| Sunday, 4th September 2022, 3:46 pm

മെസിയും നെയ്മറും എംബാപ്പെയും ഇനി ഒന്നിച്ച് പി.എസ്.ജിക്ക് വേണ്ടി കളിക്കില്ല; ആരാധകരെ ഞെട്ടിച്ച് കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

പി.എസ്.ജിയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് മാനേജര്‍ ക്രിസ്റ്റൊഫെ ഗാള്‍ട്ടിയര്‍. പി.എസ്.ജിയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍മാര്‍ ഒന്നിച്ച് കളത്തിലിറങ്ങാത്ത രീതിയില്‍ റൊട്ടേഷന്‍ പോളിസി ടീമില്‍ നടപ്പിലാക്കാനാണ് ഗാള്‍ട്ടിയര്‍ ഒരുങ്ങുന്നത്.

ഈ പോളിസിയുടെ അടിസ്ഥാനത്തില്‍ മെസി, നെയ്മര്‍, എംബാപ്പെ എന്നീ മൂന്ന് പേര്‍ക്കും ഒരേസമയം കളത്തിലിറങ്ങാന്‍ സാധിക്കില്ല. മൂന്ന് പേരെയും 90 മിനിറ്റും ഗ്രൗണ്ടില്‍ ഇറക്കുന്നത് അസാധ്യമായിരിക്കുമെന്നാണ് ഗാള്‍ട്ടിയറിന്റെ അഭിപ്രായം.

ഈ സ്ട്രാറ്റജി വ്യക്തമാക്കുന്ന തന്ത്രമായിരുന്നു ലീഗ് വണ്ണില്‍ നാന്റോസിനെതിരെയുള്ള മത്സരത്തില്‍ ഗാള്‍ട്ടിയര്‍ പുറത്തെടുത്തത്.

മാരക ഫോമില്‍ കളിക്കുന്ന നെയ്മറിനെ ബെഞ്ചിലിരുത്തിയായിരുന്നു ഗാള്‍ട്ടിയര്‍ തന്റെ കുട്ടികളെ കളത്തില്‍ വിന്യസിച്ചത്. പാബ്ലോ സരാബിയയെയായിരുന്നു നെയ്മറിന് പകരക്കാരനായി ഗാള്‍ട്ടിയര്‍ കളത്തിലിറക്കിയത്.

ഗാള്‍ട്ടിയറിന്റെ ഈ തന്ത്രം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഗോളടിച്ചും അടിപ്പിച്ചും പി.എസ്.ജിയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന നെയ്മര്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇല്ലാത്തതില്‍ ആരാധകര്‍ കുറച്ചൊന്നുമല്ല അമ്പരന്നത്.

ശേഷം നെയ്മറിനെ കളത്തിലിറക്കാന്‍ ഗാള്‍ട്ടിയര്‍ നടത്തിയ സബ്സ്റ്റ്യൂഷനും ഫുട്‌ബോള്‍ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. പി.എസ്.ജിയുടെ അസറ്റായ എംബാപ്പെയെ വലിച്ചായിരുന്നു ഗാള്‍ട്ടിയര്‍ നെയ്മറിനെ കളത്തിലിറക്കിയത്.

എംബാപ്പെയെ സബ്സ്റ്റ്യൂട്ട് ചെയ്തതിനേക്കാളും ആരാധകര്‍ അത്ഭുതപ്പെട്ടത്, രണ്ട് ഗോളടിച്ച് നില്‍ക്കവെ, ഹാട്രിക് നേടാന്‍ സാധ്യത കല്‍പിച്ച എംബാപ്പെയെ തന്നെ വലിച്ചതായിരുന്നു.

മൂന്ന് പേരും ഒരുമിച്ചു കളത്തിലിറങ്ങിയപ്പോള്‍ തന്നെ മികച്ച റിസള്‍ട്ടാണ് പി.എസ്.ജിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗാള്‍ട്ടിയറിന്റെ ഈ രാജതന്ത്രം എത്രത്തോളം പി.എസ്.ജിക്ക് ഗുണമായി ഭവിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.

വരാനിരിക്കുന്ന മത്സരത്തിലും ഗാള്‍ട്ടിയര്‍ ഈ സ്ട്രാറ്റജി തന്നെ പ്രാവര്‍ത്തികമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒന്നിന് പിന്നാലെ ഒന്നായി മത്സരങ്ങള്‍ വരുന്നതിനാല്‍ എല്ലാ താരങ്ങള്‍ക്കും തൊണ്ണൂറ് മിനിട്ടും കളിക്കുന്നത് പ്രായസമാണെന്ന് ഗാള്‍ട്ടിയര്‍ പറഞ്ഞതായി കള്‍ച്ചര്‍ പി.എസ്.ജി റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഞങ്ങള്‍ ഒരുപാട് മത്സരങ്ങള്‍ കളിക്കുന്നു. ഓരോ മൂന്ന് അല്ലെങ്കില്‍ നാല് ദിവസങ്ങള്‍ കഴിയുമ്പോഴും നമുക്ക് മത്സരങ്ങള്‍ വരുന്നുണ്ട്. ലോകകപ്പാണ് ഇതിന് പിന്നാലെ വരുന്നത്. ഇതുകൊണ്ടുതന്നെ എല്ലാ താരങ്ങള്‍ക്കും തൊണ്ണൂറ് മിനിട്ട് കളിക്കുന്നത് അസാധ്യമാണെന്ന് എല്ലാവരും മനസിലാക്കണം,’ ഗാള്‍ട്ടിയര്‍ പറയുന്നു.

തന്റെ പുതിയ സ്ട്രാറ്റജിയായ റൊട്ടേഷനെ കുറിച്ച് ടീമിനോട് സംസാരിച്ചിട്ടുണ്ടെന്നും അവര്‍ അത് മനസിലാക്കിയെന്നും ഗാള്‍ട്ടിയര്‍ പറയുന്നു.

ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പി.എസ്.ജി 3-0ന് വിജയിച്ചിരുന്നു. എംബാപ്പെയുടെ ഇരട്ട ഗോള്‍ സ്വന്തമാക്കിയപ്പോള്‍ നുനോ മെന്‍ഡിസ് ശേഷിക്കുന്ന ഗോളും സ്വന്തമാക്കി. മെസിയുടെ അസിസ്റ്റായിരുന്നു എംബാപ്പെയുടെ ഗോളുകള്‍ക്ക് വഴിയൊരുക്കിയത്.

ഇതോടെ ആറ് മത്സരത്തില്‍ നിന്നും അഞ്ച് ജയവും ഒരു സമനിലയുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് പി.എസ്.ജി. ലീഗ് വണ്ണില്‍ ബ്രെസ്റ്റുമായിട്ടാണ് (Brest) പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlight: PSG manager Christophe Galtier introduces new strategy in team

We use cookies to give you the best possible experience. Learn more