| Thursday, 15th September 2022, 9:21 am

'അവന്‍ ഫുട്‌ബോള്‍ എന്താണെന്ന് പോലും മറന്നിരിക്കുന്നു'; പി.എസ്.ജി തകര്‍പ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും ടീമിലെ സൂപ്പര്‍താരത്തെ എയറില്‍ കയറ്റി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ പി.എസ്.ജി രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ യുവന്റസിനെ തകര്‍ത്ത പി.എസ്.ജി രണ്ടാം മത്സരത്തില്‍ മക്കാബി ഹൈഫയാണ് തോല്‍പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു പി.എസ്.ജി വിജയിച്ചത്.

പി.എസ്.ജിക്കായി മെസി, നെയ്മര്‍, എംബാപെ എന്നിവരാണ് ഗോള്‍ നേടിയത്. മത്സരം ആരംഭിച്ച് 23ാം മിനിട്ടില്‍ തന്നെ പത്താം നമ്പര്‍ ജേഴ്‌സിക്കാരന്‍ ചെറിയിലൂടെ മക്കാബി പി.എസ്.ജിയുടെ ഗോള്‍ വല കുലുക്കിയിരുന്നു.

37ാം മിനിട്ടിലായിരുന്നു പി.എസ്.ജി ആദ്യ ഗോള്‍ നേടിയത്. എംബാപെയുടെ അസിസ്റ്റില്‍ മെസിയായിരുന്നു പി.എസ്.ജിക്കായി ആദ്യം വല കുലുക്കിയത്. പിന്നീട് 69ാം മിനിട്ടിലും ഇതേ കോമ്പോയുടെ അറ്റാക്കില്‍ തന്നെയാണ് രണ്ടാം ഗോള്‍ നേടിയത്. ഇത്തവണ മെസി അസിസ്റ്റ് ചെയ്തപ്പോള്‍ എംബാപെ ഗോള്‍ നേടി.

88ാം മിനിട്ടിലാണ് നെയ്മര്‍ പി.എസ്.ജിക്കായി അവസാന ഗോള്‍ നേടിയത്. നെയ്മര്‍ കൂടെ ഗോള്‍ നേടിയപ്പോള്‍ പി.എസ്.ജിയുടെ മുന്നേറ്റ ത്രയങ്ങള്‍ എല്ലാവരും ഗോള്‍ നേടി.

മത്സരത്തില്‍ മികച്ച പ്രകടനമാണ് പി.എസ്.ജി ഒന്നടങ്കം കാഴ്ചവെച്ചതെങ്കിലും പി.എസ്.ജിയുടെ ഡിഫന്‍ഡര്‍മാരെ ആരാധകര്‍ ട്രോളുന്നുണ്ട്. അതില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ എയറില്‍ കയറ്റിയിരിക്കുന്നത്
ടീമിന്റെ ക്യാപ്റ്റനും ബ്രസീല്‍ സൂപ്പര്‍താരവുമായ മാര്‍ക്കിനോസിനെയാണ്.

മക്കാബിക്കായി ഗോള്‍ നേടിയ ചെറിയും മറ്റൊരു ഫോര്‍വേഡ് പെയ്‌റോട്ടും മാര്‍ക്കിനോസിന് ഒരുപാട് തലവേദന സൃഷ്ടിച്ചിരുന്നു. ഇരുവര്‍ക്കുമെതിരെ പരുങ്ങുന്ന മാര്‍ക്കിനോസിനെയാണ് മത്സരത്തില്‍ കണ്ടത്.

എതിര്‍ ടീം അറ്റാക്കിന് വരുമ്പോഴെല്ലാം മാര്‍ക്കിനോസ് കഷ്ടപ്പെടുന്നത് കാണാം. കോണ്‍ഫിഡന്‍സോഡുകൂടി എന്നും കളിക്കാറുള്ള മാര്‍ക്കിനോസിനെ ഇങ്ങനെ കാണാറില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

മാര്‍ക്കിനോസും റാമോസുമടങ്ങുന്ന ടീമില്‍ ഇങ്ങനെ ഒരു ഡിഫന്‍ഡിങ്ങല്ല ആരും പ്രതീക്ഷിക്കുന്നത്. മാര്‍ക്കിനോസിന്റെ ലെവല്‍ കുറഞ്ഞെന്നും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നും ആരാധകര്‍ വാദിക്കുന്നുണ്ട്.

മാര്‍ക്കിനോസ് ഫുട്‌ബോള്‍ കളിക്കാന്‍ മറന്നുപോയെന്ന് വരെ വിമര്‍ശിക്കുന്ന ആരാധകരുണ്ട്. മത്സരത്തിന് ശേഷം ഒരുപാട് പേരാണ് മാര്‍ക്കിനേസിനെ വിമര്‍ശിച്ചത്.

ചാമ്പ്യന്‍സ് ലീഗില്‍ മുമ്പോട്ട് നീങ്ങുന്തോറും പി.എസ്.ജിക്ക് എല്ല് മേഖലകളിലും മികച്ചുനില്‍ക്കേണ്ടതുണ്ട്. മുന്നോട്ട് പോക്കില്‍ പി.എസ്.ജി മുന്നേറ്റ നിരയുടെ മികച്ച പ്രകടനത്തോടൊപ്പം തന്നെ പി.എസ്.ജി ഡിഫന്‍ഡര്‍മാരും മികച്ച പ്രകടനം നടത്തേണ്ടതുണ്ട്, അല്ലെങ്കില്‍ പ്രധാന മത്സരങ്ങളില്‍ കലമുടക്കാനായിരിക്കും ടീമിന്റെ വിധി.

Content Highlight: PSG fans slams Marquinhos After his poor performance in UCL

We use cookies to give you the best possible experience. Learn more