| Tuesday, 21st March 2023, 8:34 am

പി.എസ്.ജി ലയണല്‍ മെസിക്ക് പുതിയ കരാര്‍ വാഗ്ദാനം ചെയ്യുമോ? നിലപാട് വ്യക്തമാക്കി ഫ്രഞ്ച് വമ്പന്മാര്‍; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ കരാര്‍ ഈ വര്‍ഷം ജൂണില്‍ അവസാനിക്കുകയാണ്. ക്ലബ്ബുമായുള്ള സന്ധി അവസാനിക്കുന്നതോടെ താരം മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമോ എന്നും പി.എസ്.ജിയുമായി തന്നെ കരാര്‍ പുതുക്കുമോ എന്നുമറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

നിലവില്‍ മെസിയുടെ പ്രകടനത്തില്‍ പി.എസ്.ജി ആരാധകര്‍ സംതൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ റൗണ്ട് ഓഫ് 16ല്‍ ബയേണിനെതിരെ തോല്‍വി വഴങ്ങി ടൂര്‍ണമെന്റില്‍ നിന്ന് പി.എസ്.ജി പുറത്തായതോടെ മെസിക്കെതിരെയുള്ള പ്രതിഷേധവും ശക്തമായിരുന്നു.

മെസി പി.എസ്.ജിയില്‍ തുടരുന്നതില്‍ ആരാധകരും മറ്റും അതൃപ്തി പ്രകടിപ്പിക്കുന്നതിനാല്‍ ഈ സീസണിന്റെ അവസാനത്തോടെ താരം ഫ്രീ ഏജന്റ് ആകുമെന്നാണ് ലെ എക്വിപ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2021ല്‍ ബാഴ്‌സലോണയില്‍ നിന്ന് മെസിയെ ഫ്രീ ട്രാന്‍സ്ഫറില്‍ സ്വന്തമാക്കിയ പി.എസ്.ജിക്ക് ഒരു സീസണില്‍ കൂടി താരത്തെ നിലനിര്‍ത്താമെങ്കിലും എഫ്.എഫ്.പിയുടെ നിയമപ്രകാരം താരത്തെ വിട്ടയക്കാനാണ് ലീഗ് വണ്ണിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, മെസിയെ ക്ലബ്ബില്‍ തിരിച്ചെത്തിക്കാന്‍ ബാഴ്‌സലോണ എഫ്.സി കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബാഴ്‌സക്ക് പുറമെ ഇന്റര്‍ മിയാമിയും താരത്തെ സ്വന്തമാക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ വമ്പന്‍ തുകയാണ് മെസിക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്.

എന്നിരുന്നാലും മെസി വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുന്നതിന് മുമ്പ് മെസി തന്റെ ക്ലബ്ബ് ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ തീരുമാനമറിയിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlights: PSG fans are not satisfied on Lionel Messi’s performance

We use cookies to give you the best possible experience. Learn more