| Tuesday, 1st August 2023, 12:31 pm

എംബാപ്പെയെ തന്നാല്‍ മൂന്ന് പേരെ അങ്ങോട്ട് തരാം; ബാഴ്‌സയുടെ ഓഫര്‍ തള്ളി പി.എസ്.ജി; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

പി.എസ്.ജി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ ടീമിലെത്തിക്കാനുള്ള സ്പാനിഷ് സൂപ്പര്‍ ടീം എഫ്. സി. ബാഴ്‌സലോണയുടെ ആവശ്യത്തോട് മുഖം തിരിച്ച് ലീഗ് വണ്‍ വമ്പന്‍മാര്‍.

എംബാപ്പെയ്ക്കായി ഒരു സ്വാപ് ഡീലിനാണ് ബാഴ്‌സലോണ ശ്രമിച്ചതെന്നും മൂന്ന് താരങ്ങളെ ഡീലിന്റെ ഭാഗമായി പി.എസ്.ജിക്ക് നല്‍കാന്‍ തയ്യാറായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ബാഴ്‌സ സൂപ്പര്‍ താരങ്ങളായ റഫീന്യ, ഗാവി, ഒസ്മാനെ ഡെംബലെ എന്നിവരെയാണ് സ്വാപ് ഡീലിന്റെ ഭാഗമായി ബാഴ്‌സ മുമ്പോട്ട് വെച്ചതെന്നാണ് ഫൂട്ട് മെര്‍ക്കാറ്റോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ ഇതില്‍ രണ്ട് താരങ്ങളില്‍ താത്പര്യമില്ലാതിരുന്ന പി.എസ്.ജി ഡീലില്‍ നിന്നും പിന്‍മാറുകയായിരുന്നുവെന്ന് പ്രമുഖ ജേണലിസ്റ്റായ സാന്റി ഔന റിപ്പോര്‍ട്ട് ചെയ്തു. റഫീന്യ, ഗാവി എന്നിവരോടാണ് പി.എസ്.ജി വിമുഖത കാണിച്ചത്.

എന്നാല്‍ ഒസ്മാനെ ഡെംബലയെ ടീമിലെത്തിക്കാന്‍ പി.എസ്.ജി ശ്രമം നടത്തുന്നുണ്ട്. താരം പി.എസ്.ജിയുടെ ഓഫര്‍ സ്വീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അഞ്ച് വര്‍ഷത്തെ കരാറിലാണ് ഡെംബലെ പാര്‍ക് ഡെസ് പ്രിന്‍സസിലെത്തുക.

താരത്തെ സ്വന്തമാക്കാന്‍ ബുദ്ധിപൂര്‍വമായ നീക്കമാണ് ഫ്രഞ്ച് വമ്പന്മാര്‍ നടത്തുന്നത്. ഡെംബെലെയുടെ റിലീസ് ക്ലോസ് 50 മില്യണ്‍ ആണ്. എന്നാല്‍ ഈ റിലീസ് ക്ലോസിന്റെ കരാര്‍ ജൂലായ് 30ന് അവസാനിക്കും. അതിനാല്‍ റിലീസ് ക്ലോസിന്റെ അവസാന ദിവസം ഡെംബലെക്ക് വേണ്ടി ബിഡ് സമര്‍പ്പിക്കുകയായിരുന്നു പി.എസ്.ജിയുടെ ലക്ഷ്യം.

താന്‍ പരിശീലിപ്പിക്കുന്ന ടീമില്‍ ഡെംബലെയടക്കമുള്ള രണ്ട് ബാഴ്‌സ താരങ്ങള്‍ ഉണ്ടാകണമെന്ന് പി.എസ്.ജി പരിശീലകന്‍ ലൂയീസ് എന്റിക്വ് ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എല്‍ നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം ജൂള്‍സ് കോണ്ടെ, ഒസ്മാനെ ഡെംബലെ എന്നീ രണ്ട് ബാഴ്സ താരങ്ങളാണ് എന്റിക്വിന്റെ ട്രാന്‍സ്ഫര്‍ വിഷ്ലിസ്റ്റിലുള്ളത്. ഇരു താരങ്ങളെയും ക്ലബ്ബിലെത്തിക്കാനായാല്‍ പി.എസ്.ജിയുടെ നിലവിലെ സ്‌ക്വാഡിനെ ശക്തിപ്പെടുത്താനാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഈ സീസണിന്റെ അവസാനത്തോടെ മുന്‍ കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ പി.എസ്.ജിയുമായി പിരിഞ്ഞതോടെയാണ് എന്റിക്വ് പുതിയ പരിശീലകനായി പാരീസിലെത്തുന്നത്.

ഗാള്‍ട്ടിയറിന് പകരക്കാരനായി മുന്‍ ബയേണ്‍ മ്യൂണിക്ക് കോച്ച് ജൂലിയന്‍ നഗല്‍സ്മാനെ ക്ലബ്ബിലെത്തിക്കാന്‍ പി.എസ്.ജി ശ്രമം നടത്തിയിരുന്നെങ്കിലും സാധ്യമായില്ല. തുടര്‍ന്നാണ് എന്റിക്വിനെ പാരീസിയന്‍ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തേക്ക് ക്ഷണിച്ചത്.

2014 മുതല്‍ 2017 വരെ ബാഴ്സലോണക്കായി മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞതോടെയാണ് എന്റിക്വിനെ സ്പെയ്ന്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ കൊണ്ട് വരുന്നത്. എന്നാല്‍ കഴിഞ്ഞ ലോകകപ്പില്‍ സ്‌പെയ്ന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായോടെ എന്റിക്വ് സ്‌പെയ്ന്‍ പരിശീലക സ്ഥാനമൊഴിയുകയായിരുന്നു.

Content Highlight: PSG denies Barcelona FC’s swap deal, report

We use cookies to give you the best possible experience. Learn more