| Monday, 19th September 2022, 4:05 pm

കേട്ടില്ലേ എംബാപ്പെ, കണ്ടു പഠിക്കടാ...; നെയ്മറിനെ കുറിച്ചുള്ള പി.എസ്.ജി മാനേജരുടെ വാക്കുകള്‍ ഏറ്റെടുത്ത് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസീലയന്‍ സൂപ്പര്‍താരം നെയ്മറിനെ വാനോളം പുകഴ്ത്തി പി.എസ്.ജി മാനേജര്‍ ക്രിസ്റ്റോഫേ ഗാള്‍ട്ടിയര്‍. ലിയോണക്കെതിരെ നടന്ന മത്സരത്തിന് പിന്നാലെയാണ് നെയ്മറിനെ പുകഴ്ത്തി ഗാള്‍ട്ടിയര്‍ എത്തിയത്.

ഞായറാഴ്ച നടന്ന മത്സരത്തില്‍ 1-0 നാണ് ലിയോണയെ പാരിസ് സെന്റ് ഷെര്‍മാങ് തോല്‍പ്പിച്ചത്. മെസിയായിരുന്നു അഞ്ചാം മിനിറ്റില്‍ ഗോള്‍ നേടിയത്. നെയ്മറിന്റെ അസിസ്റ്റിലൂടെയായിരുന്നു മെസി ഗോള്‍ നേടിയത്.

ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ്, മാച്ചില്‍ നിര്‍ണായകമായ നീക്കങ്ങള്‍ നടത്തിയ നെയ്മറിനെ മാനേജര്‍ പുകഴ്ത്തുന്നത്. പി.എസ്.ജിയോടുള്ള നെയ്മറിന്റെ ആത്മാര്‍ത്ഥത ടീമിന്റെ ബാലന്‍സ് നിലനിര്‍ത്താന്‍ ഏറെ സഹായിക്കുന്നുവെന്നും ഗാള്‍ട്ടിയര്‍ പറയുന്നു.

‘നെയ്മറാണ് ടീമിന് ബെസ്റ്റ് ബാലന്‍സ് നല്‍കുന്നത്. ഈ വിജയത്തോടെ ചാമ്പ്യന്‍സ് ലീഗിലേക്ക് ഞങ്ങള്‍ തിരിച്ചുവന്നിരിക്കുകയാണ്. നെയ്മറിന് പരിശ്രമങ്ങളെല്ലാം ആവര്‍ത്തിക്കാനുള്ള കഴിവുണ്ട്. അത്രമാത്രം തീവ്രമാണ് കളിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം.

നെയ്മര്‍ വളരെ ഉദാരമതിയാണ്. മാത്രമല്ല എളുപ്പത്തില്‍ റീപൊസിഷിനങ്ങും ചെയ്യും. ടെക്‌നിക്കലി ബ്രില്യന്റുമാണ്. ഗ്രേറ്റ് പ്ലെയേഴ്‌സ് ഇത്തരം മാച്ചുകളില്‍ ഒന്ന് വേറിട്ട് തന്നെ നില്‍ക്കുമെന്ന് ഞാന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ. നെയ്മറും മെസിയും ഇന്ന് ഗംഭീരമായ പെര്‍ഫോമന്‍സായിരുന്നു നല്‍കിയത്,’ ഗാള്‍ട്ടിയര്‍ പറഞ്ഞു.

ടീമിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് അധ്വാനിക്കുന്നയാളാണ് നെയ്മര്‍. അതുകൊണ്ട് എന്തെങ്കിലും ശരിയായില്ലെങ്കില്‍ ചിലപ്പോഴെല്ലാം ദേഷ്യം വരും. പക്ഷെ നെയ്മറുടെ സ്വഭാവം ശരിക്കും വളരെ നല്ലതാണെന്നും ഗാള്‍ട്ടിയര്‍ കൂട്ടിച്ചേര്‍ത്തു.

നെയ്മര്‍ പി.എസ്.ജിക്ക് വേണ്ടി ഏറ്റവും മികച്ച ഫോമിലുള്ള പെര്‍ഫോമന്‍സാണ് ഈ സീസണില്‍ പുറത്തെടുത്തിരിക്കുന്നത്. ടീമിന് വേണ്ടി 11 ഗോളുകളും 8 അസിസ്റ്റുമാണ് താരം നേടിയത്.

ഗാള്‍ട്ടിയറുടെ വാക്കുകളെ നെയ്മര്‍ ആരാധകര്‍ ആഘോഷമാക്കുന്നുണ്ട്. പി.എസ്.ജിയുടെ കുന്തമുനയായ എം.എന്‍.എം ത്രയത്തിലെ ഏറ്റവും നിസ്വാര്‍ത്ഥന്‍ നെയ്മര്‍ തന്നെയാണെന്ന് പറയുകയാണ് ഇവര്‍.

എംബാപ്പെയുടെ നേര്‍ക്കാണ് ആരാധകരെല്ലാം എത്തിയിരിക്കുന്നത്. നേരത്തെ യുവന്റസിനെതിരെ നടന്ന മത്സരത്തില്‍ നെയ്മറിന് പാസ് കൊടുക്കാതെ എംബാപ്പെ സ്വാര്‍ത്ഥത കാണിച്ചുവെന്ന വിമര്‍ശനം ശക്തമായി ഉയര്‍ന്നിരുന്നു.

കളി തുടങ്ങി 51ാം മിനിറ്റില്‍ ഗോളിന് വേണ്ടി മെസി നടത്തിയ ശ്രമമാണ് എംബാപ്പെയുടെ നീക്കത്തില്‍ നഷ്ടമായത്. യുവന്റസ് കളിക്കാരെയൊക്കെ നിഷ്പ്രഭരാക്കിക്കൊണ്ട് പന്തുമായി പാഞ്ഞ മെസി എംബാപ്പെക്ക് പാസ് ചെയ്തു.

ഇടതുവശത്ത് നിന്നും ഓടിയെത്തിയ നെയ്മറെ മാര്‍ക്ക് ചെയ്യാതെ എംബാപ്പെ പോസ്റ്റിലേക്ക് പന്ത് പായിച്ചതും അത് പാഴായതുമാണ് ആരാധകരെ ചൊടിപ്പിച്ചത്. എംബാപ്പെ നെയ്മറിന് പാസ് ചെയ്തിരുന്നെങ്കില്‍ അതൊരു ഷുവര്‍ ഗോളായിരുന്നേനെ എന്നായിരുന്നു ഇവരുടെ പക്ഷം.

ഗോളിനോട് വല്ലാത്തൊരു ആര്‍ത്തിയാണ് എംബാപ്പെക്കെന്നും അതുകൊണ്ട് ഒരുപക്ഷെ നെയ്മറിനെ കണ്ടുകാണില്ലെന്നുമായിരുന്നു ക്രിസ്റ്റഫര്‍ ഗാള്‍ട്ടിയര്‍ ഇതേകുറിച്ച് പ്രതികരിച്ചത്.

ഇപ്പോള്‍ നെയ്മറിനെ കുറിച്ചുള്ള ഗാള്‍ട്ടിയറുടെ പ്രതികരണം വന്നതോടെ ആവേശത്തിലായിരിക്കുകയാണ് ആരാധകര്‍.

Content Highlight:  PSG Manager parises Neymar and fans targets Mbappe

We use cookies to give you the best possible experience. Learn more