ഫ്രഞ്ച് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലീഗ് വണ്ണിൽ മികച്ച പ്രകടനത്തോടെ മുന്നേറുകയാണ് പാരീസ് ക്ലബ്ബായ പി.എസ്. ജി. എന്നാൽ ലീഗിൽ മികവോടെ മുന്നേറുന്ന ക്ലബ്ബിന് തങ്ങളുടെ വമ്പൻ സ്‌ക്വാഡ് ഡെപ്ത്ത് കൊണ്ടും ചാമ്പ്യൻസ് ലീഗിൽ പിടിച്ചു നിൽക്കാനായില്ല.
ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കാണ് പി. എസ്.ജിയുടെ കന്നി ചാമ്പ്യൻസ് ലീഗ് കിരീട സ്വപ്‌നങ്ങൾക്ക് മേൽ ആണിയടിച്ചത്.
എന്നാലിപ്പോൾ പി.എസ്.ജി ഒരു സാധാരണ ക്ലബ്ബ് മാത്രമാണെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ക്ലബ്ബിന്റെ മുൻ പ്രസിഡന്റായ മിഷേൽ ഡെനിസോട്ട്.
യൂറോപ്പിലെ മികച്ച ക്ലബ്ബുകളിൽ ഒന്നായി പി. എസ്.ജിയെ കാണാൻ സാധിക്കില്ലെന്നാണ് മുൻ ക്ലബ്ബ് പ്രസിഡന്റായ മിഷേൽ ഡെനിസോട്ട് അഭിപ്രായപ്പെട്ടിരിക്കുന്നത്.
“പി.എസ്.ജി ഒരു വലിയ ക്ലബ്ബാണ്, ഒരു വലിയ കമ്പനിയാണ് ക്ലബ്ബിനെ ഏറ്റെടുത്ത് നടത്തുന്നതും എന്നാൽ അത് കൊണ്ടൊന്നും പി.എസ്.ജിയെ ഒരു മികച്ച ക്ലബ്ബെന്ന് പറയാൻ സാധിക്കുകയില്ല,’ ഡെനിസോട്ട് പറഞ്ഞു.
“ഒരു മികച്ച ക്ലബ്ബ് ആകണമെങ്കിൽ തീർച്ചയായും പി.എസ്.ജിക്ക് ചാമ്പ്യൻസ് ലീഗ് വിജയിക്കേണ്ടതുണ്ട്. പക്ഷെ ഇപ്പോൾ പണമുണ്ടാക്കലാണ് ക്ലബ്ബിന്റെ മുഖ്യലക്ഷ്യമെന്ന് തോന്നുന്നു,’ ഡെനിസോട്ട് കൂട്ടിച്ചേർത്തു.
കാനൽ സപ്പോർട്ടേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു പി.എസ്.ജിയെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങൾ ഡെനിസോട്ട് പങ്കുവെച്ചത്.