കൊക്ക കോളയടക്കമുള്ള കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സിന് വിലക്കേര്‍പ്പെടുത്തി പാരീസ് സെന്റ് ഷെര്‍മാങ്. ഇതോടെ മെസി, നെയ്മര്‍ എംബാപെ അടക്കമുള്ള താരങ്ങള്‍ക്ക് ഇത്തരം ഫിസ്സി ഡ്രിങ്ക്‌സ് കുടിക്കാന്‍ സാധിക്കില്ല.
ടീമില്‍ പുതുതായി നിയമിച്ച പോഷകാഹാര വിദഗ്ധന്റെ (ന്യൂട്രീഷ്യനിസ്റ്റ്) നിര്‍ദേശ പ്രകാരമാണ് ഇത്തരം എയറേറ്റഡ് ഡ്രിങ്ക്‌സിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഇക്കാലമത്രെയും ടീമിന് ന്യൂട്രീഷ്യനിസ്റ്റ് ഉണ്ടായിരുന്നില്ല.
2022-23 സീസണ്‍ മുന്നില്‍ കണ്ടാണ് താരങ്ങളുടെ ഫിറ്റനെസ്സിനെ ഇത്തരം ഡ്രിങ്കുകള്‍ കഴിക്കുന്നതില്‍ നിന്നും താരങ്ങളെ വിലക്കിയിരിക്കുന്നത്.
കൊക്ക കോളയുമായി പി.എസ്.ജിക്ക് സ്‌പോണ്‍സര്‍ഷിപ്പ് ഉള്ളപ്പോള്‍ തന്നെയാണ് ടീം ഇത്തരമൊരു നീക്കവുമായി മുന്നോട്ട് പോവുന്നതെന്നും ശ്രദ്ധേയമാണ്. എന്നാല്‍ താരങ്ങളുടെ ഫിറ്റ്‌മെസ് മുന്‍നിര്‍ത്തിയുള്ള നടപടിയായതിനാല്‍ ഇത് സ്‌പോണ്‍സര്‍ഷിപ്പിനെയും കൊക്ക കോളയുമായുള്ള ബന്ധത്തെയും ബാധിക്കാന്‍ ഇടയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ മറ്റൊരു രീതിയിലാണ് ആരാധകര്‍ ഇതിനെ നോക്കിക്കാണുന്നത്. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആഗ്രഹിച്ച നടപടിയെന്നാണ് ആരാധകര്‍ പറയുന്നത്.
കഴിഞ്ഞ യൂറോ കപ്പില്‍, ഒരു പത്രസമ്മേളനത്തിനിടെ റൊണാള്‍ഡോ തന്റെ മുന്നിലിരുന്ന കൊക്ക കോള ബോട്ടില്‍ എടുത്തുമാറ്റുകയും പകരം വെള്ളം കുടിക്കാനും ആവശ്യപ്പെട്ടിരുന്നു. ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാരില്‍ ഒരാളായ കൊക്ക കോളയ്ക്ക് അതോടെ കിട്ടിയത് എട്ടിന്റെ പണിയാണ്.
റൊണോയുടെ ഈ പ്രവര്‍ത്തി കാരണം കൊക്ക കോളയ്ക്ക് 3.36 ബില്യണ്‍ പൗണ്ടിന്റെ നഷ്ടമാണുണ്ടായിരിക്കുന്നത്.
ഇപ്പോല്‍ പി.എസ്.ജിയുടെ പുതിയ നയത്തിന്റെ ഭാഗമായി കൊക്ക കോളയ്ക്ക് എന്ത് പണിയാണ് കിട്ടാന്‍ പോകുന്നതെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ന്യൂട്രീഷ്യനിസ്റ്റിന്റെ സഹായം ടീമിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്നുറപ്പാണ്.
2016ല്‍ ലിവര്‍പൂള്‍ മോണ നെമ്മര്‍ എന്ന ന്യൂട്രീഷ്യനിസ്റ്റിനെ നിയമിച്ചിരുന്നു. എന്നാല്‍ അവര്‍ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട നോണ്‍ പ്ലെയിങ് സ്റ്റാഫായി മാറുന്ന കാഴ്ചയായിരുന്നു ഫുട്‌ബോള്‍ ലോകം കണ്ടത്.
ടീം മാനേജര്‍ ക്ലോപ്പ്, നെമ്മറിന്റെ പ്രാധാന്യത്തെ പറ്റി പല അഭിമുഖങ്ങളിലും പേരെടുത്ത് പ്രശംസിക്കുകയും ചെയ്തിരുന്നു.
പോഷാകാഹാര വിദഗ്ധന്‍ എത്തുന്നതോടെ ടീമിന്റെ മൊത്തം ഫിറ്റ്‌നെസ് ലെവലിലും മാറ്റം വരുമെന്നും ടീം കിരീടം നേടുമെന്നുമാണ് പി.എസ്.ജി വിലയിരുത്തുന്നത്.
Content Highlight: PSG have banned carbonated drinks like Coca Cola as per the advice of nutritionist