ബാഴ്സലോണയുമായി കരാര്‍ അവസാനിപ്പിച്ച മെസിയെ തങ്ങളുടെ ക്യാംപിലെത്തിക്കാന്‍ നീക്കങ്ങള്‍ തുടങ്ങി ഫ്രഞ്ച് ഭീമന്മാരായ പാരീസ് സെന്റ് ഷെര്‍മാങ്. പി.എസ്.ജി മെസിയുമായി നേരിട്ട് ബന്ധപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇറ്റാലിയന്‍ ജേര്‍ണലിസ്റ്റും ട്രാന്‍സ്ഫര്‍ ഗുരുവെന്ന് വിളിപ്പേരുമുള്ള ഫാബ്രീസിയോ റൊമാനോയുടെ ട്വീറ്റും ഇക്കാര്യം സൂചിപ്പിക്കുന്നു.
കൊറോണ മൂലമുള്ള വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് ബാഴ്സയെ മെസിയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. മെസിയുടെ വേതനം പകുതിയാക്കി കുറയ്ക്കാനായിരുന്നു ക്ലബ്ബ് തീരുമാനം.
പുതിയ കരാറില്‍ ഒപ്പുവയ്ക്കുന്നതിന് മുന്നോടിയായുള്ള അവസാന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മെസിയുടെ പടിയിറക്കം. നിലവില്‍ പി.എസ്.ജിയാണ് മെസിയെ കൂടാരത്തിലെത്തിക്കാന്‍ കൂടുതല്‍ സാധ്യതയും സാമ്പത്തികവുമുള്ള ക്ലബ്ബ്.
അഭ്യൂഹങ്ങള്‍ ശരിവച്ച് മെസി പി.എസ്.ജിയിലെത്തുകയാണെങ്കില്‍ ആക്രമണോത്സുക ഫുട്ബോളിന് പേരുകേട്ട ടീമിന്റെ മുന്നേറ്റനിര കൂടുതല്‍ ശക്തമാകുമെന്നുറപ്പ്.
അതിനാല്‍തന്നെ കറ്റാലന്മാരുടെ പടത്തലവനെ ഏതുവിധേനയും ടീമിലേക്കെത്തിക്കാനാണ് പി.എസ്.ജിയുടെ ലക്ഷ്യം. അങ്ങനെയെങ്കില്‍ മെസിയും നെയ്മറും നയിക്കുന്ന മുന്നേറ്റനിരയും റാമോസിന്റെ നേതൃത്വത്തിലെ പ്രതിരോധവും ഏതൊരു ടീമിനേയും പരീക്ഷിക്കാന്‍ പോന്നതാണ്.
ബാഴ്സയുടെ മുന്‍ കോച്ച് പെപ് ഗാര്‍ഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയും മെസിക്കായി മുന്നിലുണ്ടെങ്കിലും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് പി.എസ്.ജി.ക്ക് തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.