| Monday, 19th September 2022, 4:01 pm

മെസിയോടോ നെയ്മറിനോടോ ആരുമത് പറയില്ല, കാര്യങ്ങള്‍ കുഴപ്പത്തിലാവുമ്പോള്‍ അവരിറങ്ങിക്കോളും: പി.എസ്.ജി താരം

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജി കുതിപ്പ് തുടരുകയാണ്. ഗ്രൂപ്പ് എച്ചില്‍ കളിച്ച രണ്ട് കളിയില്‍ രണ്ടിലും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതായാണ് ഗാള്‍ട്ടിയറിന്റെ കുട്ടികള്‍ ഡോമിനേഷന്‍ തുടരുന്നത്.

ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയുടെ കഴിഞ്ഞ മത്സരം മക്കാബി ഹൈഫയോടായിരുന്നു. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു മൂന്ന് ഗോള്‍ തിരികെയടിച്ച് പി.എസ്.ജി മത്സരം പിടിച്ചടക്കിയത്.

മെസിയും നെയ്മറും എംബാപ്പെയും മത്സരത്തില്‍ ഗോള്‍ നേടിയിരുന്നു.

ടീം മത്സരം വിജയിച്ചെങ്കിലും മക്കാബി ഹൈഫ ആദ്യ ഗോള്‍ നേടിയത് പി.എസ്ജി കോച്ച് ക്രിസ്‌റ്റൊഫെ ഗാള്‍ട്ടിയറിന് അത്ര പിടിച്ചിട്ടില്ലായിരുന്നു.

മെസിയും നെയ്മറും എംബാപ്പെയും മുന്നേറ്റത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഡിഫന്‍സിലേക്കിറങ്ങാത്തതിനാല്‍ അവിടെ വേണ്ടുവോളം സ്‌പേസ് ഉണ്ടായി എന്നും അത് മുതലെടുത്താണ് ഹൈഫ മത്സരത്തില്‍ ആധിപത്യം നേടിയതെന്നുമാണ് ഗാള്‍ട്ടിയര്‍ പറഞ്ഞത്.

മക്കാബി ഹൈഫ ഗോളടിച്ചതിന് പിന്നാലെ പി.എസ്.ജി തന്ത്രങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിതരായിരുന്നു. ഇതാണ് പി.എസ്.ജിയെ വിജയത്തിലേക്കെത്തിച്ചത്.

എന്നാല്‍ മെസിയും നെയ്മറും എംബാപ്പെയും ഡിഫന്‍സിലേക്കിറങ്ങിക്കളിക്കുന്നതിനെ കുറിച്ച് പറയുകയാണ് പി.എസ്.ജിയുടെ പ്രതിരോധ താരവും ഫ്രഞ്ച് ഇന്റര്‍നാഷണലുമായ നോര്‍ഡി മുകിയേലെ.

ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം ലിയോണിനെതിരെ നടന്ന മത്സരത്തില്‍ പി.എസ്.ജി 1-0ന് വിജയിച്ചിരുന്നു. ഇതിന് പിന്നാലെ കള്‍ച്ചര്‍ പി.എസ്.ജിയില്‍ പങ്കുവെച്ച വീഡിയോയിലാണ് നോര്‍ഡി ടീമിന്റെ അറ്റാക്കിങ് ട്രയോ ഡിഫന്‍സിലേക്ക് ഇറങ്ങി കളിക്കുന്നതിനെ കുറിച്ച് പറയുന്നത്.

‘കോച്ച് അവരോട് വെറുതെ സംസാരിക്കുക മാത്രമാണ് ചെയ്തത്. അവരോട് ഡിഫന്‍ഡ് ചെയ്യുക കൂടി വേണമെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. മെസിയോടെ നെയ്മറിനോടോ 90 മിനിട്ടും ഡിഫന്‍ഡ് ചെയ്യണമെന്ന് ആരും പറയാന്‍ പോവുന്നില്ല.

ടീമിനെ സംബന്ധിച്ച് കാര്യങ്ങള്‍ പന്തിയല്ല എന്നവര്‍ക്ക് തോന്നുന്ന സമയത്തിലെല്ലാം തന്നെ അവര്‍ ഡിഫന്‍സിലേക്ക് സ്വയം വരാറുണ്ട്.

അവര്‍ പ്രതിരോധത്തിലേക്കിറങ്ങി വരുന്നതില്‍ ഞങ്ങള്‍ക്കേറെ സന്തോഷമുണ്ട്. അവര്‍ മികച്ച താരങ്ങളായതിനാല്‍ അറ്റാക്കിങ്ങും മികച്ചതാക്കുന്നുണ്ട്. ഒരു ടീം എന്ന നിലയില്‍ മികച്ച രീതിയില്‍ തന്നെ ഡിഫന്‍ഡ് ചെയ്യാന്‍ സാധിച്ചു. ഞങ്ങള്‍ക്ക് ലഭിച്ച ക്ലീന്‍ ഷീറ്റുകള്‍ അതിന് തെളിവാണ്,’ നോര്‍ഡി പറയുന്നു.

ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പി.എസ്.ജിയുടെ വിജയം. മെസിയായിരുന്നു ടീമിന്റെ വിജയ ഗോള്‍ നേടിയത്. എട്ട് മത്സരത്തില്‍ നിന്നും ഏഴ് വിജയവും ഒരു സമനിലയുമാണ് പി.എസ്.ജി ലീഗ് വണ്ണില്‍ നേടിയത്.

ലിയോണിനെതിരായ മത്സരത്തിലെ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനും പി.എസ്.ജിക്കായി. ഒക്ടോബര്‍ രണ്ടിനാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. നൈസ് (Nice) ആണ് എതിരാളികള്‍.

Content Highlight: PSG defender Nordi Mukiele  about Messi and Neymar

We use cookies to give you the best possible experience. Learn more