| Saturday, 14th August 2021, 9:59 pm

മെസിക്ക് പിന്നാലെ റൊണോള്‍ഡോയും പി.എസ്.ജിയിലേക്ക്? എം.ആര്‍.എന്‍ ത്രയത്തിന് കോപ്പുകൂട്ടി ഫ്രഞ്ച് ക്ലബ്

സ്പോര്‍ട്സ് ഡെസ്‌ക്

പാരീസ്: മെസിയെ തങ്ങളുടെ കൂടാരത്തിലെത്തിച്ചതിന്റെ തൊട്ടുപിന്നാലെ തന്ത്രപ്രധാനമായ നീക്കത്തിനൊരുങ്ങുകയാണ് ഫ്രഞ്ച് വമ്പന്മാര്‍. ലോകഫുട്ബോളിലെ അതികായനായ റൊണോള്‍ഡോയേയും സ്വന്തമാക്കാനാണ് പി.എസ്.ജി ഒരുങ്ങുന്നത്.

സ്പാനിഷ് പത്രമായ ഡിയാറോ എ.എസ് ആണ് വാര്‍ത്തയെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

അടുത്ത വര്‍ഷം ആക്രമണ നിരയിലെ മുന്നേറ്റക്കാരന്‍ കിലിയന്‍ എംബാപെയുമായുള്ള പി.എസ്.ജിയുടെ കരാര്‍ അവസാനിക്കുകയാണ്. താരം റയല്‍ മാഡ്രിഡുമായി കരാറിലെത്തുമെന്നാണ് സൂചന. എംബാപെയ്ക്ക് പകരമാണ് റൊണോള്‍ഡോയെ ടീമിലെത്തിക്കാന്‍ പി.എസ്.ജി ശ്രമിക്കുന്നത്.

അടുത്ത വര്‍ഷത്തോടെ യുവന്റസുമായി റൊണോള്‍ഡോയുടെ കരാര്‍ അവസാനിക്കുകയാണ്. ഇതോടെ താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ടീം മാനേജ്മെന്റ്.

മെസിയും റൊണോള്‍ഡോയും നെയ്മറും ഉള്‍പ്പെടുന്ന സ്വപ്ന ഇലവന്‍ സൃഷ്ടിക്കാനാണ് പി.എസ്.ജി ചെയര്‍മാന്‍ നാസര്‍-അല്‍-ഖലീഫി ഒരുങ്ങുന്നത്. തന്റെ ഏറെ കാലത്തെ സ്വപ്നമാണ് ഇതെന്നും ഖലീഫി പറയുന്നു.

മെസിയും റൊണോള്‍ഡോയും ഒരേ ടീമില്‍ കളിക്കാന്‍ പോകുന്നു എന്ന അഭ്യൂഹം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല എന്നാല്‍ ഈ രീതിയില്‍ ഇതാദ്യമാണ് താനും.

ക്രിസ്റ്റ്യാനോയുടെ ഏജന്റായ ജോര്‍ജ് മെന്‍ഡിസ്, ‘അദ്ദേഹം എല്ലാ കാര്യങ്ങളെക്കുറിച്ചും ബോധവാനാണ്’ എന്നാണ് ഈ വാര്‍ത്തയോട് പ്രതികരിച്ചത്.

ഈ അടുത്താണ് ബാഴ്‌സലോണ വിട്ട ലയണല്‍ മെസി ഫ്രഞ്ച് ക്ലബായ പി.എസ്.ജിയില്‍ ചേര്‍ന്നത്. രണ്ട് വര്‍ഷത്തേക്ക് 35 മില്യണ്‍ യൂറോയ്ക്കാണ് പി.എസ്.ജി മെസിയുമായി കരാറിലേര്‍പ്പെട്ടത്.

മെസിയ്ക്കും നെയ്മറിനുമൊപ്പം റൊണോള്‍ഡോയും പി.എസ്.ജിയിലെക്കെത്തുമ്പോള്‍ പ്രതിരോധത്തിന്റെ ഏതു ഉരുക്കുകോട്ടയും ചീട്ടുകോട്ടാരം പോലെ തകര്‍ന്നടിയുമെന്നുറപ്പാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: PSG Cristiano Ronaldo Lionel Messi PSG Mbappe

We use cookies to give you the best possible experience. Learn more