'ഈ കറുത്തവന്‍' ചാംപ്യന്‍സ് ലീഗില്‍ വംശീയാധിക്ഷേപം; മത്സരം ഉപേക്ഷിച്ച് ഇരു ടീമിലെയും കളിക്കാര്‍
Sports
'ഈ കറുത്തവന്‍' ചാംപ്യന്‍സ് ലീഗില്‍ വംശീയാധിക്ഷേപം; മത്സരം ഉപേക്ഷിച്ച് ഇരു ടീമിലെയും കളിക്കാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 9th December 2020, 4:32 pm

പാരിസ്: വംശീയാധിക്ഷേപത്തെ തുടര്‍ന്ന് ചാംപ്യന്‍സ് ലീഗ് മാച്ച് ഉപേക്ഷിച്ചു. ഫ്രഞ്ച് ക്ലബായ പി.എസ്.ജിയും തുര്‍ക്കിയില്‍ നിന്നുള്ള ഇസ്താംബുള്‍ ബസാക്‌സേഹിറും തമ്മില്‍ നടന്ന മത്സരത്തിനിടെ, റഫറിമാരിലൊരാള്‍ ബസാക്‌സേഹറിന്റെ അസിസ്റ്റന്റ് കോച്ചിനെ വംശീയമായി അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചത്.

കോച്ചിനെ വംശീയമായി അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് ബസാക്‌സേഹറിന്റെ കളിക്കാര്‍ മത്സരം ഉപേക്ഷിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. ഇതിന് പിന്നാലെ ബസാക്‌സേഹറിന് പിന്തുണയുമായി പി.എസ്.ജി കളിക്കാരും മത്സരം ബഹിഷ്‌കരിച്ചു.

ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തില്‍ ഇരു ടീമുകളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെയാണ് തുര്‍ക്കി പരിശീലകനോട് മാച്ച് ഒഫീഷ്യല്‍ വംശീയച്ചുവയോടെ സംസാരിച്ചത്. മത്സരം തുടങ്ങി 15 മിനിറ്റ് പിന്നിട്ട സമയത്ത് നാലാം റഫറിയായ സെബാസ്റ്റ്യന്‍ കോള്‍ടെസ്‌ക്യുവും ഇസ്താംബുള്‍ സഹപരിശീലകനായ പിയറി വെബോയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയായിരുന്നു.

തുടര്‍ന്ന് കോള്‍ടെസ്‌ക്യു പിയറിക്ക് നേരെ ചുവപ്പ് കാര്‍ഡ് കാണിച്ചു. കോള്‍ടെസ്‌ക്യു വംശീയാധിക്ഷേപം നടത്തി സംസാരിക്കുകയും ചെയ്തു. കാമറൂണ്‍കാരാനായ പിയറി വെബോയെ കറുത്തവനെന്ന് വിളിച്ച അധിക്ഷേപിച്ചുവെന്നാണ് ആരോപണം.

ഇതിന് പിന്നാലെ സംഭവത്തില്‍ കടുത്ത വിമര്‍ശനം പ്രകടിപ്പിച്ചുകൊണ്ട് ഇസ്താംബുള്‍ കളിക്കാര്‍ രംഗത്തെത്തുകയും റഫറിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. ഇസ്താംബുളിന്റെ പ്രതിഷേധത്തെ പിന്തുണച്ച് പി.എസ്.ജിയും രംഗത്തെത്തി. തുടര്‍ന്ന് കളി ബഹിഷ്‌കരിച്ച ഇസ്താംബുളിനൊപ്പം പി.എസ്.ജിയും പുറത്തുപോയി. നേരത്തെ വംശീയാധിക്ഷേപം നേരിട്ട പി.എസ്.ജിയുടെ നെയ്മര്‍, എംബാപ്പെ തുടങ്ങിയവരും ശക്തമായ നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്.

മത്സരം പുനരാരംഭിക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കുറ്റക്കാര്‍ക്കെതിരെ നടപിടയുണ്ടാകുമെന്ന് യുവേഫ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മത്സരം അടുത്ത ദിവസം പുനരാരംഭിക്കുമെന്നും മാച്ചിനെത്തുക പുതിയ റഫറിയായിരിക്കുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PSG  Istanbul Basaksehir Champion league Match, Racial slurs against Assistant Coach, Players boycott match