പി.എസ്.ജി ലയണല്‍ മെസിക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന രണ്ടാഴ്ച്ചത്തെ വിലക്ക് പിന്‍വലിച്ചു. ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിനാണ് താരത്തെ 14 ദിവസത്തേക്ക് മത്സരങ്ങളില്‍ പരിശീലനത്തില്‍ നിന്നും വിട്ടുനിര്‍ത്തിയത്.
തൊട്ടുപിന്നാലെ, ഈ സീസണിന്റെ അവസാനത്തോടെ മെസി പി.എസ്.ജി വിടുകയാണെന്നുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പ്രശസ്ത ഫുട്‌ബോള്‍ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴച്ചയ്ക്ക് സഹതാരങ്ങളോട് ക്ഷമാപണം നടത്തുന്ന മെസിയുടെ വീഡിയോയാണ് തൊട്ടടുത്ത ദിവസം പുറത്തുവന്നത്. ഫാബ്രിസിയോ റൊമാനോ തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചത്.
രാജ്യം വിടാനുണ്ടായ കാരണം വിശദമാക്കിയ മെസി പി.എസ്.ജി അനുശാസിക്കുന്നതെന്തും അനുസരിക്കാന്‍ തയ്യാറാണെന്നും വീഡിയോയില്‍ വ്യക്തമാക്കി. ഇതോടെ പി.എസ്.ജി വിട്ട് താരം മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാനൊരുങ്ങുകയാണെന്ന് വിശ്വസിച്ച ആരാധകരില്‍ ആശങ്കയുളവാക്കുന്ന വഴിത്തിരിവാണ് സംഭവിച്ചത്.
തിങ്കളാഴ്ച്ചയോടെ മെസി ക്യാമ്പില്‍ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ പി.എസ്.ജി തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കുകയായിരുന്നു. ലീഗ് വണ്ണില്‍ ടോയെസിനെതിരായ മത്സരത്തിന് പിന്നാലെയായിരുന്നു ഇത്. മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിക്കാന്‍ പി.എസ്.ജിക്ക് സാധിച്ചിരുന്നു.
മെസിയുടെ അഭാവം ക്ലബ്ബിന്റെ മോശം പ്രകടനത്തിന് ആക്കം കൂട്ടുമെന്ന് പരിശീലകന്‍ ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ നേരത്തെ പറഞ്ഞിരുന്നു. മെസിയെ സസ്പെന്‍ഡ് ചെയ്യാന്‍ ക്ലബ്ബ് തീരുമാനിച്ചതിന് ശേഷമാണ് വിവരം അറിയുന്നതെന്നും താന്‍ പി.എസ്.ജിയുടെ തൊഴിലാളി മാത്രമായതിനാല്‍ തനിക്കതില്‍ ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘മെസിയെ സസ്പെന്‍ഡ് ചെയ്യാന്‍ ക്ലബ്ബ് തീരുമാനിച്ചതിന് ശേഷമാണ് ഞാന്‍ വിവരം അറിയുന്നത്. എനിക്കതില്‍ ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. ഞാന്‍ പി.എസ്.ജിയുടെ ഒരു തൊഴിലാളിയാണ്. അവരുടെ തീരുമാനം അനുസരിക്കുകയല്ലാതെ എനിക്ക് ശബ്ദമുയര്‍ത്താനുള്ള അധികാരമില്ല.
മെസിയുടെ സസ്പെന്‍ഷന്‍ ക്ലബ്ബിന്റെ മോശം പ്രകടനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. അത് മറച്ചുവെക്കാന്‍ കഴിയില്ല. ഇതത്ര സന്തോഷകരമല്ലാത്ത സമയമാണ്. താരങ്ങള്‍ നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നുണ്ട്,’ ഗാള്‍ട്ടിയര്‍ പറഞ്ഞു.
എന്നിരുന്നാലും, വരുന്ന ജൂണില്‍ പി.എസ്.ജിയുമായുള്ള ഉടമ്പടി അവസാനിക്കാനിരിക്കെ താരം ക്ലബ്ബുമായുള്ള കരാര്‍ പുതുക്കുമോ എന്നുള്ള കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഇതേസമയം മെസിയുടെ പഴയ തട്ടകമായ ബാഴ്‌സലോണ താരത്തെ ക്ലബ്ബില്‍ തിരിച്ചെത്തിക്കാന്‍ കടിഞ്ഞാണ്‍ മുറുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.