യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ സെമി ഫൈനലില്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെന്റ് ജെര്‍മെയ്‌നെ കെട്ടുകെട്ടിച്ച് ബൊറൂസിയ ഡോര്‍ട്മുണ്ട് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിരുന്നു. ബുധനാഴ്ച പി.എസ്.ജിയുടെ തട്ടകമായ പാര്‍ക് ഡെസ് പ്രിന്‍സെസില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബൊറൂസിയ ഹോം ടീമിനെ പരാജയപ്പെടുത്തിയത്.
2-0 എന്ന അഗ്രഗേറ്റ് സ്‌കോറിലാണ് പി.എസ്.ജി സെമിയില്‍ പരാജയപ്പെട്ടത്. നേരത്തെ ബൊറൂസിയയുടെ ഹോം ഗ്രൗണ്ടായ സിഗ്നല്‍ ഇഡ്യൂനയില്‍ നടന്ന മത്സരത്തിലും ഒരു ഗോളിന് ടീം പരാജയപ്പെട്ടിരുന്നു.
രണ്ടാം പാദത്തില്‍ വിജയിച്ച് ഫൈനലില്‍ പ്രവേശിക്കാമെന്ന പി.എസ്.ജിയുടെ മോഹത്തെ സൂപ്പര്‍ താരം ഹമ്മല്‍സാണ് തട്ടിയകറ്റിയത്. മത്സരത്തിന്റെ 50ാം മിനിട്ടിലാണ് ഹമ്മല്‍സ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്.
തുടര്‍ന്നും ഇരുവരും ഗോള്‍ നേടാന്‍ ശ്രമിച്ചെങ്കിലും ഇരുവര്‍ക്കും അതിനാകാതെ വന്നതോടെയാണ് രണ്ട് ഗോളിന്റെ ലീഡില്‍ ജര്‍മന്‍ സൂപ്പര്‍ ടീം ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.
ഈ തോല്‍വിക്ക് പിന്നാലെ ഒരു മോശം റെക്കോഡാണ് പി.എസ്.ജിയെ തേടിയെത്തിയത്. ചാമ്പ്യന്‍സ് ലീഗിന്റെ രണ്ട് പാദ മത്സരങ്ങളില്‍ ഏറ്റവുമധികം ഷോട്ടുകളുതിര്‍ത്തിട്ടും ഒരെണ്ണം പോലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാത്ത ടീമായാണ് പി.എസ്.ജി തലകുനിച്ചുനിന്നത്.
സിഗ്നല്‍ ഇഡ്യൂനയില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ 14 തവണയാണ് പി.എസ്.ജി ഷോട്ടുതിര്‍ത്തത്. ഇതില്‍ മൂന്നെണ്ണം മാത്രമാണ് ഓണ്‍ ടാര്‍ഗെറ്റ് ഷോട്ടുകള്‍. മൂന്നില്‍ ഒന്ന് പോലും ലക്ഷ്യത്തിലെത്തിക്കാന്‍ ടീമിന് സാധിച്ചില്ല.
സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാം പാദത്തില്‍ 30 തവണയാണ് പാരീസ് വമ്പന്‍മാര്‍ ഷോട്ട് ഉതിര്‍ത്തത്. എന്നാല്‍ ഗോള്‍മുഖം ലക്ഷ്യമായെത്തിയത് വെറും അഞ്ച് ഷോട്ടും.
അതേസമയം, ആദ്യ പാദത്തില്‍ ബൊറൂസിയ 13 ഷോട്ടാണ് തൊടുത്തത്, ഇതില്‍ മൂന്നെണ്ണമാണ് ഓണ്‍ ടാര്‍ഗെറ്റിലുണ്ടായിരുന്നത്. അതിലൊന്ന് വലകുലുക്കുകയും ചെയ്തു. രണ്ടാം പാദത്തില്‍ ഏഴ് ഷോട്ടും മൂന്ന് ഓണ്‍ ടാര്‍ഗെറ്റ് ഷോട്ടും പിറന്നപ്പോള്‍ ഒന്ന് വലയില്‍ തുളച്ചുകയറുകയും ചെയ്തു. ഇതോടെ 2013ന് ശേഷം ഇതാദ്യമായി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്താനും മഞ്ഞപ്പടയ്ക്കായി.
ജൂണ്‍ രണ്ടിനാണ് ഫൈനല്‍ മത്സരം. വെംബ്ലിയില്‍ നടക്കുന്ന മത്സരത്തില്‍ ബയേണ്‍ മ്യൂണിക് – റയല്‍ മാഡ്രിഡ് വിജയികളെയാണ് ടീമിന് നേരിടേണ്ടി വരിക. 2013ന് സമാനമായി മറ്റൊരു ജര്‍മന്‍ ഫൈനലാണ് ബുണ്ടസ് ലീഗ ആരാധകര്‍ സ്വപ്‌നം കാണുന്നത്.
ഇരുവരും തമ്മിലുള്ള ആദ്യ പാദ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. ബയേണിന്റെ ഹോം ഗ്രൗണ്ടായ അലിയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ ഇരുവരും രണ്ട് ഗോള്‍ വീതം നേടിയാണ് പിരിഞ്ഞത്.
നാളെയാണ് രണ്ടാം പാദ മത്സരം. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്നവര്‍ ഫൈനലില്‍ ബൊറൂസിയയെ നേരിടും.
Content highlight: PSG has a poor record in the Champions League