| Monday, 13th March 2023, 7:36 pm

'രാജ്യദ്രോഹി'; പി.എസ്.ജിയില്‍ സൂപ്പര്‍താരത്തിന് അപകീര്‍ത്തി പരാമര്‍ശം

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ ലയണല്‍ മെസി തന്റെ കരാര്‍ പുതുക്കാത്തതിന് പിന്നാലെ പതിഷേധവുമായി എത്തിയിരിക്കുകയാണ് പി.എസ്.ജി ആരാധകര്‍. പാരീസ് ക്ലബ്ബ് ആരാധകര്‍ താരത്തെ ‘രാജ്യദ്രോഹി’ എന്ന് വിളിച്ച് അപകീര്‍ത്തിപ്പെടുത്തിയതായി എല്‍ ഫുട്‌ബോളറോ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കരാര്‍ പുതുക്കുന്നതിനായി പി.എസ്.ജി പലതവണ മെസിയെ സമീപിച്ചിരുന്നെന്നും എന്നാല്‍ താരം വിസമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ആരധകര്‍ പ്രതിഷേധിച്ചെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പി.എസ്.ജി പുറത്തായപ്പോഴും മെസിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. മെസി ക്ലബ്ബുമായി ചേര്‍ന്ന് കളിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും ചാമ്പ്യന്‍സ് ലീഗ് പോലെ പ്രധാന മത്സരങ്ങളില്‍ മെസിയുടെ പ്രകടനം അപ്രത്യക്ഷമാവുകയാണെന്നും ആരോപണങ്ങളുണ്ടായിരുന്നു.

ലോകകപ്പിന് മുമ്പ് തന്നെ പി.എസ്.ജി മെസിയുടെ കരാര്‍ പുതുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വേള്‍ഡ് കപ്പിന് ശേഷം മതിയെന്നായിരുന്നു താരത്തിന്റെ നിലപാട്. എന്നാല്‍ ലോകകപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും മെസി തന്റെ തീരുമാനം അറിയിച്ചിട്ടില്ല.

ഇതിനിടെ മെസി മുന്‍ ക്ലബ്ബായ ബാഴ്സലോണയിലേക്ക് തിരിച്ചുപോകുമെന്നുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ബാഴ്സ പ്രസിഡന്റ് ജോണ്‍ ലപോര്‍ട്ടയുമായി പിരിഞ്ഞാണ് മെസി ക്ലബ്ബ് വിട്ടതെന്നതിനാല്‍ ഇനിയൊരു തിരിച്ചുപോക്കുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നിരുന്നാലും ക്ലബ്ബ് ഫുട്‌ബോളില്‍ മെസിയുടെ ഭാവി എന്തെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

Content Highlights: PSG fans blast Lionel Messi, report

Latest Stories

We use cookies to give you the best possible experience. Learn more