ജനുവരി 19നാണ് സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാൽ, അൽ നസർ എന്നിവയിലെ താരങ്ങൾ ചേർന്ന സൗദി ഓൾ സ്റ്റാർസ് ഇലവൻ ഫ്രഞ്ച് വമ്പൻമാരായ പി.എസ്.ജിയെ റിയാദിലെ കിങ്ങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നേരിടുന്നത്.
മത്സരത്തിൽ റൊണാൾഡോയാണ് സൗദി ഓൾ സ്റ്റാർസിനെ നയിക്കുക എന്ന വാർത്ത സ്ഥിരീകരിക്കപ്പെട്ടിരുന്നു. സൗദിയുടെ ജനറൽ അതോറിറ്റി ഫോർ എന്റർടൈൻമെന്റ് ചെയർമാനായ തുർക്കി-അൽ-ഷെയ്ഖ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് വിവരം പുറത്ത് വിട്ടിരിക്കുന്നത്.
എന്നാലിപ്പോൾ സൗദി അറേബ്യയിൽ കളിക്കുന്നതിലൂടെ വമ്പൻ പ്രതിഫലത്തുകയാണ് പി.എസ്.ജിക്ക് ലഭിക്കുക എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.
ലയണൽ മെസി, എംബാപ്പെ, നെയ്മർ മുതലായവരടങ്ങുന്ന പി.എസ്.ജി നിരക്ക് സൗദിയിൽ പ്രദർശന മത്സരം കളിക്കുന്നതിലൂടെ ഏകദേശം 10 മില്യൺ യൂറോ പ്രതിഫലമായി ലഭിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.ഫ്രഞ്ച് മാധ്യമമായ എൽ എക്യുപ്പെയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പി.എസ്.ജിക്ക് കഴിഞ്ഞ വർഷം ഏകദേശം 370 മില്യൺ യൂറോ അവരുടെ വാർഷിക ബഡ്ജറ്റിൽ കമ്മി വന്നെന്നും ആ ഇടിവ് ഈ വർഷവും തുടരുമെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
അതിനാൽ ക്ലബ്ബിന്റെ സാമ്പത്തിക നഷ്ടം അൽപം നികത്താൻ സൗദി ഓൾ സ്റ്റാർസുമായുള്ള മത്സരം ക്ലബ്ബിനെ സഹായിക്കുമെന്നാണ് ഫുട്ബോൾ വിദഗ്ധർ വിലയിരുത്തുന്നത്.
കൂടാതെ വിജയിച്ച മത്സരങ്ങളിൽ താരങ്ങൾ അണിഞ്ഞ ജേഴ്സി ലേലം ചെയ്ത് ക്ലബ്ബിലേക്ക് കൂടുതൽ പണമെത്തിക്കാനുള്ള പദ്ധതികളും ക്ലബ്ബ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.
ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ ഒരു സാമ്പത്തിക വർഷത്തിൽ ചിലവാക്കാവുന്ന തുകയെക്കാൾ കൂടുതൽ ചിലവഴിച്ചതിന് നേരത്തെ പാരിസ് ക്ലബ്ബിന് കനത്ത പിഴ ചുമത്തിയിരുന്നു. ഇതും ക്ലബ്ബിന്റെ സാമ്പത്തിക അസന്തുലിതാവസ്ഥക്ക് കാരണമാണ് എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ അൽ നസറിനായി സൈൻ ചെയ്യുകയും സൗദി പ്രോ ലീഗിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും റൊണാൾഡോ ഇതുവരെ അൽ നസറിനായി അരങ്ങേറ്റ മത്സരം കളിച്ചിട്ടില്ല.
ജനുവരി 19ന് സൗദി ഓൾ സ്റ്റാർസ് ഇലവനുമായി നടക്കുന്ന പി.എസ്.ജിയുടെ മത്സരത്തിലാണ് താരം സൗദി മണ്ണിൽ ആദ്യമായി കളിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.