ലീഗ് വണ്ണിലെ ടൈറ്റിൽ ജേതാക്കളാകാനുള്ള കഠിനമായ പരിശ്രമത്തിലാണ് പി.എസ്.ജി.
കൂടാതെ നിലവിൽ ഇത് വരെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ സാധിക്കാതിരുന്ന ടീം അതിനായി മികച്ച തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. സ്‌ക്വാഡ് ഡെപ്ത് കൂടുതൽ മെച്ചപ്പെടുത്തി ചാമ്പ്യൻസ് ലീഗിലെ മറ്റ് ക്ലബ്ബുകൾക്ക് വെല്ലുവിളിയുയർത്താൻ ഫ്രഞ്ച് ക്ലബ്ബ് ശ്രമിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
എന്നാലിപ്പോൾ പി.എസ്.ജിക്ക് നേരെ കടുത്ത വിമർശനങ്ങളുയർത്തി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റായ ഡാനിയേൽ റയോലൊ.
പി.എസ്.ജിയുടെ പ്രവർത്തന രീതി ശരിയല്ലെന്നും എംബാപ്പെ പറയുന്നത് കേട്ട് താരങ്ങളെ ടീമിലെത്തിക്കുന്നത് പോലെയുള്ള പ്രവർത്തികൾ പി.എസ്.ജിക്ക് യോജിച്ചതല്ലെന്നുമാണ് ഡാനിയേൽ റയോലൊ അഭിപ്രായപ്പെട്ടിരിക്കുന്നത്.
എംബാപ്പെയുടെ സമ്മർദ്ദ ഫലമായി ഫ്രഞ്ച് ക്ലബ്ബ് ലിയോണിൽ നിന്നും റയാൻ ചെർക്കിയെ പി.എസ്.ജി സൈൻ ചെയ്യാൻ തയ്യാറാകുന്നതിനെ സൂചിപ്പിച്ചാണ് ഡാനിയേൽ റയോലൊയുടെ പരാമർശം.
പി.എസ്.ജിയുടെ മുന്നേറ്റ നിരക്ക് കരുത്ത് പകരാനാണ് ചെർക്കിയുടെ സൈനിങ് കൊണ്ട് പി.എസ്.ജി ലക്ഷ്യമിടുന്നത്.
ആർ.എം.സി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് പി.എസ്.ജിയെ ക്കുറിച്ചുള്ള തന്റെ വിമർശനം റയോലൊ തുറന്ന് പറഞ്ഞത്.
“പി.എസ്.ജി അടുത്ത സൈനിങിനായുള്ള തയ്യാറെടുപ്പിലാണ്. ചെർക്കിയുമായുള്ള ചർച്ചകൾ ഒരു വിധത്തിൽ പൂർത്തിയായെന്ന് തന്നെ പറയാം. എംബാപ്പെയുടെ സമ്മർദ്ദ ഫലമായാണ് ക്ലബ്ബ് റയാൻ ചെർക്കിയെ ഉടനെ ടീമിലേക്കെത്തിക്കാൻ ശ്രമം നടത്തുന്നത്. പക്ഷെ 30 മില്യൺ യൂറോയാണ് എംബാപ്പെയുടെ സമ്മർദ്ദത്തിന് ക്ലബ്ബിന് നൽകേണ്ടി വരുന്ന വില,’ഡാനിയേൽ റയോലൊ പറഞ്ഞു.
എംബാപ്പെ പറയുന്നതാണ് ഇപ്പോൾ പി. എസ്.ജിയിൽ നടക്കുന്നത്. എംബാപ്പെക്ക് ഇഷ്ടമുള്ളവർ വേഗം ക്ലബ്ബിലേക്കെത്തുന്നു.
ചിലർക്ക് അമിതാധികാരമുള്ള ഈ രീതി ദോഷം ചെയ്യും,’ അദ്ദേഹം കൂട്ടിച്ചേർത്തു.
“എംബാപ്പെ അതീവ പ്രതിഭയുള്ള പ്ലെയറാണ് എന്നതിൽ സംശയയമില്ല. പക്ഷെ എല്ലാകാര്യത്തിലും ഇത് ബാധകമാവില്ല. ടീമിലേക്ക് പുതിയ സൈനിങ് നടത്തേണ്ടത് ഏതെങ്കിലും പ്ലെയറിന്റെ അധികാരപരിധിയിൽ വരുന്ന വിഷയമല്ല. ഇത് തീർച്ചയായും വലിയ പ്രശ്നമാണെന്ന് ക്ലബ്ബ് തിരിച്ചറിയണം. വിചിത്രമായ രീതിയിലാണിപ്പോൾ ക്ലബ്ബിന്റെ പ്രവർത്തനം,’ ഡാനിയേൽ റയോലൊ പറഞ്ഞു.