ബയേണുമായി ഒരു കളി തോറ്റതൊക്കെ ശരി തന്നെ പക്ഷെ തിരിച്ചുവരാനുള്ള പണി ഞങ്ങൾ എടുക്കുന്നുണ്ട്; പി.എസ്.ജി കോച്ച്
football news
ബയേണുമായി ഒരു കളി തോറ്റതൊക്കെ ശരി തന്നെ പക്ഷെ തിരിച്ചുവരാനുള്ള പണി ഞങ്ങൾ എടുക്കുന്നുണ്ട്; പി.എസ്.ജി കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 17th February 2023, 8:11 pm

ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടർ മത്സരങ്ങളുടെ ആദ്യ പാദത്തിൽ ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിനെതിരെ പി. എസ്.ജി പരാജയം വരിച്ചിരുന്നു. മത്സരത്തിന്റെ അമ്പത്തിമൂന്നാം മിനിട്ടിൽ കിങ്‌സ്ലി കോമാൻ നേടിയ ഗോളിലായിരുന്നു ബയേൺ മത്സരം വിജയിച്ചത്.

മെസി, നെയ്മർ, എംബാപ്പെയടക്കമുള്ള സൂപ്പർ താരങ്ങളുണ്ടായിട്ടും ബയേണിന്റെ പ്രതിരോധനിര തകർക്കാൻ പി.എസ്.ജിക്ക് സാധിച്ചില്ല.
മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയതോടെ പി.എസ്.ജി താരങ്ങൾക്കും കോച്ചിനുമെതിരെ വലിയ വിമർശനങ്ങളാണ് ആരാധകർ ഉയർത്തുന്നത്.

എന്നാൽ ആദ്യപാദ മത്സരത്തിൽ പരാജയം രുചിച്ചെങ്കിലും രണ്ടാംപാദ മത്സരത്തിൽ മികവോടെ തിരിച്ചുവരുമെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് പി.എസ്.ജിയുടെ പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയർ. ലീഗ് വണ്ണിൽ ലോസ്ക് ലില്ലിക്കെതിരെയുള്ള മത്സരത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ചാമ്പ്യൻസ് ലീഗിൽ തങ്ങൾ തിരിച്ചു വരുമെന്ന് ഗാൾട്ടിയർ അഭിപ്രായപ്പെട്ടത്.

“ഞങ്ങൾ ഇപ്പോൾ മിണ്ടാതെയിരുന്ന് കഠിനാധ്വാനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ബയേണിനെതിരെ ആദ്യ പാദ മത്സരത്തിൽ പരാജയപ്പെട്ടതോടെ ഞങ്ങൾ ആകെ നിരാശയിലായിരുന്നു. പക്ഷെ ഇനിയും ഒരു രണ്ടാം പാദ മത്സരം കൂടി ബാക്കിയുണ്ട്.

ഞങ്ങളുടെ മുഴുവൻ സ്‌ക്വാഡിനെയും രണ്ടാം പാദ മത്സരത്തിനായി സെറ്റ് ചെയ്യുക എന്നതാണ് ഞങ്ങളുടെ മുന്നിൽ ഇപ്പോഴുള്ള ലക്ഷ്യം. ഇത് ടീമിനെ സംബന്ധിച്ച് നിർണായകമായ സമയമാണ്. മിണ്ടാതെയിരുന്ന് കഠിനാധ്വാനം ചെയ്യുക എന്നതാണ് ഞങ്ങളെ സംബന്ധിച്ച് ഇപ്പോൾ ചെയ്യാനുള്ളത്. അത് ഞങ്ങൾ ചെയ്യുകയും ചെയ്യും,’ ഗാൾട്ടിയർ പറഞ്ഞു.

ഇതുവരെ ഒരു ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമായിട്ടില്ലാത്ത പി.എസ്.ജിയെ സംബന്ധിച്ചിടത്തോളം ബയേണിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരം വളരെ നിർണായകമാണ്. മത്സരത്തിൽ പരാജയപ്പെട്ടാൽ ക്ലബ്ബിന് ഇനിയും ഒരു ചാമ്പ്യൻസ് ലീഗ് കിരീടത്തിനായുള്ള കാത്തിരിപ്പ് നീളും.

അതേസമയം നിലവിൽ ലീഗ് വണ്ണിൽ 23 മത്സരങ്ങളിൽ നിന്നും 17 വിജയങ്ങളോടെ 54 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പി.എസ്. ജി.


ഫെബ്രുവരി 19ന് ലോസ്ക് ലില്ലിക്കെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം. ലീഗിലെ ഒന്നാം സ്ഥാനം നിലനിർത്താൻ ക്ലബ്ബിന് ലോസ്കിനെതിരെയുള്ള മത്സരത്തിൽ വിജയം അനിവാര്യമാണ്.

 

Content Highlights: PSG coach Galtier said that they are preparing to defeat bayern