| Sunday, 7th August 2022, 1:30 pm

ഞങ്ങള്‍ക്ക് മെസി ഉണ്ട്, ദയവായി സെല്‍ഫിഷ് കളിക്കാരനായ നീ ടീമില്‍ വരേണ്ട; സൂപ്പര്‍താരത്തെ ട്രോളി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലീഗ് വണ്ണിലെ ആദ്യ മത്സരത്തില്‍ പി.എസ്.ജി മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. ക്ലര്‍മോണ്ട് ഫൂട്ടിനെതിരെയായിരുന്നു പി.എസ്.ജിയുടെ വിജയം. അഞ്ച് ഗോളിനായിരുന്നു ഫ്രഞ്ച് പട വിജയിച്ചത്. രണ്ട് ഗോളും ഒരു അസിസ്റ്റും നല്‍കിയ ലയണല്‍ മെസിയായിരുന്നു പി.എസ്.ജിയിലെ താരം. ഇതില്‍ ഒരു ബൈസൈക്കിള്‍ കിക്ക് ഗോളുമായി മെസി കളം നിറഞ്ഞു.

പി.എസ്.ജിക്കായി മെസി രണ്ടും നെയ്മര്‍, ഹക്കീമി, മാര്‍കിന്‍ഹോസ് എന്നിവര്‍ ഓരോ ഗോളും നേടി. ഒമ്പതാം മിനിട്ടില്‍ മെസിയുടെ അസിസ്റ്റില്‍ നെയ്മറായിരുന്നു ആദ്യം വല കിലുക്കിയത്. മെസി ഇരട്ട ഗോള്‍ നേടിയും ഒരു അസിസ്റ്റും നേടിയും കളം നിറഞ്ഞപ്പോള്‍. നെയ്മര്‍ ഒരു ഗോള്‍ സ്വന്തമാക്കുകയും മൂന്ന് അസിസ്റ്റും നല്‍കിയിരുന്നു.

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ഒരുപാട് പഴികേട്ട താരങ്ങളായിരുന്നു മെസിയും നെയ്മറും. എന്നാല്‍ ഈ സീസണില്‍ മികച്ച രീതിയിലാണ് ഇരുവരും തുടങ്ങിയിരിക്കുന്നത്. പുതിയ കോച്ചിന്റെ കീഴില്‍ ഇരുവര്‍ക്കും കുറച്ചുകൂടെ സ്വതന്ത്രമായി കളിക്കാന്‍ സാധിക്കുന്നുണ്ട്.

മത്സരത്തിലെ ഇരുവരുടെയും പ്രകടനം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട് . മെസിയും നെയ്മറും ഒരുപോലെ ഫോമായാല്‍ പി.എസ്.ജിക്ക് അവരുടെ സ്വപ്‌നമായ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കാന്‍ സാധിക്കും. കഴിഞ്ഞ സീസണില്‍ എവിടെയും എത്താതെ പോയ പി.എസ്.ജിയുടെ യു.സി.എല്‍ സ്വപ്‌നങ്ങള്‍ പൊടി തട്ടി എടുക്കുകയാണ് ആരാധകര്‍.

സൂപ്പര്‍താരം കിലിയന്‍ എംബാപെ ഇല്ലാതെയായിരുന്നു പി.എസ്.ജി കളത്തിലിറങ്ങിയത്. എന്നാല്‍ അദ്ദേഹമില്ലാത്തതിന്റെ ഒരു കുറവും ടീം അറിഞ്ഞിട്ടില്ലായിരുന്നു. മുന്‍ ബാഴ്‌സ താരങ്ങള്‍ അഴിഞ്ഞാടിയ മത്സരത്തിന് ശേഷം എംബാപെയെ ട്രോളി മറിക്കുവാണ് ആരാധകര്‍. അവര്‍ രണ്ട് പേരും ഇങ്ങനെ കളിക്കുവാണെങ്കില്‍ പി.എസ്.ജിയില്‍ എംബാപെയുടെ ആവശ്യമില്ലെന്നാണ് ആരാധകരുടെ വാദം.

എന്താണ് നിസ്വാര്‍ത്ഥത എന്ന് എംബാപെ മെസിയെയും നെയ്മറെയും കണ്ടു പഠിക്കാന്‍ പറയുകയാണ് ആരാധകര്‍. എംബാപെക്ക് പരിക്കേറ്റതിനാല്‍ മെസി-നെയ്മര്‍ എന്നിവരുടെ കൂട്ടുകെട്ട് ഇനിയും കാണാന്‍ സാധിക്കുമെന്നാണ് മറ്റൊരു ആരാധകന്‍ ട്വീറ്റ് ചെയ്തത്.

എംബാപെ ഇല്ലെങ്കില്‍ ഇരുവരും ഒരുപാട് അത്ഭുതങ്ങള്‍ പി.എസ്.ജിയില്‍ ചെയ്യുമെന്നും ആരാധകരുടെ ട്വീറ്റുണ്ട്.

കഴിഞ്ഞ സീസണില്‍ പി.എസ്.ജിക്കായി ഏറ്റവും കൂടുതല്‍ ഗോളും അസിസ്റ്റും നേടിയത് എംബാപെയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് വേണ്ടി പ്ലാനുകള്‍ സജ്ജമാക്കിയപ്പോള്‍ മെസിക്കും നെയ്മറിനും അവരുടെ ശൈലിയില്‍ കളിക്കാന്‍ സാധിച്ചില്ലായിരുന്നു.

Content Highlights: Psg Fans Trolls  Kilian Mbape and say to learn unselfishness from Lionel Messi and Neymar

We use cookies to give you the best possible experience. Learn more