|

റിയൂണിയന്‍ വിത്ത് നെയ്മര്‍; മുന്‍ ബാഴ്‌സ കോച്ചിനെ സൈന്‍ ചെയ്ത് പി.എസ്.ജി

സ്പോര്‍ട്സ് ഡെസ്‌ക്

പുതിയ പരിശീലകനായി ലൂയിസ് എന്റിക്വയെ നിയമിച്ച് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ക്രിസ്റ്റോഫ് ഗാല്‍റ്റിയറിന് പകരമായി എന്റിക്വയെ മാനേജറായി നിയമിച്ച കാര്യം അറിയിച്ചത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.

ബാഴ്സലോണയുടെയും സ്പെയിന്‍ ദേശീയ ടീമിന്റെയും കോച്ചായി ബോസ് ലൂയിസ് എന്റിക്വെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലൂയിസ് എന്റിക്വെയുടെ വരവ് ഒരു പുതിയ തുടക്കത്തിന് ക്ലബ്ബ് പ്രസിഡന്റ് നാസര്‍ അല്‍-ഖലൈഫി പറഞ്ഞു.

ബാഴ്സലോണയെ കൂടാതെ റോമ, സെല്‍റ്റ വിഗോ എന്നീ ക്ലബ്ബുകളെ ലൂയിസ് എന്റിക് പരിശീലിപ്പിച്ചിട്ടുണ്ട്. 2022 ലോകകപ്പില്‍ സ്‌പെയിനിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. പക്ഷേ റൗണ്ട് 16ല്‍ പുറത്തായി ടീം നിരശാപ്പെടുത്തി.

ഇക്കഴിഞ്ഞ സീസണില്‍ 11ാം തവണയും ലീഗ് 1 കിരീടം ഉയര്‍ത്താന്‍ പി.എസ്.ജിക്കായിരുന്നു. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ നിരാശാജനകമായിരുന്നു ടീമിന്റെ പ്രകടനം. റൗണ്ട് ഓഫ് 16ല്‍ ടീം പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ്
മാനേജര്‍ ക്രിസ്റ്റോഫ് ഗാല്‍റ്റിയറിനെ ക്ലബ്ബ് പുറത്താക്കിയത്.

പി.എസ്.ജിയുടെ ബ്രസീലിയന്‍ താരം നെയ്മര്‍ ജൂനിയര്‍ ബാഴ്‌സയില്‍ കളിക്കുമ്പോള്‍ ലൂയിസ് എന്റിക്വെ അവിടെ പരിശീലകനായിരുന്നു. നെയ്മര്‍ പി.എസ്.ജിയില്‍ തുടരുകയാണെങ്കില്‍ പുതിയ സൈനിങ്ങ് ഇരുവരുടെയും റീയൂണിയനും കാരണമാകും.

അതേസമയം, കബ്ബില്‍ വന്‍ അഴിച്ചുപണി നടത്താന്‍ തീരുമാനിച്ച പി.എസ്.ജി നെയ്മറടക്കം പലരെയും പുറത്താക്കാന്‍ പദ്ധതിയിടുകയാണെന്ന അഭ്യൂഹങ്ങളുമുണ്ട്. ഇതിനിടെ നെയ്മറെ സ്വന്തമാക്കാന്‍ ചെല്‍സി നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ പുതിയ കോച്ചിന്റെ വരവ് നെയ്മര്‍ ടീമില്‍ തുടരുമോ എന്ന കാര്യത്തില്‍ ട്വിസ്റ്റുണ്ടാക്കിയിട്ടുണ്ട്. പി.എസ്.ജിയില്‍ രണ്ട് വര്‍ഷത്തെ കരാര്‍ കൂടിയാണ് നെയ്മറിന് ബാക്കിയുള്ളത്.

Content Highlight: PSG have announced Luis Enrique as their new manager