| Friday, 16th September 2022, 8:20 pm

മൂന്നും കൂടെ ഒരുമിച്ച് വേണ്ട; മുന്നേറ്റനിരയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളെ പുറത്താക്കാനൊരുങ്ങി പി.എസ്.ജി

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജിയില്‍ കോച്ച് ക്രിസ്‌റ്റോഫെ ഗാള്‍ട്ടിയര്‍ വമ്പന്‍ അഴിച്ചുപണിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മുന്നേറ്റ നിരയിലെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, നെയ്മര്‍, എംബാപ്പെ എന്നിവരില്‍ നിന്ന് ഒരാളെ ടീമില്‍ നിന്നും ഒഴിവാക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഗാള്‍ട്ടിയര്‍ തന്റെ 3-4-3 ഫോര്‍മേഷനില്‍ നിന്ന് മാറാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തെതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചാമ്പ്യന്‍സ് ലീഗില്‍ മക്കാബി ഹൈഫക്കെതിരായ മത്സരത്തില്‍ പി.എസ്.ജിക്ക് വേണ്ട രീതിയില്‍ കളിക്കാന്‍ പറ്റിയിരുന്നില്ലെന്ന കാര്യം ഗാള്‍ട്ടിയര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

മെസിയും നെയ്മറും എംബാപ്പെയും ബോളിന്റെ പിറകെയായതിനാല്‍ ഡിഫന്‍സ് നിരയില്‍ ആരും ഉണ്ടായിരുന്നില്ലെന്നും അവിടെ സ്പേസ് വന്നത് കൊണ്ടാണ് ഹൈഫ തങ്ങളുടെ ആദ്യ നേടിയതെന്നുമാണ് ഗാള്‍ട്ടിയര്‍ പറഞ്ഞത്.

മൂവരും പ്രതിരോധ കവചം നല്‍കാന്‍ വിമുഖത കാണിക്കുന്നുണ്ടെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, പി.എസ്.ജിയുടെ മധ്യ നിരയിലേക്ക് വിറ്റിന്‍ഹ, മാര്‍കോ വെരാറ്റി എന്നിവരെ ഇറക്കുമെന്നും സൂചനയുണ്ട്. പി.എസ്.ജിയുടെ ഉടമകളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ടീമിലെ കരുത്തരായ മൂന്ന് താരങ്ങളില്‍ നിന്ന് ഒരാളെ ഒഴിവാക്കാനാണ് ഗാള്‍ട്ടിയറിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ മക്കാബി ഹൈഫയെ തോല്‍പിച്ച് പി.എസ്.ജി രണ്ടാം വിജയം നേടിയിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് പി.എസ്.ജി വിജയിച്ചത്.

പി.എസ്.ജിക്കായി മുന്നേറ്റനിരയിലെ മൂവരും ഗോള്‍ നേടിയിരുന്നു. മത്സരം ആരംഭിച്ച് 23ാം മിനിട്ടില്‍ തന്നെ മക്കാബി പി.എസ്.ജിയുടെ ഗോള്‍ വല കുലുക്കിയിരുന്നു.

37ാം മിനിട്ടിലായിരുന്നു പി.എസ്.ജി ആദ്യ ഗോള്‍ നേടിയത്. എംബാപെയുടെ അസിസ്റ്റില്‍ മെസിയായിരുന്നു പി.എസ്.ജിക്കായി ആദ്യം വല കുലുക്കിയത്. പിന്നീട് 69ാം മിനിട്ടിലും ഇതേ കോമ്പോയുടെ അറ്റാക്കില്‍ തന്നെയാണ് രണ്ടാം ഗോള്‍ നേടിയത്. ഇത്തവണ മെസി അസിസ്റ്റ് ചെയ്തപ്പോള്‍ എംബാപെ ഗോള്‍ നേടി.

88ാം മിനിട്ടിലാണ് നെയ്മര്‍ പി.എസ്.ജിക്കായി അവസാന ഗോള്‍ നേടിയത്.

Content Highlight: PSG is about to fire one of the superstars in the forward

We use cookies to give you the best possible experience. Learn more