കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വാര്‍ത്തയാകുന്നതാണ് പി.എസ്.ജിയും എംബാപെയും നെയ്മറു തമ്മിലുള്ള പ്രശ്‌നങ്ങള്‍. ടീമില്‍ സൂപ്പര്‍താരങ്ങളുടെ ഇടയില്‍ ഈഗോ ക്ലാഷുണ്ടെന്നാണ് വാര്‍ത്തകള്‍.
ലീഗ് വണ്ണില്‍ രണ്ടാം മത്സരത്തില്‍ മോണ്ട്‌പെല്ലിയറിനെതിരെയുള്ള മത്സരത്തില്‍ പെനാല്‍ട്ടിയെ ചൊല്ലി നെയ്മറും എംബാപെയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. മത്സരത്തില്‍ ആദ്യം ലഭിച്ച പെനാല്‍ട്ടി എംബാപെ പുറത്തടിച്ച് കളഞ്ഞ സാഹചര്യത്തില്‍ രണ്ടാം പെനാല്‍ട്ടിക്ക് നെയ്മര്‍ മുന്‍കൈ എടുക്കുകയായിരുന്നു. എംബാപെ അതില്‍ തൃപ്തനല്ലായിരുന്നു. എന്നാല്‍ നെയ്മര്‍ അത് ഗോളാക്കി മാറ്റി. മത്സരത്തില്‍ പി.എസ്.ജി 5-2 എന്ന നിലയില്‍ വിജയിച്ചിരുന്നു.
ഈ അടുത്ത് നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ പെനാല്‍ട്ടി എടുക്കുന്നവരില്‍ പരിഗണന ആര്‍ക്കാണെന്ന് പി.എസ്.ജി കോച്ച് ക്രിസറ്റോഫ് ഗാല്‍ട്ടിയറിനോട് ചോദിച്ചിരുന്നു. അത് ഗ്രൗണ്ടിലെ സാഹചര്യമനുസരിച്ചാണെന്നും മോണ്ട്‌പെല്ലിയറിനെതിരെയുള്ള മത്സരത്തില്‍ അസാധാരണമായി ഒന്നും നടന്നിട്ടില്ലെന്നുമാണ് ഗാല്‍ട്ടിയര്‍ പറഞ്ഞത്.
‘പിച്ചില്‍ ആരാണെന്നതിനെ ആശ്രയിച്ച് പരിഗണന മാറുന്നു. മോണ്ട്‌പെല്ലിയറിനെതിരായ മത്സരത്തില്‍ എംബാപെയായിരുന്നു ഒന്നാം നമ്പര്‍ ഷൂട്ടര്‍. ഇതില്‍ രണ്ടാം നമ്പര്‍ ഷൂട്ടര്‍ നെയ്മറുമായിരുന്നു. രണ്ടാം പെനാല്‍ട്ടിയെടുക്കുന്നതിനിടയില്‍ ഒന്നും സംഭവിച്ചിട്ടില്ല. ഒരു ചര്‍ച്ച നടന്നു, അത് എടുക്കാന്‍ നെയ്മറാണ് നല്ലതെന്ന് തോന്നി,’ ഗാല്‍ട്ടിയര്‍ പറഞ്ഞു.
മെസിയും റാമോസുമാണ് ടീമിന്റെ മറ്റുഷൂട്ടര്‍മാരെന്നും. മത്സരത്തിന് മുമ്പ് തീരുമാനിച്ചതിനെ ബഹുമാനിക്കണമെന്നും എന്നാല്‍ മത്സരത്തില്‍ ഒരു സാഹചര്യം വന്നാല്‍ കളിക്കാര്‍ സ്മാര്‍ട്ട് ആകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരു ഷൂട്ടര്‍ എന്ന നിലയില്‍ മെസിയും റാമോസും ടീമിലുണ്ട്. മത്സരത്തിനുള്ള തയ്യാറെടുപ്പിനെയും, തീരുമാനങ്ങളെയും മാനിച്ചായിരിക്കണം കളത്തില്‍ ഇറങ്ങേണ്ടത്. പിന്നെ മത്സരത്തിന്റെ സാഹചര്യമാണ്, സാഹചര്യത്തിനനുസരിച്ച് സ്മാര്‍ട്ടാകേണ്ടത് കളിക്കാരാണ്. ടീംമേറ്റിന് കോണ്‍ഫിഡെന്‍സ് നല്‍കാനായി പെനാല്‍ട്ടിയും ഫ്രീകിക്കുമൊക്കെ വിട്ടുനല്‍കേണ്ട സാഹചര്യം വന്നാല്‍ അത് ചെയ്യണം,’ പി.എസ്.ജി കോച്ച് പറഞ്ഞു.
എംബാപെയെ വിമര്‍ശിക്കുന്ന ട്വീറ്റിന് നെയ്മര്‍ ലൈക്ക് ചെയ്തതാണ് പ്രശ്‌നം കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്. എന്നാല്‍ ഇരുവരും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് കോച്ചിന്റെ വാദം. അത് ശിയാകണം എന്നാണ് ആരാധകരുടെയും പ്രാര്‍ത്ഥന.