവുള്ള താരമാണ് മെസിയെന്നാണ് കഴിഞ്ഞ ദിവസം ഗാള്‍ട്ടിയര്‍ താരത്തെക്കുറിച്ച് പറഞ്ഞത്.

‘കഴിഞ്ഞ പത്തു ദിവസമായി എനിക്കു കാണാന്‍ കഴിയുന്നത് ലയണല്‍ മെസി ടീമില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന താരമാണെന്നാണ്. ഈ ലോകത്തിനു തന്നെയറിയാം താരത്തിന് എന്തെല്ലാം സാധിക്കുമെന്ന്,’ ഫ്രഞ്ച് മാധ്യമം എല്‍ എക്വിപ്പെയോട് സംസാരിക്കുമ്പോള്‍ ഗാള്‍ട്ടിയര്‍ പറഞ്ഞു.

ആദ്യ പ്രീസീസണ്‍ മത്സരത്തില്‍ താരത്തിന് ഗോളൊന്നും നേടാന്‍ സാധിച്ചില്ലായിരുന്നു. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ശേഷം തന്റെ യഥാര്‍ത്ഥ ഫോമിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് മെസിയിപ്പോള്‍.

പോച്ചെട്ടിനോ പരിശീലകനായിരുന്ന സമയത്ത് പി.എസ്.ജിയുടെ ശൈലിയില്‍ പൂര്‍ണസ്വാതന്ത്ര്യം ലഭിക്കാതിരുന്നത് മെസിയുടെ പ്രകടനത്തെ ബാധിച്ചിരുന്നു. അതിന് ശേഷം അര്‍ജന്റീനക്കായി കളിക്കുമ്പോള്‍ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ടീമുമായി ഇണങ്ങിച്ചേര്‍ന്ന്, മൈതാനത്ത് കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചാല്‍ തന്റെ ഏറ്റവും മികച്ച പ്രകടനം മെസി നടത്തുമെന്ന് പലകുറി തെളിയിച്ചതാണ്.

പുതിയ കോച്ചായ ഗാള്‍ട്ടിയര്‍ അദ്ദേഹത്തിന് സ്വന്തം ശൈലിയില്‍ കളിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയാല്‍ മികച്ച പ്രകടനം നടത്തുമെന്നുറപ്പാണ്.

Content Highlights: Psg new coach shares experience with lionel messi

We use cookies to give you the best possible experience. Learn more