ലീഗ് വണ്ണിലെ നാലാം മത്സരത്തില്‍ എ.എസ്. മൊണാക്കോക്കെതിരെ പി.എസ്.ജി സമനില വഴങ്ങിയിരുന്നു. ആദ്യ മൂന്ന് മത്സരത്തിലും മികച്ച വിജയം കാഴ്ചവെച്ച പി.എസ്.ജിക്ക് ഈ മത്സരത്തില്‍ മൊണാക്കോയെ പിടിച്ചുകെട്ടാന്‍ സാധിച്ചില്ല.
മത്സരം ആരംഭിച്ച് 20ാം മിനിട്ടില്‍ തന്നെ മൊണാക്കോ ലീഡ് പിടിച്ചിരുന്നു. 70ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ നെയ്മറാണ് പി.എസ്.ജിക്ക് സമനില ഗോള്‍ നേടിക്കൊടുത്തത്.
മത്സര ശേഷം എംബാപെക്ക് നേരെ വീണ്ടും ട്വിറ്ററില്‍ ഒരുപാട് ഹേറ്റ് കമന്റ്‌സ് വന്നിരുന്നു. നേരത്തെ തന്നെ അദ്ദേഹത്തെ സെല്‍ഫിഷ് എന്ന് ആരാധകര്‍ മുദ്രകുത്താറുണ്ടായിരുന്നു.
ഈ മത്സരത്തില്‍ എംബാപെ ബോക്‌സിന് വെളിയില്‍ നിന്നും കിക്കെടുത്തതാണ് മെസി ആരാധകരെ ചൊടിപ്പിച്ചത്. മെസി ബോക്‌സിനകത്ത് ഫ്രീയായിട്ട് നില്‍ക്കുമ്പോള്‍ അങ്ങനെ ചെയ്തത് മോശമാണെന്നാണ് ആരാധകര്‍ പറയുന്നത്.
മെസിയെ മത്സരത്തിന്റെ 87ാം മിനിട്ടില്‍ സബ് ചെയ്തതിന് കോച്ച് ക്രിസ്‌റ്റോഫ് ഗാള്‍ട്ടിയറിനെതിരെയും ആരാധകര്‍ രംഗത്തെത്തിയിരുന്നു. എംബാപെയെയായിരുന്നു അദ്ദേഹത്തിന് പകരം സബ് ചെയ്യേണ്ടിയിരുന്നത് എന്നാണ് ആരാധകരുടെ വാദം.
പി.എസ്.ജിയില്‍ ആരും മികച്ച ഫോമില്‍ അല്ലായിരുന്നുവെന്നും എന്നാല്‍ അതില്‍ ഏറ്റവും മോശം എംബാപെയാണെന്നും ഒരു ആരാധകന്‍ കമന്റ് ചെയ്യുന്നു.
മോണ്ട്‌പെല്ലിയറിനെതിരെയുള്ള രണ്ടാം മത്സരത്തിന് ശേഷവും പി.എസ്.ജി ആരാധകര്‍ എംബാപെക്കെതിരെ തിരിഞ്ഞിരുന്നു. നെയ്മറുമായി പെനാല്‍ട്ടിയുടെ പേരില്‍ തര്‍ക്കിച്ചതും അതിന് ശേഷം ഒരു ഗോള്‍ അവസരത്തില്‍ ഓട്ടം നിര്‍ത്തിയതും ആരാധകരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു.
എന്നാല്‍ മൂന്നാം മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു പി.എസ്.ജിയും എംബാപെയും കാഴ്ചവെച്ചത്. താരങ്ങള്‍ തമ്മിലുള്ള മികച്ച കെമിസ്ട്രി ലില്ലെക്കെതിരായ ഈ മത്സരത്തില്‍ കാണാന്‍ സാധിക്കുമായിരുന്നു.
ഏഴ് ഗോളായിരുന്നു മത്സരത്തില്‍ പി.എസ്.ജി അടിച്ചുകൂട്ടിയത്.