ലോകകപ്പ് വിജയത്തിന് ശേഷം പി.എസ്.ജി ക്യാമ്പില്‍ തിരിച്ചെത്തിയിരിക്കുകയാണ് സൂപ്പര്‍ താരം ലയണല്‍ മെസി. ഫിഫ ലോകകപ്പ് 2022 വിജയം ആഘോഷിച്ച ശേഷമാണ് മെസി അര്‍ജന്റീനയില്‍നിന്ന് പാരീസില്‍ തിരിച്ചെത്തിയത്.
ക്ലബ്ബ് ഫുട്‌ബോളില്‍ കളിക്കാനായി ഫ്രാന്‍സില്‍ തിരിച്ചെത്തിയ ലയണല്‍ മെസിക്ക് ആവേശകരമായ സ്വീകരണമായിരുന്നു പി.എസ്.ജി താരങ്ങള്‍ ഒരുക്കിയിരുന്നത്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയായിട്ടായിരുന്നു പി.എസ്.ജി താരങ്ങള്‍ മെസിയെ വരവേറ്റിരുന്നത്.
എന്നാല്‍ നാളെ ചാറ്റര്‍ബോക്‌സിനെതിരെയുള്ള മത്സരത്തില്‍ മെസി കളിക്കാനിറങ്ങില്ലെന്നാണ് പി.എസ്.ജി കോച്ച് ക്രിസ്റ്റോഫ് ഗാള്‍റ്റിയര്‍ പറയുന്നത്.
‘ലിയോ ഇന്നലെയും ഇന്നും പരിശീലിച്ചു. പക്ഷെ നാളെ കളിക്കില്ല. നാളത്തെ മത്സരത്തിന് ശേഷമുള്ള കളിയില്‍ നിന്ന് അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പാക്കുകയാണ് ടീമിന്റെ ലക്ഷ്യം. മെസി ചെയ്യാന്‍ പോകുന്ന കാര്യങ്ങളില്‍ ടീമിന് വലിയ പ്രതീക്ഷയുണ്ട്,’ ക്രിസ്റ്റോഫ് ഗാള്‍റ്റിയര്‍ പറഞ്ഞു.
നെയ്മറിനെക്കുറിച്ചും ഗാല്‍റ്റിയര്‍ പ്രതികരിച്ചു. ലോകകപ്പില്‍ പങ്കെടുത്ത എല്ലാ കളിക്കാരെയും പോലെ നെയ്മറിനെയും ടീമില്‍ നിന്ന് ഒഴിവാക്കിയത് ആസൂത്രിതമായിരുന്നുവെന്നും പരിക്കിന്റെ പിടിയിലുണ്ടായിരുന്ന താരത്തിന് കുറച്ചുകൂടി വിശ്രമം വേണ്ടിവരുമായിരുന്നെന്നും കിസ്റ്റോഫ് ഗാള്‍റ്റിയര്‍ പറഞ്ഞു.
അതേസമയം, ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിലെ കഴിഞ്ഞ മത്സരത്തില്‍ പി.എസ്.ജി ലെന്‍സിനെതിരെ വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. 3-1 എന്ന സ്‌കോറിനാണ് പാരിസ് വമ്പമ്മാരെ ലെന്‍സ് മുട്ട് കുത്തിച്ചത്.