കഴിഞ്ഞ സീസണിലെ തോല്‍വിയുടെ ഓര്‍മകള്‍ മറക്കാന്‍ സൈക്കോളജിസ്റ്റിനെ നിയമിച്ച് പി.എസ്.ജി. ചാമ്പ്യന്‍സ് ലീഗിന്റെ കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിനോടേറ്റുവാങ്ങിയ അപ്രതീക്ഷിത തോല്‍വിയുടെ ആഘാതം മറികടക്കാനാണ് പി.എസ്.ജി മനഃശാസ്ത്രജ്ഞനെ നിയമിച്ചതെന്ന് വിവിധ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റയല്‍ മാഡ്രിഡിനോടു വഴങ്ങിയ തോല്‍വിയുടെ ഓര്‍മ്മകള്‍ മറക്കാനും ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗടക്കം സാധ്യമായ കിരീടങ്ങള്‍ നേടാനുള്ള ആത്മവിശ്വാസം നല്‍കാനുമാണ് ടീം ഇത്തരത്തില്‍ മനഃശാസ്ത്രജ്ഞനെ നിയമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറിലായിരുന്നു പി.എസ്.ജിയെ റയല്‍ അട്ടിമറിച്ചത്.
ആദ്യ പാദത്തില്‍ ഒരു ഗോളിന് വിജയിച്ച പി.എസ്.ജി രണ്ടാം പാദത്തില്‍ സമഗ്രാധിപത്യം പുലര്‍ത്തിയെങ്കിലും റയലിന്റെ പോരാട്ടവീര്യത്തിന് മുമ്പില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.
റയല്‍ മാഡ്രിഡിനോടേറ്റ തോല്‍വി പി.എസ്.ജി താരങ്ങളെ മാനസികമായി വളരെയധികം ബാധിച്ചിരുന്നു. നിരവധി താരങ്ങള്‍ തോല്‍വിയിലെ നിരാശ പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
പുതിയ സീസണ്‍ വരാനിരിക്കെ കഴിഞ്ഞ സീസണിലെ തോല്‍വിയുടെ നിരാശയെ മറികടന്ന് താരങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കാന്‍ സ്‌പോര്‍ട്ടിങ് ഡയറക്റ്റര്‍ ലൂയിസ് കംപോസിന്റെ നിര്‍ദേശപ്രകാരമാണ് ടീം മനഃശാസ്ത്രജ്ഞനെ നിയമിച്ചിരിക്കുന്നത്.
പുതിയ പരിശീലകനെ നിയമിച്ചതുമുതല്‍ ടീമിനെ അടിമുടി മാറ്റിയാണ് ഫ്രഞ്ച് വമ്പന്‍മാര്‍ പുതിയ സീസണിനൊരുങ്ങുന്നത്. മെസിയും എംബാപെയും നെയ്മറുമടങ്ങുന്ന സ്‌ക്വാഡ് ഏറെ പ്രതീക്ഷയോടെയാണ് പുതിയ സീസണിനൊരുങ്ങുന്നത്.
Content Highlight: PSG hired a psychologist to forget the memories of last season’s defeat.