യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നടന്ന ആദ്യ മത്സരത്തില്‍ പി.എസ്.ജിക്ക് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിന് ബയേണ്‍ മ്യൂണിക്ക് പി.എസ്.ജിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. ആദ്യ പാദത്തില്‍ മെസിയും നെയ്മറും ഉണ്ടായിട്ടും പി.എസ്.ജിക്ക് ജയം നേടാനായില്ല. കോമന്‍ ആണ് ബയേണിനായി ഗോള്‍ നേടിയത്.
മത്സരത്തിന്റെ 53ാം മിനിട്ടിലാണ് കോമന്റെ ഗോള്‍ പിറന്നത്. അല്‍ഫോണ്‍സോ ഡേവിസിന്റെ ക്രോസ് കോമന്‍ ഫസ്റ്റ് ടൈം ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഈ ഗോളിന് മറുപടി നല്‍കാന്‍ പി.എസ്.ജിക്ക് കഴിഞ്ഞില്ല. 82ാം മിനിട്ടില്‍ എംബാപ്പേ ഒരു ഗോള്‍ നേടിയെങ്കിലും ഓഫ് സൈഡ് ആവുകയായിരുന്നു.
മത്സരത്തിന് ശേഷം ശക്തമായ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. സൂപ്പര്‍താരങ്ങളെ അണി നിരത്തിയിട്ട് ഒരു കാര്യമില്ലെന്നും മത്സരത്തില്‍ നല്ല പ്രകടനം കാഴ്ചവെക്കണമെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു.
പി.എസ്.ജിയുടെ ഇതിഹാസ താരങ്ങള്‍ക്ക് തോല്‍വി പുത്തരിയല്ലാതായിരിക്കുന്നു എന്നാണ് ചിലരുടെ ട്വീറ്റ്. ഇത്രയും പ്രഗത്ഭരായ താരങ്ങള്‍ ഉണ്ടായിട്ട് പി.എസ്.ജി ചാമ്പ്യന്‍സ് ലീഗ് നേടുമെന്ന തങ്ങളുടെ പ്രതീക്ഷ തല്ലിത്തകര്‍ക്കരുതെന്നും ട്വീറ്റുകളുണ്ട്.
ഫ്രഞ്ച് കപ്പില്‍ തോല്‍വിയെ തുടര്‍ന്ന് പി.എസ്.ജിക്ക് ടൂര്‍ണമെന്റ് നഷ്ടമായിരുന്നു. കഴിഞ്ഞ തവണ ലീഗ് വണ്ണില്‍ നടന്ന മത്സരത്തിലും മൊണാക്കോക്കെതിരെ പി.എസ്.ജി തോല്‍വി വഴങ്ങിയിരുന്നു. തൊട്ടുപിന്നാലെയാണ് ചാമ്പ്യന്‍സ് ലീഗിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ പ്രഹരമേല്‍ക്കുന്നത്.
അതേസമയം ചാമ്പ്യന്‍ ലീഗിലെ രണ്ടാം പാദ മത്സരം ബയേണിന്റെ മൈതാനത്ത് വെച്ചാണ് നടക്കുക. പി.എസ്.ജിക്ക് മുന്നോട്ട് പോകണമെങ്കില്‍ യു.സി.എല്ലില്‍ വലിയ വിജയം അനിവാര്യമാണ്.
Content Highlights: PSG lose against Bayern Munich in Champions League